പ്രഭാത വാർത്തകൾ 2021 | ജൂലൈ 23 | 1196 | കർക്കടകം 7 | വെള്ളി | പൂരാടം |

*പ്രഭാത വാർത്തകൾ
2021 | ജൂലൈ 23 | 1196 | കർക്കടകം 7 | വെള്ളി | പൂരാടം |
➖➖➖➖➖➖➖


🔳രാജ്യത്ത് പണക്കാര്‍ക്കും സാധാരണക്കാര്‍ക്കും വ്യത്യസ്ത നിയമ സംവിധാനം സാധ്യമല്ലെന്ന് സുപ്രീം കോടതി. സമാന്തരമായ നിയമ സംവിധാനങ്ങള്‍ ഉണ്ടാകുന്നത് നിയമവ്യവസ്ഥ ഇല്ലാതാക്കും എന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. നിയമ സംവിധാനങ്ങളോട് ഉള്ള വിശ്വാസ്യത നിലനിര്‍ത്തണം എങ്കില്‍ കീഴ്‌ക്കോടതികളുടെയും ഉയര്‍ന്ന നിയമസംവിധാനങ്ങളുടെയും സര്‍ക്കാരുകളുടെയും സാമ്രാജ്യത്ത മനസ്ഥിതി മാറണമെന്നും കോടതി ചൂണ്ടിക്കാട്ടി.


🔳ഐക്യരാഷ്ട്രസഭാ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ അപേക്ഷയെ പിന്തുണയ്ക്കുന്നതായി ഐക്യരാഷ്ട്ര സഭ പൊതുസഭ നിയുക്ത പ്രസിഡന്റ് അബ്ദുള്ള ഷാഹിദ്. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനു ബുധനാഴ്ച ഇന്ത്യയിലെത്തിയതാണ് മാലെദ്വീപ് വിദേശകാര്യമന്ത്രി കൂടിയായ അബ്ദുള്ള ഷാഹിദ്. ഭീകരവാദത്തെ മഹാവിപത്തെന്നു വിളിച്ച അദ്ദേഹം അടുത്ത യു.എന്‍. സമ്മേളനത്തില്‍ വിഷയം വിശദമായി ചര്‍ച്ച ചെയ്യണമെന്നും പറഞ്ഞു.


🔳ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്കുകളെക്കാള്‍ പതിന്മടങ്ങ് കൂടുതലാണെന്ന റിപ്പോര്‍ട്ടുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍. നിശ്ചിത കാലയളവിലെ മരണനിരക്കിലുണ്ടായ അസാധാരണ വര്‍ധനയ്ക്കു കാരണം കോവിഡ് മരണങ്ങളാണെന്ന നിഗമനത്തെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ടുകളെന്ന് സര്‍ക്കാര്‍ പറഞ്ഞു. ഈ റിപ്പോര്‍ട്ടുകള്‍ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെന്നും പൂര്‍ണമായും തെറ്റാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.


🔳കോവിഡ് ബാധിച്ച് 3,570 ഇന്ത്യക്കാര്‍ വിവിധ രാജ്യങ്ങളില്‍ മരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. 70 വിദേശ രാജ്യങ്ങളില്‍ ഇന്ത്യക്കാരുടെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും ഏറ്റവും കൂടുതല്‍ മരണം നടന്നത് സൗദി അറേബ്യയിലാണെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.


🔳കേന്ദ്രസര്‍ക്കാര്‍ നല്‍കിയ 10 ലക്ഷം ഡോസ് കോവിഡ് വാക്‌സിന്‍ കേരളം ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന ആരോപണവുമായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കേരളത്തിലെ വാക്‌സിന്‍ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ഹൈബി ഈഡനും ടി.എന്‍ പ്രതാപനും മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പരാമര്‍ശം. നല്‍കിയ വാക്‌സിന്‍ ഉപയോഗിച്ച ശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് കൂടുതല്‍ നല്‍കാന്‍ തയ്യാറാണെന്നും ആരോഗ്യമന്ത്രി എം.പിമാരെ അറിയിച്ചു.

🔳കര്‍ഷക സമരം നടത്തുന്നത് തെമ്മാടികളാണെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. ഡല്‍ഹി ജന്തര്‍ മന്തറില്‍ നടന്ന സമരത്തിനിടെ മാധ്യമ പ്രവര്‍ത്തകനുനേരെ ആക്രമണമുണ്ടായ സംഭവത്തിലാണ് പ്രതികരണം. കുറ്റകൃത്യങ്ങളാണ് അവര്‍ ചെയ്യുന്നതെന്നും പ്രതിപക്ഷമാണ് അവയ്ക്ക് പ്രചാരണം നല്‍കുന്നതെന്നും കേന്ദ്ര സാംസ്‌കാരിക – വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി കുറ്റപ്പെടുത്തി. പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടിക്കായത്ത് രംഗത്തെത്തി. കര്‍ഷകര്‍ അന്നദാതാക്കളാണെന്നും തെമ്മാടികളെന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

🔳പി.എം കിസാന്‍ പദ്ധതി പ്രകാരം 40 ലക്ഷം അനര്‍ഹര്‍ക്ക് പണം ലഭിച്ചുവെന്ന് കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. അസം, തമിഴ്‌നാട്, ചത്തീസ്ഗഢ്, പഞ്ചാബ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ അനര്‍ഹര്‍ക്കാണ് പി.എം. കിസാന്‍ പദ്ധതി പ്രകാരം അക്കൗണ്ടിലേക്ക് പണമെത്തിയതെന്നും ഇവരുടെ പക്കല്‍നിന്നും തുക പിടിച്ചെടുക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


🔳പെഗാസസില്‍ വീണ്ടും പുതിയ വെളിപ്പെടുത്തലുകള്‍. സി.ബി.ഐ. മുന്‍മേധാവി അലോക് കുമാര്‍ വര്‍മയുടെ ഫോണ്‍ നമ്പറുകളും നിരീക്ഷണത്തിന് വിധേയമാക്കിയിരുന്നതായി റിപ്പോര്‍ട്ട്. സി.ബി.ഐ. മേധാവിസ്ഥാനത്തുനിന്ന് നീക്കം ചെയ്ത് മണിക്കൂറുകള്‍ക്കകം അലോക് വര്‍മയുടെ പേരിലുള്ള ഫോണ്‍ നമ്പറുകള്‍ നിരീക്ഷിക്കാന്‍ ആരംഭിച്ചതായാണ് ദി വയറിന്റെ റിപ്പോര്‍ട്ടുകള്‍. റഫാല്‍ വിവാദത്തിനു പിന്നാലെ അനില്‍ അംബാനിയുടേയും അദ്ദേഹത്തിന്റെ കമ്പനിയുടെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍ വിഭാഗം തലവന്‍ ടോണി യേശുദാസന്റെയും ഭാര്യയുടെയും ഫോണുകള്‍ ചോര്‍ത്തിയെന്നും ‘ദി വയര്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. റഫാല്‍ നിര്‍മാതാക്കളായ ദസോ ഏവിയേഷന്റെ ഇന്ത്യയിലെ പ്രതിനിധി വെങ്കട്ട റാവു പോസിനയും ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയില്‍ പെടുന്നു. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമയുടെ അടുത്ത ഉപദേശകരുടെ ഫോണും ചോര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് മറ്റൊരു പ്രധാന വെളിപ്പെടുത്തല്‍.


🔳പാര്‍ലമെന്റിന്റെ ഇരു സഭകളെയും ഇളക്കിമറിച്ച് മൂന്നാം ദിവസവും പെഗാസസ് വിവാദം. പ്രതിപക്ഷ എംപിമാരുടെ ബഹളത്തെ തുടര്‍ന്ന് രാജ്യസഭയില്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസംഗം തടസ്സപ്പെട്ടു. വൈഷ്ണവിന്റെ കൈയിലിരുന്ന പ്രസംഗമെഴുതിയ കടലാസ് തൃണമൂല്‍ എംപി ശന്തനു സെന്‍ തട്ടിപ്പറിക്കുകയും സഭാ അധ്യക്ഷന്റെ നേര്‍ക്ക് എറിയുകയും ചെയ്തു. എംപിമാര്‍ സഭയുടെ നടുത്തളത്തില്‍ ഇറങ്ങി ബഹളംവെച്ചതോടെ രണ്ടുതവണ ഇരു സഭകളും നിര്‍ത്തിവെച്ചു.

/
🔳പി.എസ്.സി. റാങ്ക് ലിസ്റ്റുകളില്‍ നിന്നും മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്താന്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളതിനാല്‍ അവയുടെ കാലാവധി നീട്ടേണ്ട സാഹചര്യം നിലവിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പി.എസ്.സി. റാങ്ക് ലിസ്റ്റുകളുടെ കാലാവധിക്കുള്ളില്‍ ലഭ്യമാകുന്ന മുഴുവന്‍ ഒഴിവുകളിലും നിയമനം നടത്തുകയെന്നതാണ് സര്‍ക്കാരിന്റെ നയമെന്നും ഇതിനാവശ്യമായ നടപടികള്‍ സര്‍ക്കാരും നിയമനാധികാരികളും പബ്ലിക് സര്‍വ്വീസ് കമ്മീഷനും സ്വീകരിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

🔳കോവിഡ് മരണനിരക്ക് സര്‍ക്കാര്‍ മറച്ചുവെച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മരണനിരക്ക് രേഖപ്പെടുത്തുന്നതില്‍ സാങ്കേതിക പ്രശ്‌നമുണ്ടെങ്കില്‍ പരിഹരിക്കാവുന്നതേയുള്ളുവെന്നും സര്‍ക്കാരിന് ഇക്കാര്യത്തില്‍ പിടിവാശിയില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ടിപിആര്‍ ഉയര്‍ന്നു നില്‍ക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന് മറുപടി നല്‍കി.

🔳സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ 44 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 6 പേരാണ് നിലവില്‍ രോഗികളായുള്ളത്. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്.

🔳മന്ത്രി എകെ ശശീന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന് വിവാദമായ പീഡന പരാതിയില്‍ എന്‍സിപിയില്‍ നടപടി. എന്‍സിപി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും കേസില്‍ പ്രതിസ്ഥാനത്തുള്ളയാളുമായ പത്മാകരനും നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ് രാജീവിനുമാണ് സസ്‌പെന്‍ഷന്‍. പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ ശുപാര്‍ശ പ്രകാരമാണ് നടപടി.

🔳സ്ത്രീ സുരക്ഷക്കായി പ്രമേയം അവതരിപ്പിച്ച പ്രതിപക്ഷ എംഎല്‍എമാരെ പരിഹസിച്ച് എം.എം. മണി. നോട്ടീസ് അവതരിപ്പിച്ച പി.സി. വിഷ്ണുനാഥ് ഉമ്മന്‍ ചാണ്ടിയുടെ കാലത്ത് ആരോപണങ്ങള്‍ വന്നപ്പോള്‍ കര്‍ണാടകയിലേക്ക് ഒളിച്ചോടിപ്പോയ ആളാണെന്നും നോട്ടീസിനെ പിന്താങ്ങിയ പി.കെ.കുഞ്ഞാലിക്കുട്ടിയും പി.ജെ. ജോസഫും അതിലും കേമന്മാരാണെന്നും എന്ത് സുരക്ഷയാണ് ഇവര്‍ പറയുന്നതെന്നും എം.എം. മണി പരിഹസിച്ചു.

🔳സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് മഠത്തിനകത്ത് പോലീസ് സംരക്ഷണം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. എന്നാല്‍ മഠത്തിന് പുറത്ത് പോലീസ് സംരക്ഷണം ഒരുക്കാമെന്നും കോടതി അറിയിച്ചു. മഠത്തില്‍ നിന്ന് ഒഴിയണമെന്ന് കോടതിക്ക് പറയാനാകില്ലെന്നും ഇക്കാര്യത്തില്‍ മാനന്തവാടി മുന്‍സിഫ് കോടതിക്ക് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

🔳ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി പി.കെ.ശ്രീവത്സ കുമാറിനെ സ്ഥാനത്തുനിന്നും മാറ്റി. സിപിഎം അനുമതിയില്ലാത്ത നിയമനം എന്ന കണ്ടത്തലിനെ തുടര്‍ന്നാണ് നടപടി. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കെതിരെ സ്വര്‍ണക്കടത്തു കേസില്‍ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ പേഴ്‌സനല്‍ സ്റ്റാഫ് നിയമനം ജാഗ്രതയോടെ വേണമെന്നു സിപിഎം നിര്‍ദേശിച്ചിരുന്നു.

🔳100 കോടിയുടെ തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തിയ കരുവന്നൂര്‍ ബാങ്കിലെ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി സഹകരണ രജിസ്ട്രാര്‍ പിരിച്ചുവിട്ടു. വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിന്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി.

🔳സംസ്ഥാന സര്‍ക്കാരിന്റെ വിഷു ബംബര്‍ ലോട്ടറി ഒന്നാം സമ്മാനം വടകരയില്‍ വിറ്റ എല്‍.ബി. 430240 എന്ന നമ്പറുള്ള ടിക്കറ്റിന്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം. 50 ലക്ഷം രൂപയുടെ രണ്ടാം സമ്മാനം ഇ.ബി. 324372 എന്ന നമ്പറിനാണ്. എറണാകുളത്ത് വിറ്റ ടിക്കറ്റാണിത്.

🔳സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് മരിച്ച ഇമ്രാന്റെ ചികിത്സാര്‍ത്ഥം ശേഖരിച്ച പണം എന്ത് ചെയ്തുവെന്ന് ഹൈക്കോടതി. പണത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാരിന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശം നല്‍കി. ഈ തുക ഉപയോഗിച്ച് മറ്റു കുട്ടികള്‍ക്ക് ചികിത്സ നടത്താന്‍ സാധിക്കില്ലേയെന്നും കോടതി ചോദിച്ചു.

🔳സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ക്ലബ് ഹൗസില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ നിര്‍ബാധം പങ്കെടുക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുമായി ക്ലബ് ഹൗസ് അംഗങ്ങളായ മുതിര്‍ന്നവര്‍ ലൈംഗികച്ചുവയോടെ സംസാരിക്കുകയും അവരെ അനാശാസ്യത്തിലേയ്ക്ക് ക്ഷണിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കമ്മീഷന്‍ ഇക്കാര്യം വിശദമായി പരിശോധിച്ചത്.

🔳ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ അബുദാബിയില്‍ നിര്‍മ്മിക്കുന്ന ദേവാലയത്തിന് വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിയുടെ സഹായ ഹസ്തം. ദേവാലയത്തിന്റെ നിര്‍മ്മാണത്തിലേക്കായി അഞ്ച് ലക്ഷം ദിര്‍ഹം അതായത് ഒരു കോടി രൂപയാണ് യൂസഫലി നല്‍കിയത്.

🔳കര്‍ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്ന സൂചന നല്‍കി ബി.എസ് യെദ്യൂരപ്പ. നേതൃമാറ്റ വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തില്‍നിന്ന് വരുന്ന ഏത് നിര്‍ദേശവും അനുസരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. യെദ്യൂരപ്പ സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ദിനമായ ജൂലായ് 26 നകം നേതൃമാറ്റ വിഷയത്തില്‍ ബിജെപി നേതൃത്വം തീരുമാനമെടുത്തേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.

🔳നീലച്ചിത്ര നിര്‍മാണത്തില്‍ അറസ്റ്റിലായ വ്യവസായി രാജ്കുന്ദ്രയുടെ വസതിയില്‍ നിന്ന് ക്രൈംബ്രാഞ്ച് പിടിച്ചെടുത്തത് 70 അശ്ലീല വീഡിയോകളും സെര്‍വറുകളും. രാജ്കുന്ദ്രയുടെ പി.എ ഉമേഷ് കാന്ത് വ്യത്യസ്ത നിര്‍മാണ കമ്പനികളുടെ സഹായത്തോടെ നിര്‍മിച്ച വീഡിയോകളാണിതെല്ലാം. ചോദ്യം ചെയ്യലില്‍ രാജ്കുന്ദ്ര കൂടുതല്‍ വിവരങ്ങള്‍ തുറന്ന് പറയുന്നില്ലെന്ന് പോലീസ് പറയുന്നു.

🔳മഹാരാഷ്ട്രയില്‍ കനത്ത മഴ തുടരുന്നു. കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ മൂലം നിരവധി ട്രെയിനുകളാണ് റദ്ദാക്കിയത്. ഇവിടെ 6000-ത്തോളം യാത്രക്കാരാണ് വിവിധ സ്റ്റേഷനുകളില്‍ കുടുങ്ങിയത്. മഹാരാഷ്ട്രയില്‍ വിവിധ ജില്ലകളിലുണ്ടായ കനത്ത മഴയില്‍ രൂപപ്പെട്ട വെള്ളക്കെട്ടില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

🔳കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ കാലാവസ്ഥാ വകുപ്പ് ‘റെഡ്’ അലേര്‍ട്ട് പ്രഖ്യാപിച്ചു. തുടര്‍ച്ചയായി പെയ്തുകൊണ്ടിരിക്കുന്ന മഴയില്‍
മഹാരാഷ്ട്രയിലെ കൊങ്കണ്‍ മേഖലയിലെ രത്നഗിരി, റായ്ഗഡ് ജില്ലകളിലെ പ്രധാന നദികള്‍ അപകടകരമാം വിധം കരകവിഞ്ഞൊഴുകയാണ്. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ദുരിതബാധിതരെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള ശ്രമത്തിലാണ്.

🔳പ്രശാന്ത് കിഷോറുമായി താന്‍ നടത്തിയ കൂടിക്കാഴ്ചകള്‍ പെഗാസസ് ചാര സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചെന്ന ആരോപണവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. പ്രശാന്ത് കിഷോറിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ ഞങ്ങള്‍ നടത്തിയ ഒരു യോഗം സര്‍ക്കാര്‍ പെഗാസസ് സ്പൈവെയര്‍ ഉപയോഗിച്ച് നിരീക്ഷിച്ചതായി കണ്ടെത്തിയെന്ന് മമത വാര്‍ത്താ സമ്മേളത്തില്‍ ആരോപിച്ചു.

🔳ടോക്യോ ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ് കാണാന്‍ സ്റ്റേഡിയത്തില്‍ 950 പേര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാകൂ എന്ന് സംഘാടകര്‍. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വലിയ തോതിലുള്ള മുന്‍കരുതലുകളാണ് ഇത്തവണ ജപ്പാന്‍ ഒരുക്കിയിരിക്കുന്നത്. കാണികള്‍ക്ക് വിലക്കുള്ള സ്റ്റേഡിയത്തില്‍ താരങ്ങളും ഉദ്യോഗസ്ഥരും പത്രപ്രവര്‍ത്തകരും ഉള്‍പ്പെടെയാണ് 950 പേര്‍ക്ക് പ്രവേശനമുള്ളത്. ഒളിമ്പിക്സിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് 4.30-ന് നടക്കും. ഇന്ത്യയില്‍നിന്ന് 18 ഇനങ്ങളിലായി 127 അത്‌ലറ്റുകള്‍ പങ്കെടുക്കും. ഇന്ത്യന്‍ സംഘത്തില്‍ ഒമ്പതു മലയാളികളുണ്ട്. ലോകത്തെമ്പാടുനിന്നുമായി 206 സംഘങ്ങളിലായി 11,000-ത്തിലേറെ കായികതാരങ്ങള്‍ പങ്കെടുക്കും.

🔳ഒളിമ്പിക് ഫുട്‌ബോളില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയയാണ് അര്‍ജന്റീനയെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീനയുടെ തോല്‍വി.

🔳ഒളിമ്പിക് ഫുട്‌ബോളില്‍ അര്‍ജന്റീന തോറ്റു തുടങ്ങിയപ്പോള്‍ ബ്രസീലിന് തകര്‍പ്പന്‍ വിജയത്തുടക്കം. കരുത്തരായ ജര്‍മനിയെ രണ്ടിനെതിരേ നാല് ഗോളിനാണ് കീഴടക്കിയത്. മത്സരത്തില്‍ ഹാട്രിക് നേടിയ എവര്‍ട്ടന്‍ താരം റിച്ചാര്‍ലിസണാണ് ബ്രസീലിന്റെ വിജയശില്‍പി.

🔳കേരളത്തില്‍ ഇന്നലെ 1,03,543 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 12,818 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.38. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 122 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,739 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 12,034 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 623 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 85 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,454 പേര്‍ രോഗമുക്തി നേടി. ഇതോടെ 1,28,881 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. ടി.പി.ആര്‍. 5ന് താഴെയുള്ള 73, ടി.പി.ആര്‍. 5നും 10നും ഇടയ്ക്കുള്ള 335, ടി.പി.ആര്‍. 10നും 15നും ഇടയ്ക്കുള്ള 355, ടി.പി.ആര്‍. 15ന് മുകളിലുള്ള 271 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളാണ് സംസ്ഥാനത്തുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തൃശൂര്‍ 1605, കോഴിക്കോട് 1586, എറണാകുളം 1554, മലപ്പുറം 1249, പാലക്കാട് 1095, തിരുവനന്തപുരം 987, കൊല്ലം 970, കോട്ടയം 763, ആലപ്പുഴ 718, കാസര്‍ഗോഡ് 706, കണ്ണൂര്‍ 552, പത്തനംതിട്ട 433, ഇടുക്കി 318, വയനാട് 282

🔳രാജ്യത്ത് ഇന്നലെ 34,861 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 38,393 പേര്‍ രോഗമുക്തി നേടി. മരണം 481. ഇതോടെ ആകെ മരണം 4,19,502 ആയി. ഇതുവരെ 3,12,91,704 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് നിലവില്‍ 3.99 ലക്ഷം കോവിഡ് രോഗികള്‍.

🔳മഹാരാഷ്ട്രയില്‍ ഇന്നലെ 7,302 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തമിഴ്നാട്ടില്‍ 1,872 പേര്‍ക്കും കര്‍ണാടകയില്‍ 1,653 പേര്‍ക്കും ആന്ധ്രപ്രദേശില്‍ 1,843 പേര്‍ക്കും ഒഡീഷയില്‍ 1,948 പേര്‍ക്കും ആസാമില്‍ 1,796 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. മറ്റെല്ലാ സംസ്ഥാനങ്ങളിലും ആയിരത്തില്‍ താഴെ മാത്രം കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ ഇന്നലെ 5,28,119 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 51,745 പേര്‍ക്കും ബ്രസീലില്‍ 49,222 പേര്‍ക്കും റഷ്യയില്‍ 24,471 പേര്‍ക്കും ഫ്രാന്‍സില്‍ 21, 909 പേര്‍ക്കും ഇംഗ്ലണ്ടില്‍ 39,906 പേര്‍ക്കും സ്പെയിനില്‍ 29,535 പേര്‍ക്കും ഇറാനില്‍ 20,313 പേര്‍ക്കും ഇന്‍ഡോനേഷ്യയില്‍ 49,509 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 19.33 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 1.35 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 8,221 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 344 പേരും ബ്രസീലില്‍ 1,326 പേരും റഷ്യയില്‍ 796 പേരും കൊളംബിയയില്‍ 354 പേരും ഇന്‍ഡോനേഷ്യയില്‍ 1,449 പേരും മെക്സിക്കോയില്‍ 397 പേരും സൗത്ത് ആഫ്രിക്കയില്‍ 433 പേരും ഇന്നലെ മരിച്ചു. ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 41.50 ലക്ഷം.

🔳വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഇന്നൊവേഷന്‍ ക്യാമ്പസ് പദ്ധതിക്ക് പ്രാരംഭ നടപടികള്‍ ആരംഭിച്ചു. 120 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന പദ്ധതി എറണാകുളത്ത്, കാക്കനാട് കിന്‍ഫ്ര ഇലക്ട്രോണിക്സ് ആന്‍ഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിലാകും ആരംഭിക്കുക. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് വിഭാഗത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാകും ഈ ഇന്നൊവേഷന്‍ ക്യാമ്പസ്. വി ഗാര്‍ഡിന്റെ ഇലക്ട്രോണിക് ലാബ്, ടെസ്റ്റിംഗ് ലാബ്, റിലയബിലിറ്റി ലാബ് എന്നിവയടങ്ങുന്ന ഇന്നൊവേഷന്‍ ക്യാമ്പസ് കേന്ദ്ര സര്‍ക്കാറും കിന്‍ഫ്രയുമായി സഹകരിച്ചാകും തുടങ്ങുക.

🔳ആരോഗ്യ രക്ഷക് എന്ന പേരില്‍ പുതിയ ആരോഗ്യ ഇന്‍ഷുറന്‍സ് പ്ലാന്‍ അവതരിപ്പിച്ചിരിക്കുകയാണ് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍. പോളിസിയുടമയെ കൂടാതെ അവരുടെ ജീവിത പങ്കാളി, കുട്ടികള്‍, മാതാപിതാക്കള്‍ എന്നിവരെയെല്ലാം ഒറ്റ പോളിസിയില്‍ ഉള്‍പ്പെടുത്താനാവും. ഇഷ്ടമുള്ള തുകയ്ക്കും പ്രീമിയത്തിനും പോളിസി ലഭ്യമാണ് എന്നതാണ് ഒരു പ്രത്യേകത. ആശുപത്രിവാസം, സര്‍ജറി എന്നിവയ്ക്ക് ക്ലെയിം ചെയ്യാം. പോളിസിയുടമ അകാലത്തില്‍ മരണപ്പെട്ടാല്‍ പ്രീമിയം അടയ്ക്കാതെ തന്നെ പിന്നീട് പോളിസിയില്‍ ഉള്‍പ്പട്ട മറ്റ് അംഗങ്ങള്‍ക്ക് പോളിസി കാലയളവില്‍ ആനുകൂല്യം നേടാനാവും.

🔳അജു വര്‍ഗീസ്, സലിം കുമാര്‍, അപ്പാനി ശരത് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ബ്ലാസ്റ്റേഴ്‌സ്’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. നന്ദ കുമാര്‍ എ.പി, മിഥുന്‍ ടി ബാബു എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയാണ് ഒരുങ്ങുന്നത്. കെടിഎസ് പടന്നയില്‍ അവസാനമായി അഭിനയിച്ച ചിത്രം കൂടിയാണ് ബ്ലാസ്റ്റേഴ്‌സ്. അമീറാ, അഞ്ജന, സിനോജ് കുഞ്ഞൂട്ടി, ബീറ്റോ ഡേവിസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കേരളത്തിലെ കായലാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ഗീതുരുത്തു എന്നൊരു ദ്വീപും അവിടുത്തെ സംഭവങ്ങളുമാണ് ചിത്രം പറയുക.

🔳തമിഴകത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട് . കിംഗ് ഖാന്‍ ഷാരൂഖിന്റെ നായികയായിട്ടായിരിക്കും നയന്‍താര ബോളിവുഡിലെത്തുകയെന്നാണ് അഭ്യൂഹങ്ങള്‍. ആറ്റ്ലീയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിലാണ് ഷാരൂഖ് ഖാന്‍ അടുത്തതായി അഭിനയിക്കാന്‍ പോകുന്നത്. നിലവില്‍ ഷൂട്ടിംഗ് നടക്കുന്ന പത്താന് ശേഷമായിരിക്കും ഈ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക. ചിത്രത്തില്‍ പ്രധാന സ്ത്രീ കഥാപാത്രമായി നയന്‍താരയെയാണ് അണിയറ പ്രവര്‍ത്തകരും നിര്‍മ്മാതാക്കളും തുടക്കം മുതല്‍ പരിഗണിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

🔳ഇലക്ട്രിക് കരുത്തില്‍ ബജാജ് ചേതക്കിനെ 14 വര്‍ഷത്തെ ഇടവേളക്ക് ശേഷം 2020 ജനുവരിയിലാണ് വിപണിയിലേക്ക് ബജാജ് ഓട്ടോ തിരിച്ചെത്തിച്ചത്. നിലവില്‍ ബെംഗളൂരു, പൂണെ എന്നീ നഗരങ്ങളില്‍ മാത്രമാണ് ഇലക്ട്രിക് ചേതക് വില്‍പ്പനയ്ക്കെത്തിയിട്ടുള്ളത്. 2022 ഓടെ പുതിയ 22 നഗരങ്ങളില്‍ കൂടി ചേതക് ഇലക്ട്രിക്കിനെ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് ബജാജ് പദ്ധതിയിട്ടിരിക്കുന്നത്. ജൂലൈ 22 മുതല്‍ മൂന്ന് നഗരങ്ങളിലേക്ക് കൂടി ബുക്കിംഗ് ആരംഭിക്കുകയാണ്. മൈസൂര്‍, മംഗലാപുരം, ഔറംഗബാദ് എന്നീ മൂന്ന് പുതിയ നഗരങ്ങള്‍ക്കായാണ് ബജാജ് ബുക്കിംഗ് ആരംഭിക്കുന്നത്. 2,000 രൂപ ടോക്കണ്‍ തുകയായി സ്വീകരിച്ചാണ് തുടക്കമിട്ടത്.

🔳ഉദ്വേഗ സിനിമകളുടെ ആചാര്യന്‍ ആല്‍ഫ്രഡ് ഹിച്ച്‌കോക്കിന്റെ വിഖ്യാതമായ സിനിമയ്ക്ക് ആധാരമായ നോവല്‍. ജോണ്‍ ബുക്കന്‍ രചിച്ച സ്പൈ ത്രില്ലര്‍. ’39 സ്റ്റെപ്സ്’.പരിഭാഷ: മരിയ റോസ്. മാതൃഭൂമി. വില 144 രൂപ.

🔳നാരങ്ങാ വെള്ളം ഒരു എനര്‍ജി ഡ്രിങ്കാണ്. ഇളം ചൂട് വെള്ളത്തില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് കുടിക്കുന്നത് ആരോഗ്യഗുണം വര്‍ധിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇളം ചൂടുള്ള നാരങ്ങ വെള്ളം കുടിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ നാരങ്ങ കൊഴുപ്പ് കുറയ്ക്കാന്‍ മാത്രമല്ല ദഹനപ്രശ്നങ്ങള്‍ അകറ്റാനും ഫലപ്രദമാണമാെന്നും വിദഗ്ധര്‍ പറയുന്നു. നാരങ്ങയിലെ വിറ്റാമിന്‍ സി ചര്‍മ്മത്തിലെ ചുളിവുകള്‍, വരണ്ട ചര്‍മ്മം, എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു. നാരങ്ങാവെള്ളത്തിലുള്ള പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞതായി തോന്നിപ്പിക്കുകയും തുടര്‍ന്ന് പൊണ്ണത്തടിയും കുടവയറും കുറയ്ക്കുന്നു. മാത്രമല്ല ബാക്ടീരിയകളെയും വൈറല്‍ ഇന്‍ഫെക്ഷനെയും അകറ്റാനും ചൂടുള്ള ചെറുനാരങ്ങ വെള്ളം സഹായകരമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്.

*ശുഭദിനം*
*കവിത കണ്ണന്‍*
രാജ്യത്തിന്റെ സൈനികാതിര്‍ത്തിയിലാണ് ആ രണ്ടു സൈനികരും കാവല്‍ നില്‍ക്കുന്നത്. ശത്രുക്കളുടെ ആക്രമണം ഏതുനിമിഷവും പ്രതീക്ഷിച്ചിരിക്കുകയാണവര്‍. അവരിലെ ഒരാള്‍ അവിടം റോന്തുചുറ്റിയതിന് ശേഷം തിരിച്ചുവന്ന് രണ്ടാമനോട് പറഞ്ഞു: എനിക്ക് നിന്നോട് ഒരു മോശം വാര്‍ത്തയും ഒരു നല്ലവാര്‍ത്തയും പറയാനുണ്ട്.’ രണ്ടാമന്‍ ചോദിച്ചു: എന്നാല്‍ മോശം വാര്‍ത്ത ആദ്യം പറയൂ.. ഒന്നാമന്‍ പറഞ്ഞു: മോശം വാര്‍ത്തയിതാണ്, നമ്മുടെ കയ്യിലുളള വെടിയുണ്ടകളെല്ലാം തീര്‍ന്നു.. ഇതുകേട്ട് മറ്റയാള്‍ ആകെ പകച്ചു. അടുത്തെങ്ങും സൈനിക ക്യാംപുകളോ സൈനികരോ ഇല്ല. ശത്രുക്കള്‍ വളരെ ക്രൂരന്മാരാണ്. അവരെ വെടിയുണ്ടകള്‍ പോലും ഇല്ലാതെ എങ്ങിനെ നേരിടും… ആ ചിന്തയ്ക്കിടയിലും അയാള്‍ നല്ലവാര്‍ത്തയെകുറിച്ച് അന്വേഷിച്ചു. ഒന്നാമന്‍ പറഞ്ഞു: അടുത്തെങ്ങും ശത്രുവിന്റെ ആക്രമണത്തിന്റെ ഒരു ലക്ഷണവും കാണുന്നില്ല. ശത്രുവിനെ ഇല്ലാതാക്കുന്നതിനേക്കാള്‍ എളുപ്പമാണ് ശത്രുതയില്ലാതാക്കുന്നത്. ശത്രുത ഇല്ലാതായാല്‍ ശത്രുവും ഇല്ലാതാകും. അവസാനിപ്പിക്കാന്‍ കഴിയാത്ത ഒരു വിരോധവും ഇല്ല, അടുക്കാനാകാത്തവിധം ആരും അകലുകയുമില്ല. പക്ഷേ, അതിനുള്ള തീവ്രമായ ആഗ്രവും ശ്രമവും ഉണ്ടാകണം. എതിര്‍ക്കുമ്പോഴും പരസ്പരം ബഹുമാനിക്കാനും ഇഷ്ടപ്പെടാനും കഴിയുന്ന ഏതെങ്കിലുമൊരു ബിന്ദു എല്ലാ ബന്ധങ്ങളിലുമുണ്ടാകും. ആ ബിന്ദുവില്‍ സ്ഥിരം കണ്ടുമുട്ടാന്‍ നമുക്ക് കഴിഞ്ഞാല്‍ ശത്രുതയും അപ്രത്യക്ഷമാകും. ശത്രുത നിലനിര്‍ത്തുന്നതിന്റെ പാതി ശ്രമം മതി, സൗഹൃദം തുടങ്ങാനും തുടരാനും. പലപ്പോഴും വെടിയുണ്ടകള്‍ക്ക് കഴിയാത്തത് പൂച്ചെണ്ടുകള്‍ക്ക് നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. നമുക്കും പൂച്ചെണ്ടുകള്‍ നല്‍കാനുള്ള മനസ്സ് നേടാനാകട്ടെ – ശുഭദിനം
➖➖➖➖➖➖➖➖

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close