
ലൈബ്രറി കൗൺസിൽ ബാലവേദി മെൻ്റർ മാർക്ക് പരിശീലനം ബുധനാഴ്ച തുടങ്ങും
ലൈബ്രറി കൗൺസിൽ ബാലവേദി മെൻ്റർ മാർക്ക് പരിശീലനം ബുധനാഴ്ച തുടങ്ങും
തൃക്കരിപ്പൂർ:മലയാളം പഠിക്കാം വായനയെ വരവേൽക്കാം എന്ന ലക്ഷ്യത്തോടെ കുട്ടികളെ പുസ്തകവായനയുടെ ലോകത്തേക്ക് നയിക്കാൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിലിൻ്റെ ആഹ്വാന പ്രകാരം ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ മൂന്ന് കേന്ദ്രങ്ങളിൽ ബാലവേദി മെൻ്റർമാർക്ക് ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ഒരു ഗ്രന്ഥശാലയിൽ നിന്ന് ഒരു മെൻ്ററാണ് പങ്കെടുക്കുക.
ഏപ്രിൽ 16ന് ബുധനാഴ്ച രാവിലെ 9.30ന് തൃക്കരിപ്പൂർ കെ എം കെ സ്മാരക കലാസമിതി ഹാളിൽ കെ ചന്ദ്രശേഖരൻ സ്മാരക ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിശീലനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം മനു ഉദ്ഘാടനം ചെയ്യും.
ഏപ്രിൽ 17ന് തുരുത്തി നിലമംഗലം ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിശീലനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ ഉദ്ഘാടനം ചെയ്യും. ആലിനപ്പുറം കൈരളി ഗ്രന്ഥാലയമാണ് പരിപാടിക്ക് ആതിഥ്യമരുളുന്നത്.
17 ന് കിഴക്കുംകര മുച്ചിലോട്ട് ജി എൽ പി സ്കൂളിൽ ശാന്തികലാമന്ദിരം ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ നടത്തുന്ന പരിശീലനം ഗ്രന്ഥാലോകം മാസിക പത്രാധിപർ പി വി കെ പനയാൽ ഉദ്ഘാടനം ചെയ്യും.
പരിശീലനത്തിൽ താലൂക്കിലെ മുഴുവൻ ഗ്രന്ഥശാലകളുടെയും പങ്കാളിത്തം ഉറപ്പു വരുത്തണമെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് പി വേണുഗോപാലനും സെക്രട്ടറി വി ചന്ദ്രനും അഭ്യർത്ഥിച്ചു.