
കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ സൃഷ്ടിച്ചസ്ഥാനം കാസർഗോട്ടെ മടിക്കൈ പഞ്ചായത്തിനു ലഭിച്ചു. 160 പച്ചത്തുരുത്തുകളാണ് 51 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയും 24121 ജനസംഖ്യയുമുള്ള ഈ ഗ്രാമത്തിൽ നട്ടുവളർത്തിയിരിക്കുന്നത്. മൊത്തം 33.43 ഏക്കറാണ് പച്ചത്തുരുത്തുകളുടെ വിസ്തീർണ്ണം
കേരളത്തിൽ ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ സൃഷ്ടിച്ചസ്ഥാനം കാസർഗോട്ടെ മടിക്കൈ പഞ്ചായത്തിനു ലഭിച്ചു. 160 പച്ചത്തുരുത്തുകളാണ് 51 സ്ക്വയർ കിലോമീറ്റർ വിസ്തൃതിയും 24121 ജനസംഖ്യയുമുള്ള ഈ ഗ്രാമത്തിൽ നട്ടുവളർത്തിയിരിക്കുന്നത്. മൊത്തം 33.43 ഏക്കറാണ് പച്ചത്തുരുത്തുകളുടെ വിസ്തീർണ്ണം
.
5 ഏക്കർ മുതൽ 1 സെന്റ് വരെയുള്ള പച്ചത്തുരുത്തുകളുണ്ട്. ഒരേക്കറിൽ കൂടുതലുള്ള 9 പച്ചത്തുരുത്തുകളുടെ വിസ്തൃതി 14 ഏക്കറാണ്. 50 സെന്റുള്ള 10 പച്ചത്തുരുത്തുകളുണ്ട്. 50 നും 14 സെന്റിനും ഇടയിലാണ് 40 പച്ചത്തുരുത്തുകൾ. 8.85 ഏക്കർ വരും ഇവയുടെ വിസ്തൃതി. 10 നും 5 സെന്റിനും ഇടയിലാണ് 63 പച്ചത്തുരുത്തുകൾ. അവയുടെ വിസ്തൃതി 4.55 ഏക്കർ. ബാക്കി 38 പച്ചത്തുരുത്തുകൾ 5 സെന്റിൽ താഴെയാണ്. അവയുടെ വിസ്തൃതി 1.03 ഏക്കറാണ്.
22 പച്ചത്തുരുത്തുകൾ 2019 ൽ രൂപംകൊണ്ടവയാണ്. ഇവ താരതമ്യേന വലിയ പച്ചത്തുരുത്തുകളാണ്. ജൂൺ മാസത്തിൽ മഴ ആരംഭിച്ചപ്പോൾ രൂപം നൽകിയവയാണ് 29 പച്ചത്തുരുത്തുകൾ. പിന്നെ സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് 108 പച്ചത്തുരുത്തുകൾ വച്ചുപിടിപ്പിച്ചത്. ഇവ താരതമ്യേന ചെറിയ പച്ചത്തുരുത്തുകളാണ്. ഈ അവസാനഘട്ടം പഞ്ചായത്ത് സമിതിയുടെ നിശ്ചദാർഡ്യത്തിന്റെയും കാമ്പയിൻ സൃഷ്ടിച്ച ആവേശത്തിന്റെയും ഫലമാണ്. തങ്ങളുടെ കാലപരിധി കഴിയുന്നതിന്റെ സ്മരണയ്ക്കായി ഒരു ഓർമ്മതുരുത്തും അവർ ഉദ്ഘാടനം ചെയ്തിട്ടുണ്ട്.
മടിക്കൈയിലെ ഒരു പ്രത്യേകത പഞ്ചായത്തിലെ 28 കാവുകൾ പച്ചത്തുരുത്തുകളായി രൂപംകൊണ്ടതാണ്. കാവ് സംരക്ഷണ സമിതികളെല്ലാം വളരെ സജീവമായി കാമ്പയിന്റെ ഭാഗമായി. ഏറ്റവും കൂടുതൽ പ്രദേശം സർക്കാർ പുറംപോക്കുകളിലാണ്. മടിക്കൈ പുഴയുടെ മൂന്ന് കൈവഴികൾ ശുചീകരിച്ച് 64 തടയണകൾ കെട്ടി. പുഴ പുറംപോക്ക് ഭൂമികൾ പച്ചത്തുരുത്തുകളായി. മടിക്കൈയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിലെ തരിശുപ്രദേശങ്ങളും പച്ചത്തുരുത്തുകളായി. നീലേശ്വരം തേജസ്വി ഹോസ്പിറ്റൽ സഹകരണ സംഘത്തിന്റെ 5 ഏക്കർ പച്ചത്തുരുത്തിനായി അവർ വിട്ടുനൽകി. കെ.കെ. വിജയൻ എന്ന കർഷകൻ തന്റെ സ്വന്തം ഒരേക്കർ സ്ഥലത്ത് വൃക്ഷതൈകൾ നട്ട് പച്ചത്തുരുത്താക്കി.
ഇന്നത്തെ പ്രഖ്യാപനയോഗത്തിൽ രണ്ട് തീരുമാനങ്ങളെടുത്തു. രൂപംകൊണ്ട പച്ചത്തുരുത്തുകളുടെ പരിപാലനത്തിന് തെരഞ്ഞെടുപ്പിലേയ്ക്ക് ആണ്ടിറങ്ങുംമുമ്പ് ബന്ധപ്പെട്ടവരുടെ യോഗം ചേരും. പരിപാലനത്തിന് ചുമതല ഏൽപ്പിച്ചിട്ടുള്ള തൊഴിലുറപ്പ് തൊഴിലാളികൾ അവരുടെ കടമനിർവ്വഹിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനം ഉണ്ടാക്കും.
ഇപ്പോൾ പഞ്ചായത്തിലുള്ള ബയോഡൈവേഴ്സിറ്റി രജിസ്റ്റർ ഒരു 10 കൊല്ലത്തെയെങ്കിലും പഴക്കമുണ്ടാകും. പച്ചത്തുരുത്ത് കാമ്പയിന്റെ പശ്ചാത്തലത്തിൽ പുതിയൊരു ബയോഡൈവേഴ്സിറ്റി രജിസ്റ്റർ തയ്യാറാക്കും. വർഷംതോറും 10 ശമതാനം വീതം ജൈവവൈവിധ്യം വർദ്ധിക്കുമെന്ന് പഞ്ചായത്ത് സമിതി ഉറപ്പുവരുത്തും. ഇതിനുള്ള നടീൽ വസ്തുക്കൾ മുൻകൂട്ടി ആലോചിച്ച് തീരുമാനിച്ച് പച്ചത്തുരുത്തുകളെ കൂടുതൽ സമ്പന്നമാക്കും.