
ബേക്കൽ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം : ചെലവ് ചുരുക്കാൻ വേറിട്ട വഴിയുമായി പാക്കം സ്കൂൾ*
*ബേക്കൽ ഉപജില്ല സ്കൂൾ ശാസ്ത്രോത്സവം : ചെലവ് ചുരുക്കാൻ വേറിട്ട വഴിയുമായി പാക്കം സ്കൂൾ*
പാക്കം : ബേക്കൽ ഉപജില്ല സ്കൂൾ ശാസ്ത്രോത്‌സവ നടത്തിപ്പിന്റെ ചെലവ് ചുരുക്കാൻ വേറിട്ട വഴികൾ സ്വീകരിച്ച് ശ്രദ്ധേയമാവുകയാണ് പാക്കം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ. പി ടി എ, എം പി ടി എ, എസ് എം സി, കുടുംബശ്രി എന്നിവയുടെ സഹകരണത്തോടെ വിപുലമായ പദ്ധതികളാണ് ഇതിനായി രൂപം നൽകിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി, അഞ്ച് മേളകളുടെ നടത്തിപ്പിനു വേണ്ടിവരുന്ന നൂറിലധികം ഫയൽ പാഡുകൾ മദർ പി ടി എ യുടെ നേതൃത്വത്തിൽ ഇന്ന് നിർമിച്ചു കഴിഞ്ഞു. ഈ വർഷം തുടക്കം മുതൽ നടന്നുവരുന്ന ‘സ്മാർട്ട് പാരന്റിംഗിന്റെ’ ഭാഗമായുള്ള സമഗ്ര രക്ഷാകർതൃ ശാക്തീകരണ പരിപാടിയിൽ ആറാമത്തെ പരിശീലനപരിപാടിയായാണ് ഫയൽ പാഡ് നിർമ്മാണം നടന്നത്. വിപണിയിൽ ഇരുപത് രൂപയോളം വിലവരുന്ന ഫയൽ പാഡ് കേവലം എട്ട് രൂപയ്ക്കടുത്ത് മാത്രം ചെലവഴിച്ചാണ് നിർമിച്ചിട്ടുള്ളത്. ഈയിനത്തിൽ ആയിരത്തി ഇരുനൂറ് രൂപ ആകെ ചെലവിനത്തിൽ കുറയ്ക്കാൻ ഈ ഒരു പരിപാടി കൊണ്ട് മാത്രം സാധിച്ചു. മദർ പി ടി എ അംഗവും ബേക്കൽ ബി ആർ സി സ്പെഷലിസ്റ്റ് അധ്യാപികയുമായ
പ്രിയാ സുധാകരൻ്റെ നേതൃത്യത്തിലാണ് ഫയൽ പാഡ് നിർമാണത്തിൽ പരിശീലനം നടത്തിയത്. തുടർന്ന്, എം പി ടി എ അംഗങ്ങൾ അത് ഏറ്റെടുക്കുകയായിരുന്നു. അവരെ സഹായിക്കാൻ എൻ എസ് എസ്, ജെ ആർ സി അംഗങ്ങൾ കൂടി തയ്യാറായതോടെ വെറും മൂന്ന് മണിക്കൂർ കൊണ്ട് ഉറപ്പും ആകർഷകവുമായ നൂറ് ഫയൽ പാഡുകൾ തയ്യാർ. ഹരിത പ്രോട്ടോകോൾ കർശനമായി നടപ്പിലാക്കികൊണ്ട് നടത്തുന്ന മേളയിൽ ഇതുപോലെ മറ്റ് പല കാര്യങ്ങളിലും വേറിട്ട മാതൃക കാട്ടാൻ തയ്യാറെടുക്കുകയാണ് എം പി ടി എ യും മറ്റ് പിന്തുണാ സംവിധാനങ്ങും. കുട, സോപ്പ്, സോപ്പ് പൊടി, ഹാൻ്റ് വാഷ്, ഹാർപ്പിക് എന്നിവയുടെ നിർമാണത്തിനുള്ള പരിശീലനം മുൻ മാസങ്ങളിൽ പൂർത്തിയാക്കിയിട്ടുള്ളതുകൊണ്ട് അവ വിപുലമായി നിർമിച്ച് മേളയുടെ ദിവസം സ്റ്റാൾ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ വരെ പദ്ധതികൾ തയ്യാറാക്കുന്നുണ്ട്. കുട്ടികൾക്കൊപ്പം രക്ഷിതാക്കളെയും സ്മാർട്ടാക്കുക എന്നതാണ് രക്ഷാകർതൃ ശാക്തീകരണ പരിപാടിയുടെ ആത്യന്തികമായ ലക്ഷ്യം.