
മനസ്സ് മനസ്സിനോട് മന്ത്രിക്കാൻ ദമ്പതീ സംഗമം
*മനസ്സ് മനസ്സിനോട്* *മന്ത്രിക്കാൻ ദമ്പതീ* സംഗമം
ചീമേനി: ദാമ്പത്യത്തിൻ്റെ സ്നേഹതാളം ഊട്ടിയുറപ്പിച്ച് കൗൺസിലിംഗും കലാകായികമേളയുമായി ദമ്പതീ സംഗമം.കയ്യൂർ – ചീമേനി ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയായ ആരോഗ്യ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി കയ്യൂർ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും ചീമേനി ജനകീയാരോഗ്യകേന്ദ്രത്തിൻ്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു സംഗമം.
കിഴക്കേക്കര റെഡ് സ്റ്റാർ ആർട്സ് സ്പോർട്സ് ക്ലബ്,റെഡ്സ്റ്റാർ ഗ്രന്ഥാലയം എന്നിവയുടെ സഹകരണത്തോടെ ചീമേനി കിഴക്കേക്കര ജനകീയാരോഗ്യ കേന്ദ്രത്തിൽ വെച്ച് സംഘടിപ്പിച്ച ദമ്പതീസംഗമവും കൗൺസിലിംഗ് ക്ലാസും ഏറെ ശ്രദ്ധേയമായി.. സംഗമം പതിനൊന്നാം വാർഡ് മെമ്പർ എം ശ്രീജ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ കെ.ടി ലത അധ്യക്ഷയായിരുന്നു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി പ്രസീത സ്വാഗതവും ജൂനിയർ പബ്ലിക്ക് നെഴ്സ് പിപി പ്രസന്ന നന്ദിയും പറഞ്ഞു. റെഡ്സ്റ്റാർ ക്ലബ്ബ് സെക്രട്ടറി പി പി ബിജു, ഗ്രന്ഥാലയം സെക്രട്ടറി കെ ഷിബിൻ,ഹെൽത്ത് ഇൻസ്പെക്ടർ കെ രാജീവൻ എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ അഡോൾസെന്റ് കൗൺസിലർ പ്രജീഷ് മോൻ കൗൺസിലിംഗ് ക്ലാസെടുത്തു.പരസ്പരം മനസ്സിലാക്കുകയും വിശ്വസിക്കുകയും ചെയ്യുകയും കുറ്റപ്പെടുത്തലുകൾക്കപ്പുറത്ത് പരസ്പരം അഭിനന്ദിക്കുകയും തർക്കങ്ങൾ പരമാവധി ഒഴിവാക്കുകയും യോജിച്ച തീരുമാനങ്ങൾ എടുക്കുകയും കുടുംബത്തോടൊപ്പം കൂടുതൽ ചെലവഴിക്കാൻ സമയം കണ്ടെത്തുകയും ചെയ്യുക എന്നതും ദാമ്പത്യ ജീവിതത്തിൻ്റെ ദൃഢത വർദ്ധിപ്പിക്കുന്ന ഘടകങ്ങളാണ് എന്ന ബോധ്യപ്പെടുത്തലായി കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ദമ്പതീസംഗമം മാറി. തുടർന്ന് തിമിരിയിലെ ദമ്പതികളുടെ കലാ ട്രൂപ്പ് അവതരിപ്പിച്ച കൈകൊട്ടിക്കളിയും ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഏ.വി ശ്രീജിത്ത്, എം എൽ എസ് പി നെഴ്സ് പി.പി. ദിവ്യ, ആശ വർക്കർമാരായ പി.ശാന്ത, എ മഞ്ജുള എന്നിവരുടെ നേതൃത്വത്തിൽ ദമ്പതികളുടെ വിവിധ കലാ -കായിക മത്സരങ്ങളും സംഘടിപ്പിച്ചു.