വായനാ വിപ്ലവവുമായി ഹൊസ്ദുർഗ് താലൂക്കിലെ കുട്ടികൾ മധ്യവേനലവധിയിൽ വായിച്ചത് 18434 പുസ്തകങ്ങൾ! തെക്കെ മാണിയാട്ട് അനശ്വര ലൈബ്രറിക്ക് വായന വെളിച്ചം പുരസ്കാരം

വായനാ വിപ്ലവവുമായി ഹൊസ്ദുർഗ് താലൂക്കിലെ കുട്ടികൾ

മധ്യവേനലവധിയിൽ വായിച്ചത് 18434 പുസ്തകങ്ങൾ!

തെക്കെ മാണിയാട്ട് അനശ്വര ലൈബ്രറിക്ക് വായന വെളിച്ചം പുരസ്കാരം

കാഞ്ഞങ്ങാട്: മധ്യവേനൽ അവധിക്കാലത്ത് ഹൊസ്ദുർഗ് താലൂക്കിലെ കുട്ടികൾ വായിച്ചത് 18434 പുസ്തകങ്ങൾ! സമാനതകളില്ലാത്ത വായനാമുന്നേറ്റവുമായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിലാണ് 210 ഗ്രന്ഥശാലകളിലൂടെ വേറിട്ട മാതൃക പകർന്നത്.
മധ്യവേനൽ അവധിക്കാലത്ത് കുട്ടികളുടെ വായനയ്ക്ക് അവധിയില്ലെന്ന സന്ദേശമുയർത്തി നടന്ന വായന വെളിച്ചം പദ്ധതിയിൽ പിലിക്കോട് ഗ്രാമപഞ്ചായത്തിലെ തെക്കെ മാണിയാട്ട് അനശ്വര റീഡിംഗ് റൂം ആൻ്റ് ലൈബ്രറി മികച്ച ഗ്രന്ഥാലയത്തിനുള്ള പുരസ്കാരം നേടി ഒന്നാമതെത്തി.ഈ ഗ്രന്ഥാലയത്തിൽ ഏപ്രിൽ, മെയ് മാസങ്ങളിൽ പുസ്തകം വായിക്കാനെത്തിയത് 61 കുരുന്നുകൾ.1441 പുസ്തകങ്ങൾ വായിച്ച് 1402 വായനാക്കുറിപ്പുകളെഴുതി ഇവിടത്തെ കുട്ടികൾ വായനയിലൂടെ വെളിച്ചം വിതറി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്സി.അംഗമായിരുന്ന മടിക്കൈ അമ്പലത്തുകരയിലെ പരേതനായ എ നാരായണൻ മാസ്റ്ററുടെ സ്മരണാർത്ഥം കുടുംബാംഗങ്ങൾ ഏർപ്പെടുത്തിയതാണ് മികച്ച ഗ്രന്ഥശാലയ്ക്കുള്ള പുരസ്കാരം.


പ്രാദേശിക ഭേദമേതുമില്ലാതെ താലൂക്കിലെ 90 ശതമാനം ഗ്രന്ഥശാലകളും വിജയകരമായി ഏറ്റെടുത്ത വായനാ വെളിച്ചം ചരിത്രത്തിൽ അടയാളപ്പെടുത്തേണ്ട സാംസ്കാരിക ഇടപെടലായി. ഓരോ ഗ്രന്ഥശാലകളിലും കുട്ടികളുടെ വായനാക്കൂട്ടം രൂപീകരിച്ചും ചുമതലക്കാരായി ഓരോ കൺവീനറെ തെരഞ്ഞെടുത്തും കൊണ്ടായിരുന്നു പ്രവർത്തന തുടക്കം.ഹയർ സെക്കൻ്ററി വരെയുള്ള കുട്ടികൾ നിർബ്ബന്ധമായും വായിച്ചിരിക്കേണ്ട നൂറോളം പുസ്തകങ്ങളുടെ പട്ടികയും ലഭ്യമാക്കി. ഗ്രന്ഥശാലകളിൽ രണ്ടു മാസം എട്ട് ആഴ്ചകളിലായി കുട്ടിക്കൂട്ടം പുസ്തകവായനയ്ക്കായി ഒത്തുചേർന്നു. വായിച്ച പുസ്തകങ്ങളുടെ കുറിപ്പെഴുത്തും പുസ്തക ചർച്ചകളും കൊണ്ട് തെരഞ്ഞെടുപ്പിൻ്റെ ചൂടിനിടയിലും ഗ്രന്ഥശാലകൾ അവധിയില്ലാതെ കുട്ടികളെ വരവേൽക്കാൻ തുറന്നുകിടന്നു. സാഹിത്യകാരൻമാരും സാംസ്കാരിക പ്രവർത്തകരും ഗ്രന്ഥശാലകളിൽ നിറസാന്നിധ്യങ്ങളായി കുരുന്നുകൾക്കൊപ്പം അക്ഷരവെളിച്ചത്തിൽ കൈകോർത്തു നിന്നു.പ്രകൃതിയിടങ്ങളായ കടലോരവും കായലോരവും കുന്നിൻ പുറങ്ങളും വയൽക്കരയും തൊട്ട് പുരവഞ്ചികൾ വരെ വായനയ്ക്കുള്ള ഇടങ്ങളായി മാറി. സർഗവേനൽ എന്ന പേരിൽ അച്ചാംതുരുത്തി ശ്രീനാരായണ ഗ്രന്ഥാലയത്തിൽ കുട്ടികളുൾപ്പെടെ 600 പേർ പങ്കെടുത്ത താലൂക്കുതല കൂടിച്ചേരലും അവിസ്മരണീയമായി.രണ്ട് മാസക്കാലയളവിൽ 200 പുസ്തകം വരെ വായിച്ച കുട്ടികളുണ്ടായിരുന്നുവെന്നത് പദ്ധതിയിലെ എടുത്തു പറയേണ്ടുന്ന സവിശേഷതയായി.

മികവ് തെളിയിച്ച മറ്റ് ഗ്രന്ഥശാലകൾക്കുള്ള വായന വെളിച്ചം പ്രോത്സാഹന പുരസ്കാരം കൊടക്കാട് വലിയപൊയിൽ പാട്യം ഗ്രന്ഥാലയം, അമ്മിഞ്ഞിക്കോട് അഴീക്കോടൻ ഗ്രന്ഥാലയം, പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയം, ഉളിയംകടവ് പി കോരൻ മാസ്റ്റർ ഗ്രന്ഥാലയം എന്നിവ കരസ്ഥമാക്കി.


മികച്ച കൺവീനറായി പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയത്തിലെ കെ കെ നാരായണനെ തെരഞ്ഞെടുത്തു.പി പി കരുണാകരൻ (കൈരളി ഗ്രന്ഥാലയം തടിയൻ കൊവ്വൽ), എ കെ സുശീല (ദേശാഭിമാനി മടിക്കൈ മുണ്ടോട്ട്), പി പ്രവീൺ (ഇ എം എസ് മാടക്കാൽ), കെ വി പ്രീത ( എ കെ ജി ഓരി) എന്നിവർ കൺവീനർമാർക്കുള്ള പ്രോത്സാഹന പുരസ്കാരങ്ങൾക്ക് അർഹരായി. മികച്ച കൈയെഴുത്ത്, ഡിജിറ്റൽ മാഗസിനുകൾക്കുള്ള പുരസ്‌കാരം പള്ളിക്കര വിദ്യാപോഷിണി ഗ്രന്ഥാലയം നേടി. കക്കാട്ട് തൂലിക ,മൈത്താണി ചൂരിക്കാടൻ കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയം, നീലേശ്വരം തെരു സാമൂഹ്യക്ഷേമം, കാരിയിൽ ശ്രീകുമാർ ഗ്രന്ഥാലയങ്ങൾ പ്രോത്സാഹന പുരസ്കാരങ്ങൾക്ക് അർഹരായി. ഏഴ് ഗ്രന്ഥാലയങ്ങളിലെ പതിനഞ്ച് കുട്ടികൾ മികച്ച വായനക്കാർക്കുള്ള പുരസ്കാരം പങ്കിട്ടു.


ജൂലൈ 7 ന് രാവിലെ 9.30ന് വായനപക്ഷാചരണ സമാപന സമ്മേളനത്തിൽ പുരസ്കാരങ്ങൾ സമ്മാനിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമൻ പുരസ്കാര സമർപ്പണ ചടങ്ങ് ഉദ്ഘാടനം ചെയ്യും. നോവലിസ്റ്റ് പി വി ഷാജികുമാർ അവാർഡ് ദാനം നിർവഹിക്കും. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ ഐ വി ദാസ് അനുസ്മരണ പ്രഭാഷണം നടത്തും.


139 ഗ്രന്ഥശാലകളാണ് പുരസ്കാര നിർണയ അപേക്ഷകൾ സമർപ്പിച്ചത്.രണ്ടാഴ്ചക്കാലം വിധി നിർണയ പ്രവർത്തനങ്ങൾ നടത്തി. താലൂക്കിലെ 35 ഗ്രന്ഥശാലകൾ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് കാഴ്ചവെച്ചതെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ, സെക്രട്ടറി വി ചന്ദ്രൻ ,താലൂക്ക് ബാലവേദി കോഡിനേറ്റർ സുനിൽ പട്ടേന, പുരസ്കാര സമിതി ചെയർമാൻ ഡോ.കെ വി സജീവൻ, അംഗങ്ങളായ കെ എൻ മനോജ് കുമാർ, ഫറീന കോട്ടപ്പുറം, അനീഷ് വെങ്ങാട്ട് എന്നിവർ അറിയിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close