
നീലേശ്വരം നഗരസഭയുടെ പുതിയ ഓഫീസ് സമുച്ചയം ഉദ്ഘാടനം ഫെബ്രു. 26ന്
നീലേശ്വരം നഗരസഭയുടെ പുതിയ ഓഫീസ് സമുച്ചയം ഉദ്ഘാടനം ഫെബ്രു. 26ന്
നീലേശ്വരം പുഴയോരത്ത് കച്ചേരിക്കടവ് റോഡിൽ നഗരസഭ വിലയ്ക്ക് വാങ്ങിയ 75 സെന്റ് ഭൂമിയിൽ 30,000 ചതുര അടി വിസ്തൃതിയിലാണ് 11.3 കോടി രൂപ ചെലവിൽ മൂന്നുനില മന്ദിരത്തിൻ്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. 78 ലക്ഷം രൂപ ചെലവിൽ ഫർണിച്ചർ സൗകര്യമൊരുക്കും.
ആദ്യ രണ്ടു നിലകളിലായിട്ടായിരിക്കും വിവിധ സെക്ഷനുകളുടെ പ്രവർത്തനവും ഫ്രണ്ട് ഓഫീസ് സംവിധാനവും. വിവിധ ആവശ്യങ്ങൾക്കായി വരുന്ന പൊതുജനങ്ങൾക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഓഫീസിൽ സജ്ജീകരിച്ചിട്ടുണ്ട്. കൗൺസിൽ ഹാളിന് പുറമെ മറ്റ് യോഗങ്ങൾ ചേരുന്നതിനായി 250 പേർക്ക് ഇരിക്കാവുന്ന കോൺഫറൻസ് ഹാളും സ്ത്രീകൾക്കുള്ള പ്രത്യേക വിശ്രമ മുറിയും ഫീഡിങ് സെന്ററും ഒരുക്കിയിട്ടുണ്ട്.
കൃഷിഭവൻ, കുടുംബശ്രീ ഓഫീസുകൾ കൂടി ഇവിടെ പ്രവർത്തിച്ചു തുടങ്ങുന്നതോടെ പൊതുജനങ്ങൾക്ക് വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ലഭ്യമാകും. സേവന കാര്യക്ഷമത ഗണ്യമായി വർദ്ധിക്കും.
നഗരത്തിന്റെ ഭാവി വികസനം കൂടി കണക്കിലെടുത്താണ് മൂന്നാം നില നിർമ്മിച്ചിട്ടുള്ളത്.
രാജാ റോഡിൽ ട്രഷറി ജംഗ്ഷനിൽ നിന്ന് പുതിയ ഓഫീസ് സമുച്ചയം വരെ ഇൻ്റർലോക്ക് പാകിയ റോഡും നിർമ്മിച്ചിട്ടുണ്ട്.
2010ൽ നഗരസഭയായി മാറിയ ശേഷവും പഴയ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തനം തുടർന്ന നീലേശ്വരം നഗരസഭാകാര്യാലയം സ്ഥലപരിമിതിമൂലം വീർപ്പുമുട്ടുകയായിരുന്നു.
പുതിയ ആസ്ഥാനമന്ദിരത്തിലേക്ക് മാറുന്നതോടെ ഈ പ്രശ്നത്തിന് പരിഹാരമാകും.