ചില്ലുകൂട്ടിലെ മായികനിമിഷങ്ങളിൽ
ചില്ലുകൂട്ടിലെ മായികനിമിഷങ്ങളിൽ
സുഖസൗകര്യങ്ങളുടെ ഈ അനായാസവിനിമയകാലത്ത് പ്രണയവും വിവാഹവുമൊക്കെ താല്കാലികാവശ്യങ്ങൾക്കായുള്ള ഉടമ്പടി മാത്രമാവുകയാണ്. കൗമാരയൗവ്വനങ്ങൾ സൈബർ വേഗങ്ങളിൽ ത്രസിച്ച് കുതിക്കുമ്പോൾ വിലപ്പെട്ടതായി കരുതാനുള്ള ശാശ്വതമൂല്യങ്ങളൊന്നും അവരുടെ ജീവിതത്തിലില്ല. ബന്ധങ്ങൾ ലാഭനഷ്ടക്കച്ചവടത്തിന്റെ വ്യാപാര സമവാക്യങ്ങളിലേക്ക് അധ:പതിച്ച് കഴിഞ്ഞു . സ്ത്രീ – പുരുഷ ബന്ധം ഇത്രമേൽ പരസ്പര ബാധ്യതയാവാൻ ഇനിയൊരു തലമുറയും നിന്നു കൊടുക്കില്ല . പുറം പകിട്ടുകൾക്കകത്തെ പാരതന്ത്ര്യത്തിന്റെ പ്രത്യക്ഷചിത്രങ്ങളാണ് ഒന്നും രണ്ടും എന്ന രണ്ടാൾ ഡിജിറ്റൽ നാടകം പ്രശ്നവൽക്കരിക്കുന്നത്.
പെണ്ണ്, ആണ് എന്നിങ്ങനെ രണ്ട് കഥാപാത്രങ്ങളിലൂടെ വർത്തമാന കുടുംബ യാഥാർത്ഥ്യങ്ങളെ ആക്ഷേപഹാസ്യ രീതിയിലാണ് നാടകം അരങ്ങിന്റെ നൂതന ക്കാഴ്ച്ചയാക്കുന്നത്. പ്രണയത്തിന് അനിവാര്യമായും ഉണ്ടായിരിക്കേണ്ട കാൽപ്പനിക ഭാവങ്ങൾ പോലും യാഥാർത്ഥ്യത്തിന്റെ തീച്ചൂളയിൽ കത്തിക്കരിഞ്ഞു പോകുന്ന ദയനീയ ചിത്രം ഇവിടെ ആ വിഷ്കരിക്കുന്നു. യന്ത്രങ്ങളുടെ സഹായമില്ലെങ്കിൽ വിനിമയം ചെയ്യാൻ കഴിയാത്ത ഒരു പ്രോഗ്രാം ആയി ജീവിതം ചെറുതായിപ്പോവുന്ന ദുരവസ്ഥയിലേക്ക് ശരം പോലെ നീളുന്ന ഒരു ചൂണ്ടുവിരലാണ് ഒന്നും രണ്ടും .
കോവിഡാനന്തര അടച്ചുപൂട്ടലിന്റെ വർത്തമാന കാലത്ത് സ്വീകരിക്കേണ്ടി വന്ന സാമൂഹ്യ അകലപാലനത്തിൽ ഗുരുതര പ്രതിസന്ധി നേരിടുന്ന നാടകത്തെ ഡിജിറ്റൽ പ്ളാറ്റ് ഫോമിലും പിടിച്ച് നിർത്താനുള്ള തീവ്രയത്നത്തിലാണ് പ്രശസ്തനാടക പ്രവർത്തകരായ പ്രകാശൻ കരിവെള്ളൂരും രതീശൻ അന്നൂരും . കരിവെള്ളൂരിൽ യുവക് സംഘം എന്ന നാടക സമിതി രൂപീകരിച്ചത് തന്നെ ഇളം തലമുറയുടെ ആസ്വാദനത്തിലേക്ക് നാടകത്തേയും കണ്ണി ചേർക്കുക എന്ന കൃത്യമായ ലക്ഷ്യത്തോടെയാണ്. കൗമാരപ്രായക്കാരായ നടീ നടന്മാരെ അണിനിരത്തി ഇവർ അണിയിച്ചൊരുക്കിയ പ്രജായത്ത് 2018 ൽ നാടക് നടത്തിയ സംസ്ഥാന മത്സരത്തിൽ ഒന്നാം സ്ഥാനം നേടുകയുണ്ടായി. ഇപ്പോൾ ഒന്നും രണ്ടും എന്ന നാടകത്തിലും കൗമാരപ്രായക്കാർ തന്നെയാണ് അഭിനേതാക്കൾ.
കഴിഞ്ഞ വർഷത്തെ ലോക് down നെ 6 എന്ന ഏക പാത്ര നാടകം കൊണ്ട് പ്രതിരോധിക്കാൻ പ്രകാശനും രതീശനും അനിൽ നടക്കാവും നടത്തിയ പരിശ്രമം ഡിജിറ്റൽ നാടകത്തിന്റെ മുമ്പില്ലാത്ത സാധ്യതയാണ് തുറന്നിട്ടത്. ഇപ്പോൾ ഒന്നും രണ്ടും സ്ക്രിൻ ഭാഷയ്ക്ക് ഇണങ്ങും വിധം നാടകത്തെ ഒന്നു കൂടി ഡിജിറ്റലൈസ് ചെയ്യുകയാണ്.