മായാകാഴ്ചകളുടെ സൗന്ദര്യം തേടി പാഠശാലയുടെ വയനാട് യാത്ര.
മായാകാഴ്ചകളുടെ സൗന്ദര്യം തേടി പാഠശാലയുടെ വയനാട് യാത്ര.
കരിവെള്ളൂർ : കാഴ്ചകളുടെ അദ്ഭുതലോകം സമ്മാനിക്കുന്ന വയനാട്ടിലേക്ക് പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം നടത്തിയ പഠന യാത്ര വിനോദത്തോടൊപ്പം വിജ്ഞാനവും പകർന്നു. നെന്മേനി പഞ്ചായത്തിലെ അമ്പുകുത്തി മലയിലുളള എടക്കൽ ഗുഹകളിലേക്കുള്ള ട്രക്കിംഗിൽ എഴുപതിലെത്തിയ മാധവിയമ്മയടക്കം സജീവമായി പങ്കെടുത്തു. മനുഷ്യവാസത്തിന്റെ ആദി കേന്ദ്രങ്ങളിൽ ഒന്നായി കരുതാവുന്ന എടയ്ക്കൽ ഗുഹകളിലെ ശിലാലിഖിതങ്ങളും കല്ലിൽ കൊത്തിയ മരങ്ങളുടേയും മനുഷ്യരുടേയും രൂപങ്ങളും വിജ്ഞാന പ്രദമായ അനുഭവമായി.
കബനി നദി തീരത്തുള്ള പ്രകൃതി സൗന്ദര്യം നിറഞ്ഞ കുറുവ ദ്വീപ്,കബനിയുടെ തന്നെ കൈവഴികളിലൊന്നിൽ മണ്ണു കൊണ്ട് നിർമ്മിച്ച ഏഷ്യയിലെ ഏറ്റവും വലിയ അണക്കെട്ടുകളിലൊന്നായ ബാണാസുര സാഗർ , പൂക്കോട് ലക്കിടിയിലെ മലമുകളിലെ 25 ഏക്കറിൽ പരന്നു കിടക്കുന്ന ആദിവാസി പൈതൃക ഗ്രാമമായ എൻ ഊര് , പഴശ്ശി രാജാവിന്റെ ശവ കുടീരം സ്ഥിതി ചെയ്യുന്ന മാനന്തവാടിയിലെ പഴശ്ശി സ്മാരകം , മുത്തങ്ങ വന്യ ജീവി സങ്കേതം, തിരുനെല്ലി മഹാ വിഷ്ണു ക്ഷേത്രം , പഴശ്ശി സ്മാരകം , എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ 34 അംഗ യാത്രാ സംഘം സന്ദർശിച്ചു. സെക്രട്ടരി കൊടക്കാട് നാരായണൻ , പ്രകാശൻ എം.കെ., പി വി. വിജയൻ , പി.കുഞ്ഞമ്പു മാഷ് , ടി. കരുണാകരൻ നേതൃത്വം നൽകി.