കൂട്ടക്കനി ജിയുപി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ചിറക്കാൽ തോടരികിൽ സംഘടിപ്പിച്ച തണ്ണീർത്തട ദിനാചരണം ആനന്ദ് പേക്കടം ഉദ്ഘാടനം ചെയ്തു
കൂട്ടക്കനി: തണ്ണീർത്തടങ്ങളിൽ ഉത്തരേന്ത്യയിൽ നിന്ന് ദേശാടകനായി വിരുന്നെത്തിയ നാക മോഹനെയുംഏഴും എട്ടും പേർ ചേർന്ന് കൂട്ടത്തോടെ ആഹ്ലാദത്തിൽ പറന്നുയരുന്ന കരിയിലക്കിളിയെയും കണ്ട് കുട്ടികളുടെ മനസ്സിൽ വിസ്മയച്ചിറകടി. ജൈവവൈവിധ്യത്തെ തൊട്ടറിഞ്ഞ്, നീർപ്പക്ഷികളെയും നാട്ടു പക്ഷികളെയും കണ്ടറിഞ്ഞ് കൂട്ടക്കനി ഗവ. യു പി സ്കൂളിലെ കുട്ടിപ്പടയാണ് ലോക തണ്ണീർത്തട ദിനാചരണത്തിൻ്റെ
ഭാഗമായി പക്ഷിനിരീക്ഷണത്തിലേർപ്പെട്ടത്.
ഹരിതമേലാപ്പുകൾ തലയുയർത്തി നിൽക്കുന്ന വിദ്യാലയാങ്കണം തൊട്ട് രണ്ടു കിലോമീറ്റർ അപ്പുറത്തുള്ള പൂച്ചക്കാട് ചിറക്കാൽ തോട് വരെയായിരുന്നു ഹരിതപാതയാത്രയും പക്ഷി നിരീക്ഷണവും. താഴമ്പൂ പൂത്തുനിൽക്കുന്ന പൂക്കൈതകളും നൂറുകണക്കിന് ചെറു പക്ഷികളും വിവിധയിനം നീർപ്പക്ഷികളും ചിറക്കാൽ തോടരികിലെ മനം മയക്കുന്ന കാഴ്ചകളായി. പർപ്പിൾ ഹാരോൺ, മഞ്ഞക്കറുപ്പൻ, ബുൾബുൾ, കത്രിക വാലൻ, ഓലേഞ്ഞാലി, തേൻ കുരുവി, ചെമ്പോത്ത്, കിംഗ്ഫിഷർ, തത്ത, മരംകൊത്തി, വിവിധയിനം കൊക്കുകൾ തുടങ്ങിയവയെ നിരീക്ഷണത്തിലൂടെ തിരിച്ചറിഞ്ഞു കുട്ടികൾ. തോടും വയലുമുൾപ്പെടുന്ന തണ്ണീർത്തടമാകെ ജൈവസമ്പന്നതയുടെ വിളനിലമാണെന്നതിൻ്റെ അടയാളങ്ങളായി ഓരോന്നിനെയും നിരീക്ഷിച്ചപ്പോൾ. പഴയ കാലത്ത് നൂറുകണക്കിന് തത്തകൾ ഒന്നിച്ച് പറന്നുയർന്ന കാഴ്ചയും ഇടവിടാതെ നിരയായി പച്ചപ്പുപടർത്തി സമൃദ്ധി വിരിയിച്ച കൈതക്കൂട്ടങ്ങളുടെ പഴയ കാലവും കുട്ടികൾക്ക് ഹരിതപ്രതാപത്തെ ഓർത്തെടുത്ത അനുഭവമായി. നാടുണരും മുമ്പേയുള്ള കുട്ടികളുടെ പ്രകൃതി നിരീക്ഷണ യാത്ര നാട്ടുകാരിലും കൗതുകക്കാഴ്ചയായി.
പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ആനന്ദ് പേക്കടം തണ്ണീർത്തട ദിനാചരണം ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകൻ അനൂപ് കുമാർ കല്ലത്ത്, രാജേഷ് കൂട്ടക്കനി, പി വേണുഗോപാലൻ എന്നിവർ സംസാരിച്ചു.
ജിയുപി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ ചിറക്കാൽ തോടരികിൽ സംഘടിപ്പിച്ച തണ്ണീർത്തട ദിനാചരണം ആനന്ദ് പേക്കടം ഉദ്ഘാടനം ചെയ്യുന്നു