
വെള്ളൂരിലെ കർഷക – കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ആദ്യകാല പ്രവർത്തകനും അധ്യാപക പ്രസ്ഥാനത്തിൻ്റെ നേതാവും പ്രമുഖ സഹകാരിയും മികച്ച കർഷകനും സാമൂഹ്യ പ്രവർത്തകനുമായ പി പി ഭാസ്ക്കരൻ മാസ്റ്റർ (90) അന്തരിച്ചു.
എന്റെ നാടിതെന്ന ചിന്ത…
പ്രിയപ്പെട്ട മാഷ് പോയി.
*പി പി ഭാസ്ക്കരൻ മാസ്‌റ്റർ*
വെള്ളൂരിലെ കർഷക – കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ ആദ്യകാല പ്രവർത്തകനും അധ്യാപക പ്രസ്ഥാനത്തിൻ്റെ നേതാവും പ്രമുഖ സഹകാരിയും മികച്ച കർഷകനും സാമൂഹ്യ പ്രവർത്തകനുമായ പി പി ഭാസ്ക്കരൻ മാസ്റ്റർ (90) അന്തരിച്ചു.
വാസു എന്ന അപരനാമത്തിലാണ് ആദ്യകാലത്ത് രാഷ്ട്രീയ പ്രവർത്തനം നടത്തിയിരുന്നത്. സി പി ഐ എം ൻ്റെ അവിഭക്ത പയ്യന്നൂർ ലോക്കൽ കമ്മിറ്റിയിലും, വെള്ളൂർ ലോക്കൽ കമ്മിറ്റിയിലും അംഗമായിരുന്നു. മികച്ച കർഷകൻ കൂടിയായ മാഷ് കർഷക സംഘം പയ്യന്നൂർ ഏരിയാ പ്രസിഡണ്ടായും ജില്ലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു.
വെള്ളൂരിലെ സഹകരണ സ്ഥാപനങ്ങളായ വെള്ളൂർ സർവ്വീസ് സഹകരണ ബേങ്ക്, ക്ഷീരോൽപാദക സഹ. സംഘം, പയ്യന്നൂർ ബ്ലോക്ക് കോഴി വളർത്തൽ സഹകരണ സംഘം, വീവേഴ്സ് സൊസൈറ്റി തുടങ്ങിയവ വളർത്തിയെടുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു. വ്യതസ്ത ഘട്ടങ്ങളിൽ ഈ സ്ഥാപനങ്ങളുടെയെല്ലാം പ്രസിഡണ്ടായിരുന്നു. പയ്യന്നൂർ സഹകരണ ആശുപത്രിയുടെയും പയ്യന്നൂർ കോളേജിൻ്റെയും ഭരണ സമിതിയിൽ നീണ്ടകാലം പ്രവർത്തിച്ചിട്ടുണ്ട്. മികച്ച സഹകാരിക്കുള്ള പുരസ്ക്കാരവും മാഷ്ക്ക് ലഭിക്കുകയുണ്ടായി.
ജനത ചാരിറ്റബ്ൾ സൊസൈറ്റിയുടെ മുഖ്യ ശിൽപ്പികളിലൊരാളാണ്.
ഏച്ചിലാംവയൽ ഗ്രാമീണ ഗ്രന്ഥാലയത്തിൻ്റെ സ്ഥാപകരിലൊരാളായ മാഷ് വെള്ളൂർ ജവഹർ വായനശാല & ലൈബ്രറിയുടെ വളർച്ചയിലും നിർണ്ണായകമായ പങ്ക് വഹിച്ചിരുന്നു. തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ജോ. സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
2000- 2005 കാലയളവിൽ പയ്യന്നൂർ നഗരസഭ പൊതു മരാമത്ത് സ്ഥിരം സമിതി അധ്യക്ഷനായിരുന്നു.
വെള്ളൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൻ്റെ വിവിധ ഘട്ടങ്ങളിലുള്ള വികസന പ്രവർത്തനങ്ങളിലെല്ലാം മാഷുടെ നേതൃത്വപരമായ പങ്കാളിത്തം ഉണ്ടായിരുന്നു.
വെള്ളൂരിൻ്റെ പ്രാദേശിക വികസനപ്രവർത്തനങ്ങളിലും നാട്ടു മധ്യസ്ഥങ്ങളിലും ജനകീയ കൂട്ടായ്മകളിലും മാഷുടെ തനതായ സംഭാവനകൾ നിരവധിയാണ്.
1955 ൽ പോത്താങ്കണ്ടം സ്കൂളിൽ ഏകാധ്യാപകനായി. അധ്യാപനത്തിനൊപ്പം തുടർപഠനം നടത്തി 1963 ൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി അധ്യാപകനായി. ഭാഷാ അധ്യാപക സംഘടനയുടെ സംസ്ഥാന ജോ. സെക്രട്ടറിയായും കെ ജി ടി എ യുടെ സംസ്ഥാന കമ്മിറ്റി അംഗമായും ദീർഘകാലം പ്രവർത്തിച്ചിരുന്നു. 1990 ൽ പയ്യന്നൂർ ഗവ. ബോയ്സ് ഹൈസ്കൂളിൽ നിന്നാണ് വിരമിച്ചത്.
സർവ്വീസിൽ നിന്ന് വിരമിച്ച ശേഷം സർവ്വീസ് പെൻഷൻകാരുടെ പ്രധാന സംഘാടകനായി. കെ എസ് എസ് പി യുടെ സംസ്ഥാന കമ്മിറ്റി അംഗമായും ജില്ലാ രക്ഷാധികാരിയായും പ്രവർത്തിച്ച മാഷ് പയ്യന്നൂരിലെയും വെള്ളൂരിലെയും പെൻഷൻ ഭവനുകൾ നിർമ്മിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചു.
ഇപ്പോൾ സി പി ഐ (എം) വെള്ളൂർ ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്.
ഭാര്യ ടി സരോജിനി (റിട്ട: ടീച്ചർ കോറോ ദേവീ സഹായം യു.പി. സ്കൂൾ)
മക്കൾ: ഡോ. ടി. വനജ (പ്രൊഫസർ ആന്റ് അസോസിയേറ്റ് ഡയരക്ടർ ഓഫ് റിസർച്ച് കേരള കാർഷിക സർവ്വകലാശാല പിലിക്കോട്),
ടി കാഞ്ചന (കൊടക്കാട് കേളപ്പജി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ),
ടി അജയകുമാർ (കൈക്കോട്ട് കടവ് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ), പരേതയായ വിമല.
മരുമക്കൾ:
ബാലകൃഷ്ണൻ ചെല്ലട്ടോൻ വീട്ടിൽ (റിട്ട: എഞ്ചിനിയർ യു എസ് എ)
കെ പി പ്രഭാകരൻ (റിട്ട. ചീഫ് മാനേജർ ഫെഡറൽ ബേങ്ക്)
സൗമ്യ കെ (എടനാട് യു പി സ്കൂൾ)
സഹോദരങ്ങൾ:
പി. പി കമലാക്ഷി അമ്മ
പി. പി. കരുണാകരൻ മാസ്റ്റർ.