
പി.അവനീന്ദ്രനാഥ് മാസ്റ്റർ സ്മാരക സംസ്ഥാന അധ്യാപക അവാർഡ് എ.വി.സന്തോഷ് കുമാറിന്
പി.അവനീന്ദ്രനാഥ് മാസ്റ്റർ സ്മാരക സംസ്ഥാന അധ്യാപക അവാർഡ് എ.വി.സന്തോഷ് കുമാറിന്
വിദ്യാഭ്യാസ, സാമുഹികയിടങ്ങളിൽ വേറിട്ട പ്രവർത്തനങ്ങളാൽ ജനമനസ്സുകളിൽ ഇടം നേടിയ, ചട്ടഞ്ചാൽ ഹയർ സെക്കൻ്ററി സ്കൂൾ,മുൻ പ്രിൻസിപ്പൽ പി. അവനീന്ദ്രനാഥ് മാസ്റ്ററുടെ ഓർമ്മയ്ക്കായി നൽകിവരുന്ന രണ്ടാമത് സംസ്ഥാന തല അധ്യാപക അവാർഡ് പ്രഖ്യാപിച്ചു.
ഇംഗ്ലീഷ് പഠനം എന്ന ബാലികേറാമലയെ കൂടുതൽ ജൈവികമാക്കാൻ *English through theatre* എന്ന നവീന മാതൃക കുട്ടികൾക്ക് വേണ്ടി നടപ്പിലാക്കി, ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്തും, മലയാള ഭാഷാ സാംസ്കാരിക രംഗത്തും മികച്ച ഇടപ്പെടൽ നടത്തുന്ന ഉദിനൂർ എ യു പി സ്കൂൾ അധ്യാപകൻ എ.വി.സന്തോഷ് കുമാറിനെയാണ് ഈ വർഷത്തെ (2020) അധ്യാപക അവാർഡിന് പരിഗണിച്ചിട്ടുള്ളത്.
ഇംഗ്ലീഷ് അധ്യാപനത്തെ സർഗ്ഗാത്മകവും കാലോചിതമാക്കാനുമുള്ള പതിറ്റാണ്ടുകൾ നീണ്ട പ്രവർത്തനങ്ങൾ അംഗീകരിച്ചു കൊണ്ടാണ് എ.വി.സന്തോഷ്കുമാറിന് അവനീന്ദ്രനാഥ് മാസ്റ്റരുടെ പേരിലുള്ള അധ്യാപക പുരസ്കാരം നൽകുന്നത്. ക്ലാസ് മുറിയിലെ വിവിധങ്ങളായ പ്രവർത്തനങ്ങൾ, പാഠപുസ്തക നിർമ്മാണം, ഉപരിപഠനം, നവ മാധ്യമ സാധ്യതകൾ പ്രയോജനപ്പെടുത്തൽ, ഇംഗ്ലീഷ് തിയറ്റർ, തുടങ്ങിയവയാണ് അവാർഡ് ജേതാവിൻ്റെ മികവടയാളങ്ങൾ.രതീഷ് പിലിക്കോട് കോർഡിനേറ്ററായ അവാർഡ് കമ്മറ്റിയിൽ
*എഴുത്തുകാരൻ,പ്രൊഫ.എം.എ റഹ്മാൻ, കൈറ്റ് വിക്ടേർസ് സീനിയർ കൺസൾട്ടൻ്റ് ഡോ.പി.കെ ജയരാജ്, കാസർകോട് ഡയറ്റ് പ്രിൻസിപ്പൽ ഡോ.എം.ബാലൻ* എന്നിവരടങ്ങിയ ജൂറിയാണ് അധ്യാപക അവാർഡ് ജേതാവിനെ തെരെഞ്ഞെടുത്തത്.
*നവമ്പർ നാലിന് രാവിലെ ചട്ടഞ്ചാലിൽ വെച്ച് നടക്കുന്ന അനുസ്മരണ പരിപാടിയിൽ, എ.വി.സന്തോഷ് കുമാറിന് ഫലകവും, പുരസ്കാര തുകയും, സാക്ഷ്യപത്രവും നൽകുമെന്ന് ട്രസ്റ്റ് സെക്രട്ടറി കെ.രാഘവൻ പറഞ്ഞു.
ചട്ടഞ്ചാൽ അർബൻ ബാങ്ക് ഹാളിൽ വെച്ച് നടക്കുന്ന *അനുസ്മരണ പരിപാടി ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കല്ലട്ര അബ്ദുൾ ഖാദർ ഉദ്ഘാടനം ചെയ്യും, ഡോ.വി.പി.പി.മുസ്തഫ അനുസ്മരണ പ്രഭാഷണം നടത്തും, ഷാനവാസ് പാദൂർ അധ്യാപക പുരസ്കാരവും, പി.ദിലീപ് കുമാർ വിവിധ മത്സര പരിപാടിയിലെ വിജയികൾക്ക് സമ്മാന വിതരണവും നടത്തും. ട്രസ്റ്റ് ചെയർമാൻ കൃഷ്ണൻ ചട്ടഞ്ചാൽ അധ്യക്ഷത വഹിക്കും