
പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഫലിച്ചു* *മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂള്‍ ഹൈടെക്കായി*
*പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ഫലിച്ചു*
*മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂള്‍ ഹൈടെക്കായി*
പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കുന്നതിനായി സര്‍ക്കാര്‍ തുടങ്ങിവെച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ മൊഗ്രാല്‍ പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂളും ഹൈടെക്കാവുന്നു. ഔദ്യോഗിക പ്രഖ്യാപനം ഇന്ന് (12) മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും. സ്‌കൂളില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞ പ്രവര്‍ത്തനങ്ങളുടെ ഊര്‍ജം സ്വീകരിച്ച് നാട്ടുകാരും അധ്യാപകരും ഉണര്‍ന്നു പ്രവര്‍ത്തിച്ചതോടെ പുതിയ ഉയരങ്ങള്‍ കീഴടക്കുകയാണ് ഈ സര്‍ക്കാര്‍ വിദ്യാലയം. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും നിരവധി പേര്‍ വിദ്യാഭ്യാസത്തിന്റെ ബാലപാഠം അനുഭവിച്ചറിഞ്ഞ ഈ സര്‍ക്കാര്‍ വിദ്യാലയം ഇപ്പോള്‍ പാഠ്യപദ്ധതികളില്‍ ആധുനിക സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തുകയാണ്. സര്‍ക്കാരിന്റെ വിദ്യാഭ്യാസ സംരക്ഷണ യജ്ഞം യാഥാര്‍ത്ഥ്യമാക്കാനായി പിടിഎയുടെ നേതൃത്വത്തില്‍ നാട്ടുകാരും സന്നദ്ധ സംഘങ്ങളും മുന്നിട്ടിറങ്ങിയതോടെ സ്‌കൂളിലെ 25 ക്ലാസ് മുറികളാണ് ഹൈടെക്ക് ആയതെന്ന് പ്രധാനാധ്യാപകന്‍ കെ അരവിന്ദ പറഞ്ഞു. ഓരോ ക്ലാസിനും അമ്പതിനായിരം രൂപ വീതമാണ് നവീകരിക്കാനായി നാട്ടുകാര്‍ ചെലവഴിച്ചത്. ഇങ്ങനെ ഹൈസ്‌കൂളിലെ പതിനഞ്ച് ക്ലാസുകളും ഹയര്‍സെക്കന്‍ഡറിയിലെ പത്ത് ക്ലാസുകളുമാണ് മുഖംമിനുക്കിയത്. ഈ ക്ലാസുകളിലേക്ക് വേണ്ട എല്ലാ ഐടി ഉപകരണങ്ങളും സര്‍ക്കാര്‍ നല്‍കിയതോടെ ഡിജിറ്റല്‍ ക്ലാസുകളെന്ന സ്വപ്‌നമാണ് യാഥാര്‍ത്ഥ്യമായത്. ലാപ്‌ടോപ്പ്, പ്രൊജക്ടര്‍, സൗണ്ട് സിസ്റ്റം, ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് തുടങ്ങിയ സൗകര്യങ്ങള്‍ എല്ലാ ക്ലാസുകളിലും ലഭ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
1943ലാണ് മൊഗ്രാല്‍ പുത്തൂരില്‍ ആദ്യമായി ഒരു സര്‍ക്കാര്‍ വിദ്യാലയം ആരംഭിച്ചത്. മൊഗ്രാല്‍ പുത്തൂര്‍ ബോര്‍ഡ് മാപ്പിള ഗേള്‍സ് സ്‌കൂള്‍ എന്ന പേരില്‍ എല്‍ പി സ്‌കൂള്‍ ആയിട്ടാണ് തുടക്കം.1958ല്‍ യുപി സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 1980ല്‍ ഹൈസ്‌കൂളായും 1998ല്‍ ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. 1.26 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല്‍പി, യുപി വിഭാഗത്തിന് വെവ്വേറെ കെട്ടിടങ്ങളുണ്ട്. ഹൈസ്‌കൂളിന് എട്ട് കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും ഹയര്‍ സെക്കന്ററിക്ക് ഒരു കെട്ടിടത്തിലായി എട്ട് ക്ലാസ് മുറികളുമുണ്ട്. 2600ഓളം വിദ്യാര്‍ത്ഥികള്‍ മലയാളം, കന്നഡ, ഇംഗ്ലീഷ് മീഡിയങ്ങളിലായാണ് പഠനം നടത്തുന്നത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്‌കൂളിനും ഹയര്‍സെക്കന്ററിക്കും പ്രത്യേക കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ശാസ്ത്രപോഷിണി എന്ന പേരില്‍ സുസജ്ജമായ സയന്‍സ് ലാബും സ്‌കൂളില്‍ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
കിഫ്ബിയിലൂടെ പുതിയ കെട്ടിടവും
ഭൗതിക സൗകര്യങ്ങള്‍ ഉയര്‍ത്തുന്നതിന്റെ ഭാഗമായി കിഫ്ബിയിലുള്‍പ്പെടുത്തി പുതിയ കെട്ടിടം തയ്യാറാവുന്നുണ്ട്. മൂന്ന് കോടി രൂപയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സെപ്തംബറില്‍ ആരംഭിച്ചു. എട്ടുമാസം കൊണ്ട് പൂര്‍ത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. 12 ക്ലാസമുറികളും അടുക്കളയും ഡൈനിങ് ഹാളുമടങ്ങുന്ന ഇരുനിലകെട്ടിടമാണ് നിര്‍മിക്കുന്നത്. പശ്ചാത്തലസൗകര്യവികസനത്തോടൊപ്പം ഡിജിറ്റല്‍ സംവിധാനങ്ങള്‍ ലഭ്യമാകുന്നതോടെ വിദ്യാര്‍ത്ഥികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ടതും ഗുണനിലവാരമുള്ളതുമായ വിദ്യാഭ്യാസം ലഭ്യമാകുമെന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കളും നാട്ടുകാരും.
ഫോട്ടോ അടിക്കുറിപ്പ്
മൊഗ്രാല്‍ പുത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍