
തൊഴിലിടങ്ങളിൽ സ്ത്രീകൾ ചൂഷണത്തിന് ഇരയാകുന്നത് തടയാൻ സ്ഥാപന മേധാവികൾ ജാഗ്രത പുലർത്തണം : വനിതാ കമ്മീഷൻ
*തൊഴിലിടങ്ങളിൽ സ്ത്രീകൾ ചൂഷണത്തിന് ഇരയാകുന്നത് തടയാൻ സ്ഥാപന മേധാവികൾ ജാഗ്രത പുലർത്തണം : വനിതാ കമ്മീഷൻ*
തൊഴിൽ മേഖലയിൽ സ്ത്രീകൾക്കെതിരായ ചൂഷണ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സഹപ്രവർത്തകരുടെ ഭാഗത്തുനിന്നും മോശമായ രീതിയിലുള്ള
അനുഭവങ്ങൾ നേരിട്ടതിന്റെ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചിട്ടുണ്ടെന്നും
സംസ്ഥാന വനിതാ കമ്മീഷൻ അംഗം പി കുഞ്ഞായിഷ പറഞ്ഞു.കാസർകോട് കളക്ടറേറ്റിൽ മിനി കോൺഫറൻസ് ഹാളിൽ നടത്തിയ വനിതാ കമ്മീഷൻ സിറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു കമ്മീഷൻ അംഗം. പല സ്ഥാപനങ്ങളിലും പോഷ് ആക്ട് (2013) പ്രകാരമുള്ള ഇന്റേണൽ കമ്മിറ്റികൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല.
കമ്മീഷനിൽ വന്നിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ .
ജോലിയിടങ്ങളിലെ അതിക്രമങ്ങൾക്കെതിരെ പരാതി നൽകിയാൽ അതിതിനുശേഷമുള്ള പ്രതികൂല സാഹചര്യങ്ങൾ ഭയന്ന് സ്ത്രീകൾ മിണ്ടാതിരിക്കുകയാണെന്നും,
ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായി സ്ഥാപന മേധാവികൾ കൂടുതൽ ജാഗ്രത പുലർത്തണമെന്നും കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.
പോഷ് ആക്ട് പ്രകാരമുള്ള ഇന്റേർണൽ കമ്മിറ്റികളുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തുന്നതിന് ചില സ്ഥലങ്ങളിൽ എങ്കിലും പ്രതിസന്ധികൾ നേരിടുന്നതായിട്ടും കമ്മീഷൻ മനസ്സിലാക്കിയിട്ടുണ്ട് .
ഇന്റെർണൽ കമ്മിറ്റികൾ പുനസംഘടിപ്പിക്കാത്ത സാഹചര്യവും നിലനിൽക്കുന്നു വെന്നും കമ്മീഷൻ വിലയിരുത്തി.പോഷ് ആക്ട് സംബന്ധിച്ച് ജില്ലാതലത്തിൽ ശക്തമായ ബോധവത്കരണം സംഘടിപ്പിക്കുമെന്നും കമ്മീഷൻ അറിയിച്ചു.
കാസർകോട് ശനിയാഴ്ച നടത്തിയ സിറ്റിങ്ങിൽ 44 പരാതികൾ പരിഗണിച്ചു. അഞ്ചെണ്ണം തീർപ്പാക്കി. രണ്ട് പരാതികളുടെ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. 37 പരാതികൾ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റിവെച്ചു. ഗാർഹിക പീഡനങ്ങളും അതിർത്തി തർക്കങ്ങളും ഉൾപ്പെടെയുള്ള പരാതികളാണ് ലഭിച്ചത്.
അഡ്വ. ഇന്ദിര, വനിതാ സെൽ എഎസ്‌ഐമാരായ യു.കെ. സരള, സെക്കീനാ താവി, കൗൺസിലർ രമ്യ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ ജ്യോതി എന്നിവർ സിറ്റിങ്ങിൽ പങ്കെടുത്തു.