
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെവായന വെളിച്ചം പുരസ്കാരങ്ങൾ സമ്മാനിച്ചു
ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെവായന വെളിച്ചം പുരസ്കാരങ്ങൾ സമ്മാനിച്ചു
നീലേശ്വരം: കുട്ടികളുടെ വായനയുടെ മുന്നേറ്റ ചരിത്രത്തിൽ പുതിയൊരധ്യായം രചിച്ച ഗ്രന്ഥശാലകൾക്ക് അനുമോദനം. ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ മധ്യവേനൽ അവധിക്കാലത്ത് സംഘടിപ്പിച്ച കുട്ടികളുടെ വായന പരിപോഷണത്തിനായി ഒരുക്കിയ
‘വായന വെളിച്ചം’ പദ്ധതിയിൽ മികവ് തെളിയിച്ച ഗ്രന്ഥശാലകളെയാണ് അനുമോദിച്ചത്. ജി അംബുജാക്ഷൻ മാസ്റ്ററുടെ സ്മരണാർത്ഥമായിരുന്നു ഇത്തവണത്തെ പുരസ്കാരം.ഏപ്രിൽ, മെയ് മാസങ്ങളിൽ താലൂക്കിലെ 230 ഗ്രന്ഥശാലകളിൽ 4988 കുട്ടികൾ ചേർന്ന് വായിച്ചു തീർത്തത് 31366 പുസ്തകങ്ങളായിരുന്നു.ഇവരെഴുതിയത് 13868 ആസ്വാദനക്കുറിപ്പുകൾ. ഇതിനായി 1612 വായനക്കൂട്ടങ്ങളും ചേർന്നു.മികവ് തെളിയിച്ച എട്ട് ഗ്രന്ഥശാലകൾ, അഞ്ച് മികച്ച കൺവീനർമാർ, അഞ്ച് ഡോക്യുമെൻഡേഷനുകൾ ,എ ഗ്രേഡ് നിലവാരം പുലർത്തിയ 19 ഗ്രന്ഥശാലകൾ എന്നിവയ്ക്കായിരുന്നു പുരസ്കാരങ്ങൾ. മികച്ച വായനക്കാരിക്കുള്ള പ്രത്യേക ജൂറി പുരസ്കാരം പി മാളവിക (ഇഎംഎസ് ഗ്രന്ഥാലയം കരിച്ചേരി) ഏറ്റുവാങ്ങി.നാലു വർഷക്കാലം തുടർച്ചയായി പത്രവായന നടത്തി നവമാധ്യമങ്ങളിൽ പങ്കുവെച്ച് പുരസ്കാരങ്ങൾ നേടിയ എം ജി വേദികയെയും (കേശവ്ജി ഗ്രന്ഥാലയം അമ്പലത്തറ) ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു.നീലേശ്വരം നഗരസഭയുടെ കോട്ടപ്പുറം ടൗൺ ഹാളിൽ വായന പക്ഷാചരണ സമാപനത്തിൻ്റെ ഭാഗമായിട്ടായിരുന്നു പുരസ്കാര സമർപ്പണം.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് സുനിൽ പട്ടേന അധ്യക്ഷനായി. സ്‌റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സി.മെമ്പർ പി വി കെ പനയാൽ ഐ വി ദാസ് അനുസ്മരണ പ്രഭാഷണവും ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ.പി പ്രഭാകരൻ ജി അംബുജാക്ഷൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണവും നടത്തി.അക്കാദമിക് കമ്മിറ്റി മെമ്പർ ബിന്ദു മരങ്ങാട് വായന വെളിച്ചം അവലോകന റിപ്പോർട്ട് അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി പി വേണുഗോപാലൻ, കെ ലളിത, പി കുഞ്ഞിരാമൻ, പി വി ദിനേശൻ, സി വി വിജയരാജൻ, സുനീഷ് കക്കാട്ടി എന്നിവർ സംസാരിച്ചു.
ഫോട്ടോ: 1 .ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ വായന വെളിച്ചം പുരസ്കാര സമർപ്പണ സമ്മേളനം എം രാജഗോപാലൻ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു
ഫോട്ടോ:2.ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ വായന വെളിച്ചം പുരസ്കാരം എം രാജഗോപാലൻ എം എൽ എ സമ്മാനിച്ചപ്പോൾ