ലഹരിവിമുക്ത കേരളത്തിനായി ഗാന്ധിജയന്തിയിൽ വിദ്യാർഥി പരിവർത്തന പരിപാടിക്ക് തുടക്കം കുറിക്കുന്നു
പടന്നക്കാട്: ലഹരിവിമുക്ത കേരളത്തിനായി ഗാന്ധിജയന്തിയിൽ വിദ്യാർഥി പരിവർത്തന പരിപാടിക്ക് തുടക്കം കുറിക്കുന്നു .ലഹരിക്കെതിരെ ഒന്നിച്ച് അണി ചേരുന്നതിന് നടക്കുന്ന സുദീർഘമായ കർമപരിപാടിയിലാണ് വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും അധ്യാപകരും പൊതു സമൂഹമാകെയും കൈകോർക്കുക . ലഹരിയുടെ കരിനിഴൽ സമൂഹത്തിൻ്റെ മുന്നോട്ടു പോക്കിനെ തടയുന്നതിനെതിരെയാണ് കേരളത്തിലെ 47 ലക്ഷം കുട്ടികളും അവരുടെ രക്ഷിതാക്കളും അധ്യാപകരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം ഒരു കോടി മുപ്പത് ലക്ഷം പേർ ഒന്നിച്ചണിചേരുക .
ഇതിൻ്റെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ അധ്യാപകർക്കും അർധ ദിന പരിശീലനം ലഭ്യമാക്കും .പൊതു വിദ്യാഭ്യാസ വകുപ്പ് , സമഗ്ര ശിക്ഷാ കേരളം, എസ് സി ഇ ആർ ടി, എക്സൈസ്, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പുകളുടെ ഏകോപനത്തോടെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
അധ്യാപക പരിശീലനത്തിന് മുന്നോടിയായി ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകർ, ബി പി സി മാർ ,ബി ആർ സി ട്രെയിനർമാർ, സി ആർ സി കോ-ഓർഡിനേറ്റർമാർ, ഡയറ്റ് ലക്ചറർമാർ, സ്പെഷ്യൽ എജുക്കേറ്റർമാർ എന്നിവർക്കുള്ള പരിശീലനം പടന്നക്കാട് എസ്എൻ ടി ടി ഐ ഓഡിറ്റോറിയത്തിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്സൺ കെ വി സുജാത ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ കെ രഘുറാം ഭട്ട് അധ്യക്ഷനായിരുന്നു. വിമുക്തി മിഷൻ ജില്ലാ മാനേജർ ഹരിദാസൻ പാലക്കൽ, വിമുക്തി ജില്ലാ കോ-ഓർഡിനേറ്റർ കെ സ്നേഹ, എക്സൈസ് പ്രിവൻ്റീവ് ഓഫീസർ എൻ ജി രഘുനാഥൻ, ഡോ.റിൻസ് മാണി, ഡോ. ഡാൽമിറ്റ നിയ ജയിംസ് എന്നിവർ സംസാരിച്ചു.സമഗ്ര ശിക്ഷാ ജില്ലാ പ്രോജക്ട് കോ- ഓർഡിനേറ്റർ പി രവീന്ദ്രൻ സ്വാഗതവും ഹൊസ്ദുർഗ് ബിപിസി കെ പി വിജയലക്ഷ്മി നന്ദിയും പറഞ്ഞു.വിവിധ സെഷനുകളിൽ എ പ്രസന്ന, അശോകൻ കുണ്ടംകുഴി, ടി കാസിം ,ബാലചന്ദ്രൻ എരവിൽ, കെ വി സുരേഷ്, പി വിജയകുമാർ, വി വി സുബ്രഹ്മണ്യൻ തുടങ്ങിയവർ ക്ലാസെടുത്തു.