
കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് സാഹിത്യ വേദി ഉദ്ഘാടനം കവി ദിവാകരൻ വിഷ്ണുമംഗലം നിർവ്വഹിച്ചു.
യഥാർത്ഥ കലയും സാഹിത്യവും ജാഗ്രതയുടെ വെളിച്ചം പകരുന്നു
………………………………………….
ദിവാകരൻ വിഷ്ണുമംഗലം
കാഞ്ഞങ്ങാട് നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജ് സാഹിത്യ വേദി ഉദ്ഘാടനം കവി ദിവാകരൻ വിഷ്ണുമംഗലം നിർവ്വഹിച്ചു.
…………………………………………..
മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ വർഗ്ഗീയതയും ഭീകരതയും വളർന്നു വരുമ്പോൾ മതേതരമൂല്യങ്ങളും ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുമ്പോൾ സംസ്ക്കാരികമായ വെളിച്ചം പകരുന്ന സമരമുഖത്താണ് കലയും സാഹിത്യവും പ്രസക്തമാകുന്നത്. മാനുഷിക മൂല്യങ്ങളുടെ നിരോധിത കാലത്ത് മാനവികതയിലൂന്നിയ പ്രയോഗിക വിവേകത്തിൻ്റെ നിതാന്ത ജാഗ്രതയാർന്ന ചെറുത്തു നിൽപ് കലയും സാഹിത്യവും സാദ്ധ്യമാക്കുന്നു. കലാപത്തിൽ നിന്നുള്ള മോചനത്തിനായുള്ള മറുമരുന്നാണ് കല.അത് അനവധി ദേശത്തേക്കും അനന്തകാലത്തേക്കുമുള്ള വിശുദ്ധമായ സ്വാതന്ത്ര്യസമരമാണ്. അധ:കൃതരുടെയും അരികുവത്ക്കരിക്കപ്പെട്ടവരുടെയും വിമോചനത്തോറ്റമാണ് അവയുടെ ഉള്ളുര. സ്നേഹത്തിൻ്റെയും നന്മയുടെയും മാനവികതയുടെയും പ്രപഞ്ചതാളലയങ്ങളുടെയും സമഞ്ജസവും സാർത്ഥകവുമായ പ്രാർത്ഥനകളാണവ. ഉത്തമ കലകൾ നമ്മെ ഉന്നതമായ ചിന്തയിലേക്കും സാമുഹികമായ വിവേകത്തിലേക്കു നയിക്കും .നിതാന്തമായ ജാഗ്രതയിലേക്കും മനുഷ്യവിരുദ്ധതയ്ക്കെതിരെയുള്ള പ്രതിരോധത്തിലേക്കും കലയും സാഹിത്യവും നമ്മെ ഉണർത്തുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഫോക്ലോർ ക്ലബിന്റെ ഉദ്ഘാടനവും പ്രസ്തുത വേദിയിൽ യുവ സാഹിത്യകാരൻ സുധീഷ് ചട്ടഞ്ചാൽ നിർവ്വഹിച്ചു. ചടങ്ങിൽ സാഹിത്യ വേദി മലയാള വിഭാഗം അദ്ധ്യക്ഷ ഡോ. ധന്യ കീപ്പേരി അദ്ധ്യക്ഷയായി.
ഡോ. ഉദയ, ലൈബ്രേറിയൻ മനോജ് കുമാർ പി, യൂനിയൻ ചെയർമാൻ അഭിരാം എന്നിവർ സംസാരിച്ചു. സാഹിത്യ വേദി സെക്രട്ടറി മിഥുൻ പി .യു, ഫോക് ലോർ സെക്രട്ടറി നന്ദന രാജൻ എന്നിവർ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു.
പ്രസിഡന്റ് ഡോ. ഷീജ കെ.പി സ്വാഗതവും ഫോക് ലോർ ക്ലബ് കോ ഓഡിനേറ്റർ അപർണ പി നന്ദിയും പറഞ്ഞു.