തെരുവിൽ പ്രതിരോധത്തിന്റെ പടപ്പാട്ടുമായി കേരള എൻ.ജി.ഒ.യൂണിയൻ കലാജാഥ, “നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ” ചെറുവത്തൂരിൽ സമാപിച്ചു.
*തെരുവിൽ പ്രതിരോധത്തിന്റെ പടപ്പാട്ടുമായി കേരള എൻ.ജി.ഒ.യൂണിയൻ കലാജാഥ, “നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ” ചെറുവത്തൂരിൽ സമാപിച്ചു.
വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ നേർച്ചിത്രമായി ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ തെരുവിൽ നിറഞ്ഞാടി കേരള എൻ.ജി.ഒ യൂനിയൻ സംഘടിപ്പിക്കുന്ന കലാജാഥ “നമ്മൾ ഇന്ത്യയിലെ ജനങ്ങൾ ” ചെറുവത്തൂരിൽ സമാപിച്ചു. ഭിന്നിപ്പിന്റെയും വെറുപ്പിന്റെയും പ്രത്യയശാസ്ത്ര
പ്രചരണത്തിലൂടെ രാജ്യത്തിന്റെ ബഹുസ്വരത തകർക്കുന്നതിനെതിരെ , ശാസ്ത്രബോധത്തിനു മുകളിൽ കെട്ടുകഥകളും മിത്തുകളും പ്രതിഷ്ഠിച്ച് കലാപം തീർക്കുന്നതിനെതിരെ, രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതിനെതിരെ നാടകങ്ങളിലൂടെയും സംഗീത ശിൽപ്പങ്ങളിലൂടെയും മൂന്നു ദിവസങ്ങളിലായി,തെരുവിൽ പ്രതിരോധത്തിന്റെ അരങ്ങ് ഒരുക്കുകയായിരുന്നു എൻ.ജി.ഒ.യൂനിയന്റെ കലാകാരൻമാർ .
അന്ധവിശ്വാസങ്ങളുടെ കെട്ടുകാഴ്ചകൾക്കെതിരെ പ്രതികരിക്കുന്ന ‘പരിണാമ സിദ്ധാന്തം’ എന്ന നാടകം, വർത്തമാനകാല കേരളത്തിലെ രാഷ്ട്രിയജീർണതകൾ തുറന്നുകാട്ടുന്ന ‘ചായ ‘, ‘കരിങ്കുരങ്ങ് ‘ എന്നീ സ്കിറ്റുകൾ, കേന്ദ്ര അവഗണനയ്ക്കെതിരെ കേരളത്തിന്റെ പ്രതിരോധം വരച്ചുകാട്ടുന്ന ‘സമരസാക്ഷ്യം’, നവോത്ഥാന കേരളത്തിന്റെ അടയാളപ്പെടുത്തലുമായി ‘മനുഷ്യ പക്ഷം’ എന്നീ സംഗീത ശിൽപ്പങ്ങളുമാണ് കലാജാഥയെ സമ്പന്നമാക്കുന്നത്.
കെ.വി.രമേശൻ മാനേജരും പി.വി. മഹേഷ്കുമാർ ക്യാപ്റ്റനുമായ ജാഥയിൽ പ്രകാശ് ചന്തേര,ശ്രീലാൽ.കെഎസ് ,അഖിൽഎരവിൽ , സുനിത പി.പി., ലസിത എ, ഹേമലത. ടി.വി, നിഷാന്ത്. എ, അനിത എം,
ജിഷ. കെ , സുധാലക്ഷ്മി ടി.കെ, ചിത്ര.എം, സുരാഗ് .കെ, അനിൽകുമാർ കെ എന്നിവർ അരങ്ങിൽ അണിനിരന്നു. ജാഥാ പര്യടനത്തിന് എൻ.ജി.ഒ യൂനിയ ജില്ലാ സെക്രട്ടറി കെ. ഭാനുപ്രകാശ്, പ്രസിഡണ്ട് വി. ശോഭ എന്നിവർ നേതൃത്വം നൽകി.
പൊള്ളുന്ന യാഥാർത്ഥ്യങ്ങൾ വിളിച്ചു പറഞ്ഞ് ജില്ലയിൽ പര്യടനം നടത്തിയ കലാജാഥ ചെറുവത്തൂരിൽ സമാപിച്ചു. വെറുപ്പിന്റെ പ്രത്യയശാസ്ത്രവാഹകർക്ക് ഈ നാടിനെ വിട്ടുകൊടുക്കാൻ ഒരുക്കമല്ലെന്ന് പ്രഖ്യാപിക്കുന്ന കലാജാഥ ജില്ലയിലെ 13 കേന്ദ്രങ്ങളിലായി നൂറുകണക്കിന് ആളുകളോട് സംവദിച്ചിട്ടാണ് ഇന്ന് ചെറുവത്തൂരിൽ സമാപിച്ചത്. മൃഗങ്ങളുടെ പേരിൽ പോലും മതം തിരയുന്നവർക്ക് മുന്നിൽ ,പൊരുതുന്ന കേരളത്തിന്റെ ചിത്രം വരച്ച് കാട്ടുന്ന നാടകവും സംഗീത ശിൽപ്പങ്ങളുമെല്ലാം ജനമനസ്സുകളിലേക്ക് ആഴത്തിൽ പതിപ്പിക്കാൻ കലാകാരൻമാർക്ക് കഴിഞ്ഞു.
എൻ.ജി.ഒ.യൂണിയൻ കാസർഗോഡ് ജില്ലാക്കമ്മറ്റി കലാ ട്രൂപ്പ് ഒരുക്കിയ ‘നാം ഇന്ത്യയിലെ ജനങ്ങൾ ‘ കലാജാഥ പര്യടനം ഫെബ്രുവരി 25ന് പരപ്പയിൽ നിന്നും പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡൻ്റ് വിനയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്ത് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിപാടികൾ അവതരിപ്പിച്ച ശേഷമാണ് ചെറുവത്തൂരിൽ സമാപിച്ചത്. സ്വീകരണ കേന്ദ്രങ്ങളിലൊക്കെ, തൊഴിലാളികളും കർഷകരും ജീവനക്കാരും ഒരേ മനസ്സോടെ നെഞ്ചേറ്റിയ ജാഥയെ ചെറുവത്തൂരിലെ സമാപന പരിപാടിയിലും വലിയൊരു ജനകീയ സദസ്സ് വരവേറ്റു. സംഘാടക സമിതി ചെയർമാൻ കെ.നാരായണൻ്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സംസ്ഥാന വൈ: പ്രസിഡൻ്റ് ടി.പി.ഉഷ. സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.കലാകാരൻമാർക്ക് ഉപഹാരം നൽകി.യൂണിയൻ ജില്ലാ സെക്രട്ടറി ഭാനുപ്രകാശ് ,
ജില്ലാ കലാവേദി കൺവീനർ കെ വി രമേശൻ,ഉണ്ണികൃഷ്ണൻ കണ്ണങ്കുളം എന്നിവർ സംസാരിച്ചു.