രാമായണചിന്തകൾ “ആരോഗ്യമായുസ്സു യശസ്സുബുദ്ധി സൗഭ്രാത്രവും സൗഖ്യവുമുൾക്കരുത്തും നൽകീടുമാഖ്യാനമിതു ഋദ്ധിതേടും സത്തുക്കൾ മുട്ടാതിഹ കേട്ടിടേണം”

രാമായണചിന്തകൾ

“ആരോഗ്യമായുസ്സു
യശസ്സുബുദ്ധി
സൗഭ്രാത്രവും സൗഖ്യവുമുൾക്കരുത്തും
നൽകീടുമാഖ്യാനമിതു ഋദ്ധിതേടും
സത്തുക്കൾ മുട്ടാതിഹ കേട്ടിടേണം”

മഹാ സംസ്കാരത്തിന്റെ വിളംബര ജിഹ്വയാണ് രാമായണം. ഒരു രാജ്യ സംസ്കൃതിയുടെ ആധാരശിലയിലൂടെയൊഴുകുന്ന കാവ്യ ഗംഗാപ്രവാഹമാണ് രാമായണം. സത്യധർമ്മങ്ങളിലധിഷ്ഠിതമായ ജീവിത ശൈലിയുടെ മഹത്വം മാനവരാശിക്ക് പകർന്നു നല്കുന്ന അമൃത വൈഖരിയാണ് രാമായണം.

സത്യവും ധർമ്മവും ഭക്തിയും സമജ്ഞസമായി ലയിച്ചു ചേർന്നിരിക്കുന്ന അമൃതസഞ്ജീവനിയാണ് മഹാ ഇതിഹാസമായ രാമായണം.
ശ്രീരാമഭഗവാന്റെ കഥയാണ് രാമായണം.

രാമായണ പാരായണം ഒരു ഓർമ്മപ്പെടുത്തലാണ്. കാലാന്തരത്തിൽ മനുഷ്യൻ ധർമ്മ പാതയിൽ നിന്ന് വ്യതിചലിക്കുമ്പോൾ അവനെ നേർവഴിയിലേക്ക് നയിക്കാനുള്ള ഓർമ്മ പുതുക്കൽ.

എന്റെ കാതുകളിലേക്ക് രാമായണ ശീലുകളാദ്യമായി ഒഴുകിയെത്തുന്നത് അച്ഛന്റെ ശബ്ദത്തിലൂടെയാണ്. കർക്കിടക മാസാരംഭം മുതൽ ഉച്ചയ്ക്ക് ശേഷമുള്ള ഉച്ചത്തിലുള്ള വായനവഴി എന്നെ ആശിർവദിച്ച് അനുഗ്രഹിച്ച നിദ്രാ ഭഗവതിയെ അച്ഛനെന്നും അകറ്റി നിർത്തി. ഞാനമ്മയോട് മൊഴിയും അച്ഛന് കുറച്ച് മെല്ലെ ആലപിച്ചാൽ പോരെ ഇത്ര ഒച്ച വേണോ? അമ്മയുടെയുത്തരത്തിന് ഒട്ടും താമസമുണ്ടായില്ല കാരാകർക്കിടത്തിൽ വീട്ടിലും നാട്ടിലും നിറയുന്ന ജ്യേഷ്ഠകളെയകറ്റാൻ രോഗ ദാരിദ്ര്യമില്ലാ കാലം വരാൻ രാമനാമം ഉരുവിടണം എങ്കിലേ ഐശ്വര്യവും ആരോഗ്യവും സമ്യദ്ധിയുമുണ്ടാകൂ.

അച്ഛനുള്ള കാലമത്രയും രാമയണ ശീലുകൾ വീട്ടിലുയർന്നു കേട്ടു. അതിന് ശേഷം ആ പതിവ് തുടർന്നില്ല. പിന്നെയത് ടി.വി.യിലും ഫോണിലുമൊക്കെ തോന്നുമ്പോൾ കേൾക്കുന്ന രീതിയിലേക്ക് മാറി. എന്നാൽ രാമായണമാസാചരണ ഭാഗമായി പല ക്ഷേത്രങ്ങളിലെ പരിപാടികളും ജനസമക്ഷമെത്തിക്കേണ്ടതായുള്ള അനൗൺസ്മെന്റ് ആവശ്യകതയിൽ രാമായണത്തെ ഞാനും ഹൃദയത്തിലേറ്റി. സീതാസമേതനായ ശ്രീരാമചന്ദ്രനും ലക്‌ഷമണാദി സഹോദരൻമാരും ഭക്തവത്സലനായ ഹനുമാൻ സ്വാമിയുമെല്ലാം എന്റെ മനസ്സിന്റെ ശ്രീകോവിലിൽ സ്ഥാനമുറപ്പിച്ചു. നന്മയും തിന്മയും തമ്മിലുള്ള പോരാട്ടവും ജയപരാജയവുമെല്ലാം അല്പാല്പമായി മനസ്സിലാക്കുവാനുള്ള ശ്രമമിപ്പോഴും തുടരുന്നു. നിലക്കാത്ത ഒഴുക്കുള്ള മഹാ സാഗരമാണ് രാമായണമെന്ന ആദികാവ്യമെന്ന് പ്രമുഖരായ മഹാകവികളെല്ലാം രേഖപ്പെടുത്തിയിട്ടുമുണ്ട്.

കർക്കിടമാസത്തിൽ രാവിലെ മക്കളുടെ ചോദ്യമെത്തി അച്ഛൻ എന്താ രാമായണം വായിക്കാത്തത് ?
കുറെ പുസ്തകങ്ങളുണ്ടല്ലോ അച്ഛന്റെ പക്കൽ എന്നാൽ അതിൽ നിന്ന് രാമായണമിങ്ങ് തരൂ ഞാൻ വായിക്കാമെന്ന് കുഞ്ഞു മകൾ. അങ്ങിനെ രാമായണമെന്ന മഹാകാവ്യത്തിലെ അർത്ഥസമ്പുഷ്ടമായ വരികളിലേക്ക് അവളുടെ കുഞ്ഞു നയനങ്ങൾ പതിയട്ടെ. ഇപ്പോൾ അർത്ഥങ്ങൾ മനസ്സിലാക്കി വായിക്കുവാൻ കഴിയില്ലായിരിക്കാം പക്ഷേ കാലന്തരത്തിൽ അതിനു സാധ്യമാകട്ടെ എന്ന് പ്രാർത്ഥിക്കാം.

ഞാൻ കർക്കിടകത്തിൽ പാരായണം ചെയ്തില്ലെങ്കിലും രാമായണമെന്ന ആദികാവ്യത്തെക്കുറിച്ച് അതിന്റെ മാഹാത്‌മ്യത്തെക്കുറിച്ച് എന്റെ ചെറിയ അറിവ് കോലിൽ കുറച്ചൊക്കെ മനസ്സിലാക്കാൻ ശ്രമം നടത്തി. ഭാഗവതഹംസം മള്ളിയൂർ നമ്പൂതിരിപ്പാട് എഴുതിയത് പോലെ കാവ്യങ്ങൾ കാന്താ സമ്മിതങ്ങളാണ്. ഭാര്യ ഭർത്താവിനോടെന്നപോലെ അവ നമ്മെ ഉപദേശിക്കും. അൽപ്പം കുത്തുവാക്കുകളും ശാസനയുമുണ്ടാകും. എന്നാൽ അതിലേറെ സ്നേഹവുമുണ്ടായിരിക്കും. രാമായണവുമിങ്ങനെയാണ്

സ്നേഹമസൃണമായ ശകാരങ്ങളും ഉപദേശങ്ങളുമുണ്ട് രാമായണത്തിൽ. രാമായണം നമ്മെ പഠിപ്പിക്കുകയല്ല ജീവിതം കാണിച്ചു തരികയാണ്. രാമനിലൂടെ സീതയിലൂടെ രാവണനിലൂടെ ഹനുമാനിലൂടെ ലക്ഷ്മണ ഭരതശത്രുഘ്നൻമാരിലൂടെ വിഭീഷണനിലൂടെ മണ്ഡോദരിയിലൂടെയൊക്കെ ജീവിതാവസ്ഥകൾ ബോധ്യപ്പെടുത്തുകയാണ്.

ധർമ്മച്യുതിയുടെ കാലമാണിത്.

ശരീരവും മനസ്സും ശുചിയോടെ കാക്കേണ്ട കാലം

കോവിഡെന്ന മഹാമാരിയുടെ കാലം.

ആരോഗ്യരക്ഷയ്ക്ക് പരമപ്രാധാന്യം കൽപ്പിക്കുന്ന കാലം.
പണ്ടുമങ്ങിനെ തന്നെയാണത്രേ
കർക്കിടകമാസം മനുഷ്യന്റെ ആരോഗ്യ രക്ഷാ ചികിത്സയുടെ കാലമാണ്.
രാമായണ പാരായണം മനുഷ്യരുടെ ശരീരവും മനസ്സും ശുദ്ധി ചെയ്ത് നവചൈതന്യമേകി കാത്തുരക്ഷിക്കാനുള്ള മഹാമൃതസഞ്ജീവനിയെന്ന സിദ്ധ ഔഷധം തന്നെയെന്ന് പൂർവ്വ സൂരികളും ഓർമ്മിപ്പിക്കുന്നു.
ഹരേ രാമ ഹരേ രാമ.. രാമ രാമ ഹരേ ഹരേ..

രാമപുരം രാജു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close