ഭക്തിനിര്‍ഭരമായി നാള്‍മരം മുറിയും പാലമുറിക്കലും
ഭക്തിനിര്‍ഭരമായി നാള്‍മരം മുറിയും പാലമുറിക്കലും
അനുഷ്ഠാനങ്ങളുടെ സമന്വയമാണ് പെരുങ്കളിയാട്ടങ്ങളുടെ സൗന്ദര്യം.നീണ്ട 17 സംവത്സരങ്ങള്‍ക്കു ശേഷം പെരുങ്കളിയാട്ടം നടക്കുന്ന നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം ഭഗവതി ക്ഷേത്രത്തില്‍ ഭക്തിനിര്‍ഭരമായി നാള്‍മരം,പാല എന്നിവ മുറിച്ചെടുക്കല്‍ ചടങ്ങു നടന്നു.
ക്ഷേത്രം കോയ്മ ഹരിറാം കോണത്തിന്റെ പറമ്പില്‍ നിന്നുമാണ് ആചാരപ്പെരുമയോടെ നാള് മരം മുറിച്ചത്. അരങ്ങിലിറങ്ങിയ കോമരങ്ങള്‍ അന്തിത്തിരിയനും കാരണവന്മാര്ക്കും വിവിധ ക്ഷേത്രങ്ങളിലെ ആചാര സ്ഥാനികര്‍ക്കും വാല്യക്കാര്ക്കുമൊപ്പം ജന്മാശാരിയെയും കൂട്ടിയാണ് കഴകത്തില്‍ നിന്ന് ചടങ്ങിനെത്തിയത്.
സര്‍വചരാചരങ്ങളോടും അനുമതി തേടി ഗണപതിയെ പ്രീതിപ്പെടുത്തി മൂലപ്പള്ളി കൊല്ലന് തറവാട്ടിലെ സുരേശന്റെ നേതൃത്ത്വത്തില്‍ മരത്തില്‍ കൊത്തിട്ടു.തുടര്‍ന്നാണ് മരം മുറിച്ചെടുത്തത്.പ്രശ്നവിധിയാല്‍ തെരഞ്ഞെടുത്ത് അചാരപൂര്വ്വം മുറിച്ചെടുത്ത ഈ പ്ലാവില്‍ നിന്നുമാണ് കേണമംഗലത്ത് ഭഗവതിയുടെ പീഠം നിര്‍മ്മിക്കുന്നത്.ബാക്കി വരുന്ന ഭാഗങ്ങള്‍ ഉപയോഗിച്ചാണ് സമാപന ദിവസത്തിന് തലേന്നാള്‍ ഭഗവതിയുടെ അന്തിത്തോറ്റത്തിന് ശേഷം വാല്യക്കാര്‍ക്ക് കൈയ്യേല്‍ക്കാന്‍ ക്ഷേത്രത്തിനു ചുറ്റും 101 മേലേരി തീര്‍ക്കുന്നത്.
തുടര്‍ന്നാണ് പൂവാലംകൈ ആയിക്കോടന് രാഘവന് നായരുടെ പറമ്പില്‍ നിന്നും പാലമരം മുറിച്ചെടുത്തത്.പെരുങ്കളിയാട്ട ദിവസങ്ങളില്‍ അന്നദാനത്തിനായി ക്ഷേത്രത്തിലേക്ക് എത്തിച്ചേരുന്ന അരിയും പച്ചക്കറിയും ഉള്‍പ്പടെയുള്ള മുഴുവന്‍ സാധനങ്ങളും പരിശുദ്ധിയോടെയും കരുതലോടെയും സൂക്ഷിക്കുന്നതിനാണ് കന്നിക്കലവറ തയ്യാറാക്കുന്നത്.ഈ കന്നിക്കവലറയ്ക്കും അചാരപന്തലിനുമൊക്കെ കട്ടിലയും തുണുകളും വാതിലുകളുമൊക്കെ പാലമരത്തിലാണ് നിര്‍മ്മിക്കുന്നത്.പ്രസ്തുത ആവശ്യത്തിനായാണ് ആചാരപരമായി പ്രതിപുരുഷന്മാരും ആചാരക്കാരും കുറിയിട്ട് പാലമരം മുറിച്ചെടുക്കുന്നത്.
മുറിച്ചെടുത്ത മരങ്ങള്‍ നിലംതൊടാതെ വാല്യക്കാര് ചുമലിലേറ്റി വാദ്യമേളങ്ങളുടെ അകമ്പടിയോടെ കഴകത്തില്‍ എത്തിച്ചു.വിവിധ ക്ഷേത്രങ്ങളില്‍ നിന്നുള്ള ആചാരസ്ഥാനികരുടേയും ക്ഷേത്രഭാരവാഹികളുടേയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.2025 മാര്‍ച്ച് 4 മുതല്‍ 9 വരെയാണ് ക്ഷേത്രത്തില്‍ പെരുങ്കളിയാട്ടം നടക്കുന്നത്