അപ്പങ്ങളെമ്പാടും ചുട്ടമ്മായി …… അയ്യപ്പൻ്റമ്മാ നെയ്യപ്പം ചുട്ടു ” തുടങ്ങിയ അപ്പപ്പാട്ടുകൾ പാടി കൊതിയൂറും പലഹാരങ്ങൾ നിരത്തി കുട്ടികളുടെ പലഹാരമേള. പടന്ന ജി യു പി സ്കൂളിലെ മൂന്നാം തരത്തിലെ കുട്ടികളാണ് പഠന പ്രവർത്തനങ്ങളെ രുചിയും കൊതിയുമൂറുന്ന അനുഭവങ്ങളുടെ ഉത്സവമാക്കിത്തീർത്തത്.അപ്പങ്ങളും പലഹാരങ്ങളുമായി അമ്പതോളം വിഭവങ്ങൾ നിരത്തിയ മേളയുടെ ഉദ്ഘാടകയെ കണ്ടപ്പോൾ കുട്ടികൾക്കും കൗതുകമായി.സ്കൂളിൽ എന്നും ഉച്ചഭക്ഷണം തയാറാക്കി തരുന്ന പാചക തൊഴിലാളി സി വി പ്രേമജയായിരുന്നു ഉദ്ഘാടക.
പടന്ന: “അപ്പങ്ങളെമ്പാടും ചുട്ടമ്മായി …… അയ്യപ്പൻ്റമ്മാ നെയ്യപ്പം ചുട്ടു ” തുടങ്ങിയ അപ്പപ്പാട്ടുകൾ പാടി കൊതിയൂറും പലഹാരങ്ങൾ നിരത്തി കുട്ടികളുടെ പലഹാരമേള. പടന്ന ജി യു പി സ്കൂളിലെ മൂന്നാം തരത്തിലെ കുട്ടികളാണ് പഠന പ്രവർത്തനങ്ങളെ രുചിയും കൊതിയുമൂറുന്ന അനുഭവങ്ങളുടെ ഉത്സവമാക്കിത്തീർത്തത്.അപ്പങ്ങളും പലഹാരങ്ങളുമായി അമ്പതോളം വിഭവങ്ങൾ നിരത്തിയ മേളയുടെ ഉദ്ഘാടകയെ കണ്ടപ്പോൾ കുട്ടികൾക്കും കൗതുകമായി.സ്കൂളിൽ എന്നും ഉച്ചഭക്ഷണം തയാറാക്കി തരുന്ന പാചക തൊഴിലാളി സി വി പ്രേമജയായിരുന്നു ഉദ്ഘാടക.
മൂന്നാം തരം മലയാളത്തിലെ ‘പലഹാരപ്പൊതി’ എന്ന പാഠഭാഗത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടായിരുന്നു
‘ അപ്പങ്ങളെമ്പാടും’ എന്ന പേരിൽ സംഘടിപ്പിച്ച പലഹാരമേള.പലതരം ദോശകൾ, പിട്ടുകൾ, എണ്ണക്കടികൾ, ഇറച്ചി, പച്ചക്കറികൾ, പാൽ, ഔഷധമൂല്യമുള്ള ഇലകൾ അരച്ചു ചേർത്ത വിഭവങ്ങൾ ,കുംസുകൾ തുടങ്ങിയവ വാഴയുടെ തളിരിലകളിൽ നിരത്തിവെച്ചപ്പോൾ കൊതിനിറഞ്ഞ കാഴ്ചയായി മാറി. മുത്തിൾ ദോശ, മുട്ട ദോശ, മുത്താറി ദോശ, ചെറുപയർ ദോശ,റവ ദോശ, തക്കാളി ദോശ, കുരുമുളക് ദോശ, മുരിങ്ങയില ദോശ തുടങ്ങിയവ ദോശയുടെ വൈവിധ്യം കാട്ടിത്തന്നു. ക്യാരറ്റ്, മുട്ട, ഈത്തപ്പഴം, തേങ്ങ, ബ്രഡ്, റവ, പിസ്ത എന്നിവയായിരുന്നു കുംസ് വിഭവങ്ങൾ. പഴയകാലത്തെ പ്രധാന വിഭവങ്ങളായ ചെറൂള കഞ്ഞിയും പാലും മുട്ടയും ഉറപ്പിച്ചതും പുതിയ തലമുറയ്ക്ക് പരിചിതമല്ലായിരുന്നു. പോഷകസമൃദ്ധമായ പലഹാരങ്ങളുടെ പ്രാധാന്യവും പലഹാര വൈവിധ്യവും ഓർമപ്പെടുത്തിക്കൊണ്ടുള്ള മേളയിൽ അപ്പപ്പാട്ടുകളും പലഹാര പഴഞ്ചൊൽപ്പാട്ടുകളുമായി കുട്ടികൾ ചുവടുവെച്ചു. പലഹാര നിർമാണ പതിപ്പ്, പലഹാരപ്പാട്ട് ശേഖരണം എന്നിവയും ഇതിൻ്റെ ഭാഗമായി നടന്നു.സ്കൂളിലെ ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിലായിരുന്നു പലഹാരമേളയൊരുക്കിയത്.
പ്രഥമാധ്യാപകൻ എ ലുക്മാൻ അധ്യക്ഷനായി. പി ടി എ വൈസ് പ്രസിഡൻ്റ് ഇ പി പ്രകാശൻ, സീനിയർ അസിസ്റ്റൻ്റ് ടി വി അനിൽകുമാർ, ഇക്കോ ക്ലബ്ബ് കോഡിനേറ്റർ പി വേണുഗോപാലൻ, കെ സുരേശൻ, കെ പ്രമോദ്, എൻ കെ സന്തോഷ് , യു വി ബീന, രതീപ് കാനങ്കര എന്നിവർ സംസാരിച്ചു.
ജി യുപി സ്കൂളിൽ സംഘടിപ്പിച്ച പലഹാര മേള സ്കൂളിലെ പാചക തൊഴിലാളി സി വി പ്രേമജ ഉദ്ഘാടനം ചെയ്യുന്നു