
കണക്കിനെ കണക്കറ്റ് സ്നേഹിച്ച് കുട്ടിക്കൂട്ടം . കളിച്ചും ചിരിച്ചും കൂട്ടു കൂടി മാത് സ് ഒളിമ്പ്യാഡ്.
കണക്കിനെ കണക്കറ്റ് സ്നേഹിച്ച് കുട്ടിക്കൂട്ടം .
 കളിച്ചും  ചിരിച്ചും കൂട്ടു കൂടി മാത് സ് ഒളിമ്പ്യാഡ്.

കരിവെള്ളൂർ : അത്ര എളുപ്പത്തിൽ പിടി തരാത്ത കണക്കിനെ ചേർത്തു പിടിച്ചു കുട്ടിക്കൂട്ടം. ഭയന്നും നെറ്റി ചുളിച്ചും രക്ഷിതാക്കളുടെ കൈ പിടിച്ച് എത്തിയ കുട്ടികൾ  പുതിയ  കൂട്ടുകാരനായി കണക്കിനെ കിട്ടിയ ത്രില്ലിലാണ് മടങ്ങിയത്. പാലക്കുന്ന് പാഠശാല ഗ്രന്ഥാലയം ബാലവേദി സംഘടിപ്പിച്ച മാത് സ് ഒളിമ്പ്യാഡിലാണ് ഗണിത പഠനം രസകരമായ അനുഭവമായത്.   സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ഗവ. എൽ.പി. സ്കൂൾ  തളങ്കര പടിഞ്ഞാറിലെ അധ്യാപകനുമായ കൃഷ്ണ ദാസ് പലേരിയാണ് കണ്ടറിഞ്ഞും ചെയ്തറിഞ്ഞും കണക്കിനെ വരുതിയിലാക്കുന്ന സൂത്രം കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. കാൽ നൂറ്റാണ്ടായി നൂറിലധികം ഗണിത വിസ്മയ ക്യാമ്പുകൾ നടത്തിയ അനുഭവത്തിലൂടെ അദ്ദേഹം നയിച്ച ക്യാമ്പ്  എൽ.പി. തൊട്ട് ഹൈസ്കൂൾ തലം വരെയുള്ള  കുട്ടികൾക്കും അധ്യാപകർക്കും ഒപ്പം രക്ഷിതാക്കൾക്കും നവ്യാനുഭവമായി.   നൂറിലധികം മോഡലുകളും ബഹുവർണ ഫോം ബോർഡുകളും മേശപ്പുറത്ത് നിരത്തിയതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. പേടി പമ്പ കടന്നു. ആശയം മനസ്സിലാക്കിക്കൊണ്ട് ഗണിതം പഠിച്ചാൽ കടുപ്പമുള്ള സമവാക്യങ്ങൾ പോലും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയുമെന്ന് കുട്ടികൾ  അനുഭവത്തിലൂടെ തിരിച്ചറിഞ്ഞു.  ക്ലാസിനോടൊപ്പം  നടന്ന പ്രശ്നോത്തരിയിൽ അയ മുഹമ്മദ്,സൂര്യ കിരൺ .ഇ. ( ഇരുവരും എ.വി. സ്മാരക ഗവ.എച്ച് എസ് കരിവെള്ളൂർ ) – ഹൈസ്കൂൾ വിഭാഗം. അനന്ത് രാഗ്. വി.വി., സുകൃത് എച്ച്.എസ്. (ഇരുവരും ഗവ.യു.പി.എസ്. ചന്തേര ) – യു. പി.വിഭാഗം. ആയിഷത്തു നിസ (സെൻട്രൽ എ.എൽ.പി. എസ്. കരിവെള്ളൂർ ) – എൽ.പി.വിഭാഗം വിജയികളായി. ശശിധരൻ ആലപ്പടമ്പൻ ,ദേശീയ അധ്യാപക അവാർഡ് ജേതാവ് കൊടക്കാട് നാരായണൻ സംസാരിച്ചു.  കെ.പി. രാജശേഖരൻ സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു.
 പാലക്കുന്ന് പാഠശാല ഗ്രന്ഥാലയത്തിൽ നടന്ന ഗണിത ഒളിമ്പ്യാഡിൽ കൃഷ്ണദാസ് പലേരി .






 
					


 Loading ...
 Loading ...


