
മാലിദ്വീപ് മാടി വിളിക്കുന്നു , ചീമേനി ഫെസ്റ്റിലേക്ക്*
*മാലിദ്വീപ് മാടി വിളിക്കുന്നു , ചീമേനി ഫെസ്റ്റിലേക്ക്*
ചീമേനി:മേടച്ചൂടിന്റെ പാരമ്യതയിലും മകര മാസക്കുളിരുപകർന്ന് മഴയിൽ കുളിച്ചു നിൽക്കുന്ന മാലിദ്വീപു തന്നെയാണ് ചീമേനി ഫെസ്റ്റ് നഗരയിലെ വിസ്മയക്കാഴ്ചകളിൽ ഒന്നാമത് .കാറ്റും കുളിരും ആസ്വദിച്ച് ദ്വീപ് പാലത്തിലൂടെയുള്ള സ്വപ്ന സഞ്ചാരത്തിനായി കുടുംബസമേതം ഫെസ്റ്റിന് എത്തുന്നവരുടെ തിരക്ക് അനുദിനം കൂടി വരികയാണ്. പാലത്തിന്റെ ഇരു കരകളിലുമുള്ള ത്രീഡി ദൃശ്യങ്ങളും വെള്ളത്തിൽ പ്രതിബിംബിക്കുന്ന വിദൂരക്കാഴ്ചക്കളും സഞ്ചാരികൾക്ക് സമ്മാനിക്കുന്ന അനുഭൂതി ചെറുതല്ല. ദ്വീപിൽ നിന്നും മുന്നോട്ടു പോയാൽ കാണുന്ന ഗോസ്റ്റ് ഹൗസിന്റെ ഇരുണ്ട അറകളിൽ നിന്നും ചാടി വീഴുന്ന പ്രേതങ്ങൾ ഭയപ്പെടുത്താൻ നോക്കുമ്പോൾ പേടിച്ചോടുന്നതിനു പകരം ഭാവനാ ലോകത്തെ പ്രേതങ്ങളെ കുട്ടുകാരായി
ഒപ്പംകൂട്ടാൻ കച്ചകെട്ടിത്തന്നെയാണ് ധൈര്യശാലികളായ
ന്യൂജെൻ പിള്ളേർ എത്തുന്നത്.
പിന്നീട് വ്യാപാര വിപണന സ്റ്റാളുകൾ കയറിയിറങ്ങി ഫുഡ്കോർട്ടിൽ നിന്ന് സ്വാദിഷ്ഠമായ വിഭവങ്ങളും കഴിച്ച് വിശാലമായ ഗ്രൗണ്ടിലേക്കിറങ്ങിയാൽ അമ്യസ്മെന്റ് റൈഡുകളിലെ കേമൻ ജയന്റ് വീലും, സാഹസികതയുടെ പര്യായമായ മരണക്കിണറും തലയുയർത്തി നിൽക്കുന്നതുകാണാം. ഒപ്പം വൈവിധ്യമാർന്ന പതിനാലിൽപ്പരം റൈഡുകൾ വേറെയും.
രാത്രി ഒമ്പതരയോടെ ആരംഭിക്കുന്ന കലാ പരിപാടികൾ കാണാനായിമാത്രം ടിക്കറ്റെടുത്തെത്തുന്നവരും ഉണ്ട്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികവു തെളിയിച്ച കുരുന്നു പ്രതിഭകളുടെ ക്ലാസിക്കൽ നൃത്തയിനങ്ങൾക്കൊപ്പം കലാമണ്ഡലം നന്ദന അവതരിപ്പിച്ച ഓട്ടംതുള്ളലും ഫെസ്റ്റിന്റെ അഞ്ചാം ദിനം അരങ്ങിലെത്തി.
ആറാം ദിനമായ *ഇന്ന് രാത്രി 9.30 ന്* പ്രണയ വിരഹ ഗാനങ്ങൾക്കൊപ്പം അടിപൊളിപ്പാട്ടുകളും കോർത്തിണക്കിയ *പാട്ടു മാലയുമായി കൊല്ലം ഷാഫി* വേദിയിലെത്തും.