
തലമുറകളുടെ കഥ പറഞ്ഞ് മലയാളത്തിലെ എഴുത്തു വഴിയെ പൊലിപ്പിച്ച എം.ടി. സാഹിത്യത്തിലെ അർത്ഥ ദീർഘമായ ദ്വയാക്ഷരമാണെന്ന് പ്രമുഖ പ്രഭാഷകൻ ഡോ. വത്സൻ പിലിക്കോട് അഭിപ്രായപ്പെട്ടു.
എം.ടി: അർത്ഥദീർഘമായ ദ്വയാക്ഷരം
ഡോ. വത്സൻ പിലിക്കോട്
ചെറുവത്തൂർ: തലമുറകളുടെ കഥ പറഞ്ഞ് മലയാളത്തിലെ എഴുത്തു വഴിയെ പൊലിപ്പിച്ച എം.ടി. സാഹിത്യത്തിലെ അർത്ഥ ദീർഘമായ ദ്വയാക്ഷരമാണെന്ന് പ്രമുഖ പ്രഭാഷകൻ ഡോ. വത്സൻ പിലിക്കോട് അഭിപ്രായപ്പെട്ടു. പിലിക്കോട് വയൽ പി.സി.കെ.ആർ അടിയോടി കലാസമിതി & ഗ്രന്ഥാലയം സംഘടിപ്പിച്ച എം.ടി. അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യരുടെ മനോവ്യഥകളെയും ആത്മ സംഘർഷങ്ങളെയും കാമ്പുള്ള വായനയുടെ വിഷയങ്ങളാക്കി മാറ്റുന്നതിൽ എം.ടി. ക്കുള്ള കഴിവ് അദ്വിതീയമാണ്. ഒറ്റപ്പെടലിൻ്റെ വേദനയനുഭവിക്കുന്ന മനുഷ്യരുടെ നോവും വേവും അർത്ഥപൂർണ്ണമായി വരച്ചു കാട്ടുക വഴി എഴുത്തിനെ ജീവിത ഗന്ധിയായ വ്യവഹാരമാക്കി മാറ്റാനും എം.ടി. ക്കു സാധിച്ചു. കാലത്തോടൊപ്പം സഞ്ചരിക്കുന്ന ഭാവനയാണ് എം.ടി.യുടെ തൂലികയുടെ പ്രത്യേകത അദ്ദേഹം പറഞ്ഞു. ചരിത്രത്തെ വേറിട്ട വീക്ഷണ കോണിലൂടെ സമീപിക്കാൻ എം.ടിക്കുള്ള കഴിവ് തെളിയിക്കുന്നതാണ് അദ്ദേഹത്തിൻ്റെ മിക്ക തിരക്കഥകളും. തൻ്റെ എഴുത്തിലൂടെ യുവ മനസ്സുകളുമായി താദാത്മ്യം പ്രാപിക്കാനും എം.ടി.ക്ക് സാധിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വായനശാലാ പ്രസിഡണ്ട് പി.ടി. രാജേഷ് അധ്യക്ഷത വഹിച്ചു. അഖിൽ ചന്ദ്രൻ, ടി. പ്രശാന്ത്, പി.സതീശൻ എന്നിവർ സംസാരിച്ചു. വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ എം.ടി. സിനിമകളിലെ ഗാനങ്ങളുടെ അവതരണവും നടന്നു.