
കുട്ടികളുടെ അവധിക്കാല വായന പരിപോഷണത്തിനായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ആവിഷ്ക്കരിച്ച തനത് പദ്ധതിയായ വായന വെളിച്ചത്തിന് ഏപ്രിൽ 1 ( ചൊവ്വാഴ്ച) തുടക്കമാകും. പദ്ധതിയുടെ ഉദ്ഘാടനം വൈകിട്ട് 3.30ന് പ്രശസ്ത നോവലിസ്റ്റ് അംബികാസുതൻ മാങ്ങാട് നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.പള്ളിക്കര പീപ്പിൾസ് റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയുടെ സഹകരണത്തോടെ കേണമംഗലം കഴകം രംഗ മണ്ഡപത്തിലാണ് ഉദ്ഘാടന ചടങ്ങ്.
നീലേശ്വരം: കുട്ടികളുടെ അവധിക്കാല വായന പരിപോഷണത്തിനായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ആവിഷ്ക്കരിച്ച തനത് പദ്ധതിയായ വായന വെളിച്ചത്തിന് ഇന്ന് ( ചൊവ്വാഴ്ച) തുടക്കമാകും. പദ്ധതിയുടെ ഉദ്ഘാടനം വൈകിട്ട് 3.30ന് പ്രശസ്ത നോവലിസ്റ്റ് അംബികാസുതൻ മാങ്ങാട് നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.പള്ളിക്കര പീപ്പിൾസ് റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയുടെ സഹകരണത്തോടെ കേണമംഗലം കഴകം രംഗ മണ്ഡപത്തിലാണ് ഉദ്ഘാടന ചടങ്ങ്.
മധ്യവേനൽ അവധിക്കാലത്ത് കുട്ടികളെ മൊബൈൽ ഫോണിൻ്റെയും ടെലിവിഷൻ്റെയും ടാബിൻ്റെയും മുന്നിൽ തളച്ചിടാതെ പുസ്തകവായനയുടെ വിശാലമായ ലോകത്തേക്ക് നയിക്കുന്ന വായന വെളിച്ചം ഇക്കുറി മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്. ഓരോ വർഷവും കൂടുതൽ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന ഈ പദ്ധതിയിൽ ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിലുള്ള കുട്ടികളാണ് അണി ചേരുന്നത്.താലൂക്ക് പരിധിയിലെ 235 ഗ്രന്ഥശാലകളിലും ഇതിന് മുന്നോടിയായി കുട്ടികളുടെ സർവേ, പ്രമോ വീഡിയോ നിർമാണം എന്നിവ ആരംഭിച്ചു കഴിഞ്ഞു. ഏപ്രിൽ 1 മുതൽ മെയ് 31 വരെയുള്ള കാലയളവിൽ താലൂക്ക് പരിധിയിലെ ഓരോ കുട്ടിയെയും തൊട്ടടുത്ത ഗ്രന്ഥശാലകളിലെത്തിച്ച് അക്ഷരങ്ങളുടെ കൂട്ടുകാരാക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. രണ്ട് മാസത്തിനകം ഓരോ ഗ്രന്ഥശാലയിലെ ചുരുങ്ങിയത് എട്ട് വായനക്കൂട്ടങ്ങളെങ്കിലും ചേർന്ന് കുട്ടികൾക്ക് വായിക്കാൻ പുസ്തകങ്ങൾ നൽകും. വായിച്ച പുസ്തകങ്ങളെപ്പറ്റി വായനാ കുറിപ്പുകളെഴുതി അവർ തൊട്ടടുത്ത വായനാക്കൂട്ടത്തിൽ അവതരിപ്പിക്കും. പുസ്തക ചർച്ചകൾ നടക്കും.അതോടൊപ്പം വായിച്ച പുസ്തകങ്ങളുടെ വ്യത്യസ്തങ്ങളായ ആവിഷ്ക്കാരങ്ങളായി ലഘുനാടകങ്ങൾ,
ഏകപാത്ര നാടകങ്ങൾ,റീൽസ്, വീഡിയോകൾ, റീഡിംഗ് തിയറ്റർ, മോണോആക്റ്റ്, കഥാപ്രസംഗം, ചിത്രരചന തുടങ്ങിയവയും വായനാനുബന്ധ പ്രവർത്തനങ്ങളെ വർണാഭമാക്കും. കൈയെഴുത്ത്, ഡിജിറ്റൽ മാഗസിനുകൾ പുറത്തിറക്കും.പ്രകൃതിയിടങ്ങൾ പശ്ചാത്തലമായി വരുന്ന കടലോരം, കായലോരം,പുഴയോരം, കുന്നിൽപുറം, കാവുകൾ, കുളപ്പടവുകൾ, വയലുകൾ തുടങ്ങിയവയിലേക്കൊക്കെ വായനായാത്രകൾ സംഘടിപ്പിച്ച് അവിടം വായനയ്ക്കായി ഉപയോഗപ്പെടുത്തും.
കുട്ടികളുടെ വായനാക്കൂട്ടങ്ങളുടെ ചടങ്ങുകളുടെ നിയന്ത്രണം അവർക്ക് തന്നെയാകും. അതിഥികളായെത്തുന്ന കലാസാംസ്കാരിക പ്രവർത്തകരും ജനപ്രതിനിധികളും ലൈബ്രറി കൗൺസിൽ പ്രതിനിധികളും ഒരു സാഹിത്യകൃതി പരിചയപ്പെടുത്തിക്കൊണ്ടാകും പ്രഭാഷണം നടത്തുക. പ്രവർത്തനങ്ങൾ സമയബന്ധിതമായും കൃത്യതയോടെയും നടത്തുന്നതിനായി താലൂക്കിലെ നാല് കേന്ദ്രങ്ങളിലായി ഗ്രന്ഥശാലകളിലെ വായന വെളിച്ചം കൺവീനർമാർക്കായി പരിശീലനം നൽകിക്കഴിഞ്ഞു. ഗ്രന്ഥശാലകളിൽ രക്ഷിതാക്കളുടെ പ്രത്യേക യോഗങ്ങളും നടന്നുവരികയാണ്.
മികച്ച പ്രവർത്തനം നടത്തുന്ന ഗ്രന്ഥശാലകൾ, കൺവീനർമാർ, തനതായതും വേറിട്ടതും ആകർഷകവുമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഗ്രന്ഥശാലകൾ, മികച്ച ഡോക്യുമെൻഡേഷനുകൾ എന്നിവയ്ക്ക് താലൂക്ക് തലത്തിൽ പുരസ്കാരങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്ന കുട്ടികളെ വായന പക്ഷാചരണക്കാലത്ത് അനുമോദിക്കും. മെയ് 31 ന് പദ്ധതിക്ക് തിരശ്ശീല വീഴും.
അംബികാസുതൻ മാങ്ങാട് കുട്ടികളുമായി സംവദിച്ച് പുസ്തകങ്ങൾ നൽകിക്കൊണ്ടായിരിക്കും ഉദ്ഘാടനം നിർവഹിക്കുക.
പത്രസമ്മേളനത്തിൽ ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലൻ, ബാലവേദി താലൂക്ക് കോഡിനേറ്റർ സുനിൽ പട്ടേന, സംഘാടക സമിതി ജോ. കൺവീനർ കെ മോഹനൻ, ലൈബ്രറി കൗൺസിൽ നീലേശ്വരം മേഖല സമിതി കൺവീനറും അക്കാദമിക് കമ്മിറ്റി അംഗവുമായ കെ കെ നാരായണൻ എന്നിവർ പങ്കെടുത്തു.