കടൽത്തീരസംരക്ഷണം ഉൾപ്പെടെ തീരദേശ ജനതയുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം: മന്ത്രി സജി ചെറിയാൻ

പിആർഡി കാസർകോട്, പത്രക്കുറിപ്പ്
24-07-2021, ശനി

കടൽത്തീരസംരക്ഷണം ഉൾപ്പെടെ തീരദേശ ജനതയുടെ
പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം: മന്ത്രി സജി ചെറിയാൻ

കാസർകോട് ജില്ലയുടെ കടൽത്തീരസംരക്ഷണം ഉൾപ്പടെ തീരദേശ മേഖലയിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമുണ്ടാക്കുമെന്ന് ഫിഷറീസ്, സാംസ്‌ക്കാരിക, യുവജന കാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കാസർകോട് ജില്ലയിലെ പ്രധാന തീരദേശ മേഖലയിലും മഞ്ചേശ്വരം, കാസർകോട്, അജാനൂർ ഹാർബറുകളിലും സന്ദർശനം നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
തീരദേശ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രധാന പരിഗണനയാണ് സർക്കാർ നൽകുന്നത്. വിവിധ വകുപ്പുകളെ കോർത്തിണക്കി പ്രവർത്തനങ്ങൾ നടത്തും. അജാനൂർ ഫിഷറീസ് ഹാർബറിന്റെ പുതിയ പഠന റിപ്പോർട്ട് തയ്യാറാക്കാൻ ഏജൻസിയെ ചുമതലപ്പെടുത്തും. മൂന്നു മാസത്തിനകം റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടും. പഠനം നടക്കുമ്പോൾ തന്നെ സമാന്തരമായി വിശദമായ പ്രൊജക്ട് റിപ്പോർട്ടും എസ്റ്റിമേറ്റും തയ്യാറാക്കാൻ ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം ചീഫ് എഞ്ചിനീയർക്ക് മന്ത്രി നിർദ്ദേശം നൽകി. ഒരു വർഷത്തിനകം തന്നെ നിർമാണ പ്രവർത്തനത്തിനുള്ള നടപടി ആരംഭിക്കും.
മഞ്ചേശ്വരം ഹാർബറിൽ ഡ്രഡ്ജിങ് പ്രശ്നത്തിന് പരിഹാരം കാണും. കോട്ടിക്കുളം ഹാർബറിനുള്ള നിർദേശവും പരിഗണനയിലാണ്. എസ്റ്റിമേറ്റ് തയാറാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കടൽക്ഷോഭത്തിൽ നിന്ന് മൽസ്യത്തൊഴിലാളികളെ സംരക്ഷിക്കാൻ താമസ സൗകര്യം അർഹരായവർക്കെല്ലാം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
കാസർകോട് ഹാർബറിന്റെ നിർമ്മാണത്തിലുണ്ടായ അപാകതകൾ പരിഹരിക്കാൻ നടപടി സ്വീകരിക്കും. മഞ്ചേശ്വരം ഹാർബറിന്റെ ഭാഗമായി നടക്കുന്ന നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനും മന്ത്രി നിർദ്ദേശം നൽകി.
രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ അഡ്വ. സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരൻ, എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, എം. രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ എന്നിവർ വിവിധ പ്രദേശങ്ങളിൽ മന്ത്രിയെ അനുഗമിച്ചു. മത്സ്യബോർഡ് ചെയർമാൻ പി. കുഞ്ഞിരാമൻ, ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എൻജിനീയർ ജോമോൻ ജോർജ്, സൂപ്രണ്ടിംഗ് എഞ്ചിനീയർ കുഞ്ഞി മമ്മു പറവത്ത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുരേന്ദ്രൻ എന്നിവരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

(പടങ്ങൾ)

കടൽ മത്സ്യവിപണിയോടൊപ്പം ഉൾനാടൻ മത്സ്യ ഉൽപാദനവും
പ്രോത്സാഹിപ്പിക്കും: ഫിഷറീസ് മന്ത്രി

എല്ലാ ജലാശയങ്ങളിലും മത്സ്യകൃഷിയെന്നതാണ് സർക്കാറിന്റെ ലക്ഷ്യമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. അഞ്ചു കോടി മസ്യ കുഞ്ഞുങ്ങളെയാണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത്. ഇത് അഞ്ചു വർഷത്തിനകം 12 കോടിയാകും. വരാൽ, കരിമീൻ പോലുള്ള നാടൻ മത്സ്യകുഞ്ഞുങ്ങളെ ഉൽപ്പാദിപ്പിക്കും. ബയോഫ്ളോക് കർഷകർക്ക് സർക്കാർ മത്സ്യ കുഞ്ഞുങ്ങളെ കൊടുക്കും. മത്സ്യം സർക്കാർ മാർക്കറ്റ് ചെയ്യും. മത്സ്യഫെഡ് ഫിഷ്സ്റ്റാൾ 100ൽ നിന്ന് 200 ആക്കും. തീരദേശ വികസന കോർപറേഷൻ എല്ലാ ജില്ലകളിലും രണ്ട് സീ റസ്റ്ററന്റുകൾ വീതം ആരംഭിക്കും. ഗ്രാമീണ മേഖലയിൽ ചെറിയ റസ്റ്റോറന്റുകൾ ആരംഭിക്കും. കടൽ മത്സ്യവിപണിയോടൊപ്പം ഉൾനാടൻ മത്സ്യ ഉൽപ്പാദനവും പ്രോത്സാഹിപ്പിക്കും. കേരളത്തിലെ എല്ലാ ജലാശയങ്ങളുടേയും കണക്കെടുക്കുമെന്നും മത്സ്യ ഉൽപാദന സഹകരണ സംഘങ്ങളെ സാമ്പത്തികമായി ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യബന്ധനത്തിനിടെ മരിച്ച തൊഴിലാളികളുടെ കുടുംബങ്ങൾക്ക് മന്ത്രി ധനസഹായം കൈമാറി

കാസർകോട് മത്സ്യബന്ധനത്തിനിടെ കടൽക്ഷോഭത്തിൽ മരിച്ച നെല്ലിക്കുന്ന് കടപ്പുറത്തെ സന്ദീപ്, രതീഷ്, കാർത്തിക് എന്നിവരുടേയും മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് മരിച്ച ബാബുരാജിന്റെയും വീടുകൾ ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ സന്ദർശിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മരണപ്പെട്ട അംഗീകൃത മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നൽകുന്ന 10 ലക്ഷം രൂപയുടെ ധനസഹായത്തിന്റെ ആദ്യ ഗഡുവായ ഒരു ലക്ഷം രൂപയുടെ ഡി.ഡി. സന്ദീപിന്റെയും രതീഷിന്റെയും കുടുംബങ്ങൾക്ക് മന്ത്രി സജി ചെറിയാൻ കൈമാറി. കാസർകോട് ശ്രീകുറുംബാ ഭഗവതി ക്ഷേത്രത്തിലെ ആചാരിക സ്ഥാനികരേയും ക്ഷേത്രം കമ്മിറ്റി ഭാരവാഹികളേയും മന്ത്രി സന്ദർശിച്ചു. ആചാര സ്ഥാനികർ പൊന്നാട അണിയിച്ച് മന്ത്രിയെ സ്വീകരിച്ചു.
രാജ്‌മോഹൻ ഉണ്ണിത്താൻ എംപി, എംഎൽഎമാരായ അഡ്വ. സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരൻ, എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, എം. രാജഗോപാലൻ എന്നിവർമന്ത്രിയെ അനുഗമിച്ചു. കാസർകോട് നഗരസഭ ചെയർമാൻ വി.എം. മുനീർ, മത്സ്യബോർഡ് ചെയർമാൻ പി. കുഞ്ഞിരാമൻ, ഹാർബർ എഞ്ചിനിയറിംഗ് ചീഫ് എഞ്ചിനിയർ ജോമോൻ ജോർജ്, സൂപ്രണ്ടിംഗ് എഞ്ചിനീയർ കുഞ്ഞി മമ്മു പറവത്ത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ സുരേന്ദ്രൻ എന്നിവരും മന്ത്രിയ്ക്കൊപ്പമുണ്ടായിരുന്നു.

(പടങ്ങൾ)

തുളുഭാഷാ പൈതൃകം കാത്തുസൂക്ഷിക്കാൻ പദ്ധതികൾ നടപ്പാക്കും: മന്ത്രി സജി ചെറിയാൻ

തുളു ഭാഷാ സംസ്‌കാരത്തെയും തുളു നാടൻകലകളെയും സാഹിത്യത്തെയും ഉയർത്തിക്കൊണ്ടു വരുവാൻ പ്രത്യേകം ഇടപെടൽ നടത്തുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. കാസർകോട് ഗസ്റ്റ് ഹൗസിൽ നടന്ന ചർച്ചയിൽ സിഎച്ച് കുഞ്ഞമ്പു എം.എൽ.എ, തുളു അക്കാദമി ചെയർമാൻ ഉമേഷ് എം സാലിയാൻ, അക്കാദമി അംഗം ബാലകൃഷ്ണ ഷെട്ടിയാർ, സെക്രട്ടറി പ്രദീപ് കുമാർ എന്നിവർ സംബന്ധിച്ചു.

ഫോട്ടോ അടിക്കുറിപ്പ് (തുളു അക്കാദമി)

കാസർകോട് ഗസ്റ്റ് ഹൗസിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി സിഎച്ച് കുഞ്ഞമ്പു എം.എൽ.എ, തുളു അക്കാദമി ചെയർമാൻ ഉമേഷ് എം സാലിയാൻ എന്നിവർ സംസാരിക്കുന്നു

ഇ-കൂട്ടം ഓൺലൈൻ മൺസൂൺ ക്യാമ്പിന് തുടക്കമായി
കോവിഡ്-19 രണ്ടാം വ്യാപനഘട്ടത്തിൽ കുട്ടികളുടെ മാനസിക ശാരീരിക വികാസത്തിന് പ്രത്യേക പരിഗണന നൽകുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനതലത്തിൽ സംഘടിപ്പിക്കുന്ന ഇ-കൂട്ടം ഓൺലൈൻ മൺസൂൺ ക്യാമ്പിന് തുടക്കമായി. ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ പുഷ്പ. കെ വി അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ബിന്ദു സി.എ, പ്രൊട്ടക്ഷൻ ഓഫീസർ ഫൈസൽ എ.ജി എന്നിവർ സംസാരിച്ചു. നിർമ്മൽ കുമാർ കാടകം, ഷൈജിത്ത് കരുവാക്കോട്, ജിതേഷ് കമ്പല്ലൂർ, ഇർഫാദ് മായിപ്പാടി, ബാലചന്ദ്രൻ എരവിൽ, അഹമ്മദ് ഷെറിൻ, യതീഷ് ബല്ലാൽ എന്നിവർ വിവിധ ക്ലാസുകൾക്ക് നേതൃത്വം നൽകി.
ജില്ലാ ശിശു സംരക്ഷണ യൂണിറ്റിനാണ് ക്യാമ്പിന്റെ സംഘാടന ചുമതല. വനിതാ ശിശു വികസന വകുപ്പിന്റെയും യുനിസെഫിന്റെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികളുടെ മാനസികോല്ലാസത്തിനും വികാസത്തിനും സർഗ്ഗവസന്തം എന്ന ക്യാമ്പയിന്റെ ഭാഗമായി ഡിസ്ട്രിക്റ്റ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റുകൾ മുഖാന്തിരം വിവിധ പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചുവരികയാണ്.
കുട്ടികളിലെ ക്രിയാത്മക കഴിവുകൾ ഉണർത്തുന്നതിനും മാനസികോല്ലാസത്തിനും ഉതകുന്ന ചിത്രരചന, കരകൗശലനിർമ്മാണം, വീഡിയോ ഡോക്യുമെന്ററി നിർമ്മാണം, നൃത്തമത്സരം, ആരോഗ്യ ശുചിത്വ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ചാലെഞ്ച് എ ഫാമിലി, ഹാഷ്ടാഗ് ക്യാമ്പയിൻ, ശാസ്ത്ര പരീക്ഷണങ്ങൾ, ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പ്രത്യേക പരിപാടികളും പുരോഗമിക്കുകയാണ്. ഈ പരിപാടികളുടെ ഭാഗമായാണ് ഇ കൂട്ടം ഓൺലൈൻ മൺസൂൺ ക്യാമ്പ് നടക്കുന്നത്.
മൂന്നു ദിവസത്തെ ഇ കൂട്ടം ഓൺലൈൻ മൺസൂൺ ക്യാമ്പിൽ സംസ്ഥാനതലത്തിൽ അയ്യായിരത്തോളം കുട്ടികൾ വിവിധ ബാച്ചുകളിലായി പങ്കെടുക്കും.

ഹൈക്കോടതി വാച്ച്മാൻ: അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യണം
ജൂലൈ 30ന് നടക്കുന്ന ഹൈക്കോടതി വാച്ച്മാൻ എഴുത്ത് പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് www.hckrecruitment.nic.in ൽ നിന്ന് ഡൗൺലോഡ് ചെയ്യണമെന്ന് രജിസ്ട്രാർ അറിയിച്ചു.

ചെങ്കള ഗ്രാമ പഞ്ചായത്ത് മൊബൈൽ ഫോൺ ചലഞ്ച്: ആദ്യ ഘട്ട വിതരണം നടന്നു

ചെങ്കള പഞ്ചായത്ത് പരിധിയിൽ ഓൺലൈൻ പഠന സൗകര്യമില്ലതെ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് കൈത്താങ്ങാവാൻ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ, അധ്യാപകർ, ഇതര സർക്കാർ ജീവനക്കാർ, സന്നദ്ധ സംഘടനകൾ, പൊതു ജനങ്ങൾ എന്നിവരിൽ നിന്ന് മൊബൈൽ ഫോൺ ചലഞ്ചിലേക്ക് സ്വരൂപിച്ച തുകയിൽ നിന്ന് 100 സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സഫിയ ഹാഷിം, സ്ഥിരംസമിതി അധ്യക്ഷരായ സലീം ഇടനീർ, ഹസൈനാർ ബദ്റിയ, അൻഷിഫാ അർഷാദ്, വാർഡ് മെമ്പർമാരായ ബഷീർ എൻ എ, വേണുഗോപാലൻ, സവിത, ലത്തീഫ് സികെഎം ഗിരീഷ്, ചിത്രകുമാരി, ഹരീഷ് കെ, ഫരീദ അബൂബക്കർ, ഖൈറുന്നിസ സുലൈമാൻ, മിസിരിയ, ഹസീന റഷീദ്, പി ശിവ് പ്രസാദ്, സത്താർ പള്ളിയാൻ, ഫൈസാ നൗഷാദ്, റൈഹാന താഹിർ, രാഘവേന്ദ്ര, കദീജ പി, സർഫു ഷൗക്കത്ത്, പഞ്ചായത്ത് സെക്രട്ടറി സുരേന്ദ്രൻ എം, അസിസ്റ്റന്റ് സെക്രട്ടറി രാമചന്ദ്രൻ ജി, കൃഷ്ണ കുമാർ മാഷ് അതൃക്കുഴി, മധു മാഷ് പാണർക്കുളം, വിവിധ സ്‌കൂളുകളിലെ പ്രഥമ അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.

നീലേശ്വരത്ത് 26ന് മെഗാ കോവിഡ് പരിശോധനാ ക്യാമ്പ്
കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയുടെയും ജനമൈത്രി പൊലീസിന്റെയും നേതൃത്വത്തിൽ ജൂലായ് 26ന് നീലേശ്വരം വ്യാപാര ഭവനിൽ കോവിഡ് പരിശോധനാ മെഗാ ക്യാമ്പ് നടത്തും. നഗരസഭാ അധികൃതർ, പൊലീസ്, വ്യാപാരി, ഓട്ടോ, ടാക്സി, ലോറി, ചുമട്ട് തൊഴിലാളി സംഘടനാ പ്രതിനിധികൾ കൂടി പങ്കെടുത്ത യോഗത്തിലാണ് ഇക്കാര്യം തീരുമാനം. മെഗാക്യാമ്പിൽ കുടുംബശ്രീ അംഗങ്ങൾ, വ്യാപാരികൾ, ഓട്ടോ ടാക്സി ലോറി തൊഴിലാളികൾ, ചുമട്ടുതൊഴിലാളികൾ എന്നിവർക്കായി അറുന്നൂറോളം പേർക്കുള്ള പരിശോധനാ സൗകര്യമാണ് ഒരുക്കുന്നത്.
ജൂലായ് 28 മുതൽ കോവിഡ് പരിശോധനാ നെഗറ്റീവ് റിപ്പോർട്ടോ രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ചതിന്റെ സാക്ഷ്യപത്രമോ ഇല്ലാതെ നീലേശ്വരം നഗരത്തിൽ പ്രവേശിക്കുന്നതിനോ കടകൾ തുറക്കുന്നതിനോ തൊഴിലെടുക്കുന്നതിനോ അനുവദമുണ്ടാവില്ല.
യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, ഡെപ്യൂട്ടി തഹസിൽദാർ പി.വി തുളസീരാജ്, എസ്.ഐ ജയചന്ദ്രൻ ഇ, താലൂക്ക് ആശുപത്രി ഹെൽത്ത് സൂപ്പർവൈസർ എം. കുഞ്ഞികൃഷ്ണൻ, നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ പി.പി. മോഹനൻ, ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ പ്രദീപൻ കെ.വി, എം. ശൈലജ, കുടുംബശ്രീ സി.ഡി.എസ് ചെയർ പേഴ്സൺ കെ. ഗീത, മാഷ് പദ്ധതി കോ ഓർഡിനേറ്റർ എം. ബാബുരാജ് തുടങ്ങിയവരും വിവിധ സംഘടനാ പ്രതിനിധികളും സംസാരിച്ചു.

Information – Public Relations Department
Kasargod
Ph: 04994 255145

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close