
പപ്പുവും ലക്ഷ്മിയും മാത്രമല്ല , കേശവദേവും ….ഓണാഘോഷം പൊടിപൊടിച്ചു .
പപ്പുവും ലക്ഷ്മിയും മാത്രമല്ല , കേശവദേവും ….ഓണാഘോഷം പൊടിപൊടിച്ചു .
ഉദിനൂർ : ഉദിനൂർ സെൻട്രൽ എയുപി സ്കൂളിൽ ഓണാഘോഷത്തിനിടയിൽ ഒരു പുസ്തകചർച്ച. ആറാംതരം ഭാഷാപുസ്തകത്തിലെ പി കേശവദേവിൻറെ കഥ ‘ ഓടയിൽ നിന്ന് ‘ എന്ന കൃതിയാണ് ചർച്ചചെയ്യപ്പെട്ടത്. ചാനൽ ഷോ രൂപത്തിൽ നടന്ന പരിപാടിയ്ക്കിടയിൽ കേശവദേവും പപ്പുവും ലക്ഷ്മിയുമായി കുട്ടികളെത്തി സദസ്സിനോട് സംവദിച്ചപ്പോൾ കൂടിനിന്നവർക്കെല്ലാം കൗതുകം. പത്രപ്രവർത്തകരും ചലച്ചിത്രപ്രതിഭകളും വായനക്കാരും എഴുത്തുകാരും സാമൂഹ്യപ്രവർത്തകരും മോഡറേറ്ററും ആയി മുപ്പതോളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. നോവൽ ചലച്ചിത്രമായപ്പോൾ കൈവന്ന ജനകീയത ,സിനിമാലോകത്ത് കാലാനുസൃതമായി വന്ന മാറ്റങ്ങൾ , കഥാപാത്രങ്ങളുടെ മാനസീകസംഘർഷങ്ങൾ , മാനവികത , സ്നേഹം തുടങ്ങി വ്യത്യസ്ത തലങ്ങളിലൂടെ കുട്ടികൾ കൃതിയെ നോക്കിക്കണ്ടത് ചർച്ചയുടെ മികവായി.ഇതിനെല്ലാം ഉപരിയായി ഓണാഘോഷവേളയിൽ നൂതനവും വ്യത്യസ്തവുമായ പഠനപ്രവർത്തനം കുട്ടികളേറ്റെടുത്തതിൻറെ സന്തോഷത്തിലാണ് വിദ്യാലയം . വിദ്യാലയചരിത്രത്തിൽ തന്നെ പുസ്തകചർച്ചസമ്മേളനം ഇതാദ്യം .