
കാലം മറന്നു പോയ പടനായകൻ – സദാനന്ദ പൈ
*കാലം മറന്നു പോയ പടനായകൻ – സദാനന്ദ പ
*…………………………………
ഇങ്ങനെയും ഒരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നതായി കരിവെള്ളൂരിലെ പുതിയ തലമുറ വിശ്വസിക്കില്ല. മുപ്പതുകളുടെ തുടക്കത്തിൽ പൊതുജീവിതമാരംഭിച്ച് നാല്പതുകളിലെ തീവ്രസമരങ്ങളിൽ ജ്വലിച്ചുയർന്ന് അഗ്നിനക്ഷത്രമായി മാറിയ സദാനന്ദ പൈ ഓർമ്മയുടെ ഒരു തരി പോലും അവശേഷിപ്പിക്കാതെ ചരിത്രത്തിൻ്റെ ഇരുണ്ട ഇടനാഴിയിലെവിടെയോ അനാഥമായിക്കഴിഞ്ഞു.
“ഞങ്ങളുടെ വിളവ് ഞങ്ങൾക്ക്;
ഞങ്ങളുടെ മണ്ണ് ഞങ്ങൾക്ക് “………
ഏഴു പതിറ്റാണ്ടു മുമ്പ് കരിവെള്ളൂരിലെ പട്ടിണിക്കാരായ കർഷക മക്കൾ ഉയർത്തിയ മുദ്രാവാക്യം രാജ്യമാസകലമുള്ള കർഷകരുടെ കണ്ഠങ്ങളിൽ നിന്നുയർന്ന് ഒരു കൊടുങ്കാറ്റായി ഇന്ദ്രപ്രസ്ഥത്തെ വളയുമ്പോൾ ഡിസംബർ ചുവപ്പിൽ കരിവെള്ളൂർ പുനർജനിക്കുന്നു. സാമ്രാജ്യത്വത്തിനും അതിനെ താങ്ങി നിർത്തിയ ജന്മി-നാടുവാഴിത്തത്തിനുമെതിരായ പോരാട്ടത്തിലെ രക്തസാക്ഷികൾക്ക് മരണമില്ലെന്ന് ഡൽഹിയെ വളഞ്ഞുവെച്ച ലക്ഷക്കണക്കായ മനുഷ്യർ നവലിബറൽ കാലത്തെ കോർപ്പറേറ്റ് ജന്മിത്തത്തോടും അവർക്ക് വെള്ളവും വളവും നൽകുന്ന ഫാസിസ്റ്റ് അധികാരത്തോടും ഉറക്കെപ്പറയുന്നു.
കാർഷിക രംഗത്തെ കോർപ്പറേറ്റ് കുത്തകവൽക്കരണത്തിനും ഭക്ഷ്യ സുരക്ഷ അപകടത്തിലാക്കുന്ന കേന്ദ്ര ഭരണാധികാരികളുടെ നടപടികൾക്കുമെതിരെ സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട സമാനതകളില്ലാത്ത കർഷക പ്രക്ഷോഭത്തിന് കരിവെള്ളൂർ സമരവുമായുള്ള നാഭീനാളബന്ധം ഈ വേളയിൽ ചരിത്ര ബോധമുള്ളവർ തിരിച്ചറിയുന്നു.
ഭൂമിക്കും ഭക്ഷണത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള മഹത്തായ കരിവെള്ളൂർ സമരത്തിൻ്റെ ഓർമ്മ പുതുക്കൽ ഒരു അനുഷ്ഠാനമായി നടത്തേണ്ടതല്ല. പാർലമെൻ്ററി അധികാരത്തിൻ്റെ ചുറ്റുവട്ടങ്ങളിൽ മാത്രം താല്പര്യമുള്ളവർ; ഒരു വ്യവസ്ഥയുടെ മാറ്റത്തിനായി പൊരുതി ചോര ചൊരിഞ്ഞ കർഷകരുടെ മഹാപ്രക്ഷോഭത്തെ കേവലം ഒരു കൊടി ഉയർത്തലിൽ ഒതുക്കിയ വിചിത്രമായ സന്ദർഭത്തിലാണ് കരിവെള്ളൂർ സമരത്തിന് വീരനായകത്വം നൽകിയ, കാലം മറന്നു പോയ പടനായകൻ്റെ തീവ്രജീവിതം പ്രസക്തമാകുന്നത്.
യുവക് സംഘം പ്രവർത്തകൻ, അധ്യാപക സംഘടനാ നേതാവ്, കർഷക-കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ നേതാവ്, കരിവെള്ളൂർ സമരനായകൻ എന്നീ നിലകളിലെല്ലാം ബഹുമുഖ വ്യക്തിത്വമുള്ള കെ.വി.സദാനന്ദ പൈ എന്ന സദൻ മാഷിൻ്റെ ജീവിതം പക്ഷേ,
മറവിയുടെ മാറാല പടർന്ന് ഒരു മൂലയിലൊതുങ്ങിയത് എന്തുകൊണ്ടാണ്?
ചെറുകിട കച്ചവടക്കാരനായ വൈകുണ്ഠ പൈയുടേയും കമലാ ഭായിയുടേയും എട്ടു മക്കളിൽ ഒരാളായി കെ.വി.സദാനന്ദ പൈ ജനിച്ചത് 1915 ഏപ്രിൽ 3 നാണ്. ചരട പൈ,
വാസുദേവ പൈ, ശിവരായ പൈ, സുന്ദരീ ഭായ്, രത്നാഭായ്, രമാഭായ്, ലീലാവതി എന്നിവർ സഹോദരങ്ങൾ. കരിവെള്ളൂർ മാന്യഗുരു സ്ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ അദ്ദേഹം നീലേശ്വരം രാജാസ് ഹൈസ്ക്കൂളിൽ തുടർപഠനം നടത്തി.പoന കാലത്ത് ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ആകൃഷ്ടനായി. വിദ്യാഭ്യാസ കാലത്തിനു ശേഷം മാന്യഗുരു എലിമെൻ്ററി സ്ക്കൂളിൽ തന്നെ അധ്യാപകനായി.ദേശീയ പ്രസ്ഥാനത്തിൻ്റെ നേതാക്കൾ കൂടിയായ വി.വി.കുഞ്ഞമ്പു, കെ.കൃഷ്ണൻ മാസ്റ്റർ, കടിഞ്ഞിയിൽ നാരായണൻ മാസ്റ്റർ, കെ.പി.ആർ.മാരാർ എന്നിവർ സഹാധ്യാപകരായിരുന്നു.
സമത്വം പുലരുന്ന സോഷ്യലിസ്റ്റ് ഇന്ത്യയെ സ്വപ്നം കണ്ട പഞ്ചാബിൻ്റെ വീരപുത്രൻ ഭഗത് സിങ്ങ് രൂപം നൽകിയ നൗജവാൻ ഭാരത് സഭയിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കരിവെള്ളൂരിൻ്റെ വീരനായകൻ ഏ.വി.കുഞ്ഞമ്പുവിൻ്റെ നേതൃത്വത്തിൽ 1934 ഏപ്രിൽ 13 ന് മണക്കാട് വന്നലക്കോട്ടു വയൽക്കരയിലുള്ള കരിമ്പിൽ കുഞ്ഞിരാമൻ്റെ പീടിക മുറ്റത്ത് രൂപീകരിച്ച പ്രസ്ഥാനമാണ് അഭിനവ ഭാരത യുവക് സംഘം. കേരളത്തിലെ ആദ്യ യുവജനപ്രസ്ഥാനമായിരുന്നു ഇത്. മലബാറിലെ ചിറക്കൽ താലൂക്കിലും തെക്കൻ കാനറയുടെ ഭാഗമായ കാസർകോട് താലൂക്കിലും പടർന്നു കയറിയ യുവക് സംഘം ജന്മം നൽകിയവരാണ് കയ്യൂർ-കരിവെള്ളൂർ പോരാളികൾ. നവോത്ഥാന നായകരായ വാഗ്ഭടാനന്ദനും ആഗമാനന്ദനും കിസാൻസഭാ നേതാക്കളായ എൻ.ജി.രങ്കയും എ.കാമേശ്വർ റാവുവും ദേശീയപ്രസ്ഥാന നേതാക്കളായ പി.കൃഷ്ണപ്പിള്ള, ഇ.എം.എസ്സ്, ഏ.കെ.ജി, മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബ്ബ്, ഇ.മൊയ്തു മൗലവി, സർദാർ ചന്ദ്രോത്ത്, കെ.പി.ആർ ഗോപാലൻ, കെ.എ. കേരളീയൻ, വി.എം.വിഷ്ണു ഭാരതീയൻ, ടി. സുബ്രഹ്മണ്യൻ തിരുമുമ്പ് തുടങ്ങി ഒട്ടുവളരെപ്പേർ കരിവെള്ളൂരിലെ യുവക് സംഘത്തിൻ്റെ വാർഷിക സമ്മേളന സജീവമായി പങ്കെടുത്തവരാണ്.
അഭിനവഭാരത യുവക് സംഘത്തിൻ്റെ സജീവ പ്രവർത്തകനായ സദാനന്ദ പൈ, യുവക് സംഘത്തിൻ്റെ ദൈനംദിന പ്രവർത്തനങ്ങളിലും മണക്കാട്ടും അയത്ര വയലിലും നടന്ന മൂന്നു സമ്മേളനങ്ങളും 1939 ൽ കൊടക്കാട്ട് വെച്ചു നടന്ന അവസാന സമ്മേളനവും വിജയിപ്പിക്കാൻ മുന്നിട്ടു പ്രവർത്തിച്ചു. ഫുട്ബാളിലും ബാറ്റ്മിൻ്റനിലും മികവ് പുലർത്തിയ അദ്ദേഹം യുവക് സംഘത്തിൻ്റെ നേതൃത്വത്തിലുള്ള ഭഗത് സിങ്ങ് മെമ്മോറിയൽ സ്പോർട്സ് ക്ലബ്ബിൻ്റെ മുഖ്യ സംഘാടകനായിരുന്നു. 1938 ൽ കരിവെള്ളൂരിൽ രൂപീകരിച്ച വളണ്ടിയർ കോറിൻ്റെ ക്യാപ്റ്റനായിരുന്നു സദാനന്ദ പൈ.
സി.എം.കുഞ്ഞമ്പു നായർ, ടി.ടി.വി ചിണ്ടൻ, തോട്ടോൻ ചിണ്ടൻ,തെങ്ങുന്തറ കൃഷ്ണപ്പൊതുവാൾ, കടിഞ്ഞിയിൽ നാരായണൻ നായർ, കോളിയാടൻ നാരായണൻ നായർ, പി. കേളു എന്നിവരായിരുന്നു മറ്റംഗങ്ങൾ.
ഇടവഴി നന്നാക്കൽ, പാവങ്ങളുടെ പുര കെട്ടിയേൽ, കിണർ, കുളം തുടങ്ങിയ ജലാശയങ്ങളിലെ ചേറ് മാറ്റി വൃത്തിയാക്കൽ, രോഗികൾക്ക് വൈദ്യസഹായം നൽകൽ, തോടുകൾക്ക് പാലങ്ങൾ പണിയൽ എന്നീ ഗ്രാമോദ്ധാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ യുവക് സംഘത്തിലൂടെ സദാനന്ദ പൈ ജനകീയ നേതാവായി ഉയർന്നു വന്നു.സൗമ്യമായ പെരുമാറ്റത്തിലൂടെ നാട്ടുകാരുടെ ഹൃദയത്തിൽ ഇടം നേടി.
ഏ.വി.കുഞ്ഞമ്പുവിൻ്റെ നേതൃത്വത്തിൽ 1935ൽ കരിവെള്ളൂരിൽ രൂപീകരിച്ച കർഷക സംഘത്തിൻ്റെ മുൻനിര പ്രവർത്തകനായിരുന്നു സദൻ മാഷ്. സംഘത്തിൻ്റെ വേരുകൾ ഗ്രാമാന്തരങ്ങളിൽ പടർത്തുന്ന ശ്രമകരമായ പ്രവർത്തനങ്ങൾക്ക് സദാനന്ദ പൈ നേതൃത്വം നൽകി.
അധ്യാപകനായിരുന്ന അദ്ദേഹം ചിറക്കൽ താലൂക്ക് എയ്ഡഡ് ടീച്ചേഴ്സ് യൂണിയൻ നേതാവു കൂടിയായിരുന്നു. 1939 ഒക്ടോബർ 7 മുതൽ 101 ദിവസം നീണ്ടുന്ന അധ്യാപക സമരം മലബാറിൻ്റെ ചരിത്രത്തിലെ ഉജ്ജ്വലമായ അധ്യായമാണ്.ഗുരുജന സമാജ ബഹിഷ്ക്കരണമെന്ന ഈ സമരം അധ്യാപകരെ അവകാശബോധമുള്ളവരാക്കി മാറ്റി. രാഷ്ടനെല്ലു കടത്താൻ ജന്മിമാരും, ഗുണ്ടകളും സായുധരായ എം.എസ്.പിക്കാരുടെ സഹായത്തോടെ എത്തിയ വിവരമറിഞ്ഞ് എ.വിയുടെ നേതൃത്വത്തിൽ വടക്കുനിന്നും പുറപ്പെട്ട ജാഥയിൽ സദാനന്ദ പൈ നേതൃനിരയിലുണ്ടായിരുന്നു. കുണീയനിലെ പോരാട്ട ഭൂമിയിൽ സമര സഖാക്കൾക്ക് നേരെ പോലീസ് വെടിവെപ്പ് തുടങ്ങിയപ്പോൾ സഖാക്കൾ നിലത്ത് കമിഴ്ന്ന് കിടന്ന മുന്നോട്ടേക്ക് ഇഴഞ്ഞു നീങ്ങുകയായിരുന്നു. ഇതിനിടെ നിലത്ത് കമിഴ്ന്ന് കിടന്ന് മുന്നോട് കുതിക്കുകയായിരുന്ന സദാനന്ദ പൈയുടെ പുറത്തേക്കായിരുന്നു വയറ്റിൽ വെടിയേറ്റ് തിടിൽ കണ്ണൻ ചോരയിൽ കുളിച്ച് മറിഞ്ഞു വീണത്. യുദ്ധഭൂമിയിൽ നിന്നും പോലീസിനു പിടികൊടുക്കാതെ ഒളിവിൽ പോവുകയായിരുന്നു സദാനന്ദ പൈ. എ.വി. ഒന്നാം പ്രതിയായി 197 ആളുകളുടെ പേരിൽ പോലീസ് കേസ് റജിസ്ട്രർ ചെയ്തപ്പോൾ 12 പ്രതികളെ പിടികൂടാൻ പോലീസിനു കഴിഞ്ഞില്ല. കരിവെള്ളൂർ സമരത്തിൻ്റെ നേതൃനിരയിൽ പ്രവർത്തിച്ച് പോർമുഖത്തു നിന്നും പിടികൊടുക്കാതെ ഒളിവിൽ പോയത് സദാനന്ദ പൈ മാത്രമായിരുന്നു. പി. കുഞ്ഞിരാമൻ്റെയും, കെ.വി.കുഞ്ഞികണ്ണൻ എന്നിവരാണ് പിടികൊടുക്കാത്ത മറ്റ് രണ്ടു പ്രമുഖ നേതാക്കൾ. ഇവർ നയിച്ചജാഥ കുണിയനിൽ എത്തുമ്പോഴേക്കും വെടിവെപ്പ് നടന്നു കഴിഞ്ഞിരുന്നു. സമരമുഖത്ത് നിന്നും പിടികൊടുക്കാതെ വഴുതി മാറിയ സദാനന്ദ പൈ യെ പിടികൂടാൻ കോൺഗ്രസ്സ് ഗുണ്ടകളും, പോലീസും എല്ലാ അടവുകളും പയറ്റിയിട്ടും അതിനിടയിൽ പത്തു മാസത്തോളം സദാനന്ദ പൈ കരിവെള്ളൂരിലും പരിസരങ്ങളിലും തന്നെ ഒളിവിൽ കഴിഞ്ഞു.ഇക്കാലത്ത് നാട്ടിൽ പോലീസ് ഭീകരതാണ്ഡവമാടുകയായിരുന്നു. പോലീസിൻ്റെ നരനായാട്ടിൽ ഭയന്നു വിറച്ച ജനങ്ങളെ സമാധാനിപ്പിക്കാൻ പി.കുഞ്ഞിരാമൻ, കെ.വി.കുഞ്ഞിക്കണ്ണൻ, ടി.കെ.രാജു എന്നിവർക്കൊപ്പം സദാനന്ദ പൈ യും വീടുകൾ കയറിയിറങ്ങി. 1947 സെപ്തൻ 25 ന് തലശ്ശേരി സെഷൻസ് കോടതി കരിവെള്ളൂർ കേസിൽ വിധി പറഞ്ഞതിനു ശേഷം അദ്ദേഹത്തെ പാർട്ടി കോഴിക്കോട്ടേക്കയച്ചു.കോഴിക്കോട്ട് ഫറോക്കിൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനായി. ഒരു സോപ്പു ഫാക്ടറിയിൽ ജോലി നോക്കി. അവിടെ സുരക്ഷിതമല്ലെന്ന് മനസ്സിലായ അദ്ദേഹം 1948 ൽ പാർട്ടി നിർദ്ദേശമനുസരിച്ച് ആലപ്പുഴയിലേക്ക് മാറി. കയർ ഫാക്ടറി തൊഴിലാളിയായി. തൊഴിലാളികൾ പണിമുടക്കിനൊരുങ്ങുന്ന ഘട്ടത്തിൽ തൊഴിലാളി യൂനിയൻ ഓഫീസ് റെയിസ് ചെയ്ത പോലീസ് തൊഴിലാളികളെ അറസ്റ്റ് ചെയ്തു. കരിവെള്ളൂർ സമരത്തിലെ പിടികിട്ടാപ്പുള്ളിയായ അദ്ദേഹം യഥാർത്ഥ പേരു പറഞ്ഞാലുണ്ടാവുന്ന അപകടം തിരിച്ചറിഞ്ഞ് പോലീസിന് കെ.വിജയൻ എന്നു പേരു നൽകി. പിന്നീട് അദ്ദേഹം വിജയൻ എന്ന പേരിലാണ് അറിയപ്പെട്ടത്. 8 മാസം തടവിനു ശിക്ഷിച്ച് പൂജപ്പുര ജയിലിലാക്കി.49 ക്ടോമ്പർ 27 ന് പുന്നപ്ര വയലാർ ദിനം ജയിലിൽ ആചരിക്കാൻ തീരുമാനിച്ചു. ദിനാചരണത്തിൻ്റെ കൺവീനർ വിജയനായിരുന്നു. തടവ് ശിക്ഷ കഴിഞ്ഞ് ഒക്ടോബർ 30 ന് പുറത്തിറങ്ങേണ്ടതിന് മൂന്ന് ദിവസം മുമ്പ് ജയിലിൽ ഒക്ടോബർ 27 ന് ചെങ്കൊടി ഉയർത്തി. രോഷാകുലരായ ജയിൽ വാർഡൻമാർ തടവുകാർക്കു നേരെ ഭീകരമർദ്ദനമഴിച്ചുവിട്ടു. പതാക ഉയർന്നിയവർ തന്നെ താഴ്ത്തണമെന്നാക്രോശിച്ചു.ഒരു തുള്ളി ചോരയും, ഒരു തുണ്ടു മാസവും ബാക്കിയുള്ളതു വരെ ചെങ്കൊടി താഴ്ത്താൻ സാധിക്കില്ലന്ന് നിശ്ചയദാർഢ്യത്തോടെ വിജയൻ ഉറക്കെ വിളിച്ചു പറഞ്ഞു. തടവുകാർ സംഘടിച്ച് “രക്തസാക്ഷികൾ സിന്ദാബാദ്” എന്ന് ഉറക്കെ മുദ്രാവാക്യം വിളിച്ചു കൊണ്ടേയിരുന്നു.മുഹമ്മ അയ്യപ്പൻ്റെ വാരിയെല്ല് വാർഡൻമാർ തല്ലിയൊടിച്ചു. ഒരു സഖാവ് രക്തസാക്ഷിയായി.വി ജയനും സാരമ യി പരിക്കേറ്റു.കാലാവധി കഴിഞ്ഞ വിജയനെ ജയിൽ മോചിതനാക്കിയില്ല. ജയിലിൽ കലാപം നടത്തി എന്ന കുറ്റം ചുമത്തി ഒന്നര വർഷം കൂടി തടവിന് ശിക്ഷിച്ചു.1951 ൽ വിജയനെ പാർട്ടി ജാമ്യത്തിലിറക്കി അപ്പോഴും കരിവെള്ളൂർ സമരത്തിലെ സദാനന്ദ പൈക്കെതിരെയുള്ള വാറാണ്ട് നിലനിൽക്കുന്നുണ്ടായിരുന്നു.പാർട്ടി അദ്ദേഹത്തിന് സംസ്ഥാന കമ്മിറ്റി ഓഫീസിൻ്റെ ചുമതല നൽകി.1952ൽ അദ്ദേഹം വീണ്ടും ഒളിവിൽ രണ്ടു ദിവസം അമ്മയേക്കാണാൻ കരിവെള്ളൂരിൽ വന്നിരുന്നു.1954 ലാണ് അദ്ദേഹത്തിൻ്റെ പേരിലുണ്ടായിരുന്ന കരിവെള്ളൂർ കേസ് പിൻവലിച്ചത്. അദ്ദേഹത്തിന് സേവനം പാർട്ടീ ആസ്ഥാനത്തു തന്നെ വേണളെന്ന് പാർട്ടി തീരുമാനിച്ചതനുസരിച്ച് അദ്ദേഹം മരണം വരെ CPI സംസ്ഥാന കൗൺസിൽ ഓഫീസിൻ്റെ ചുമതലക്കാരനായി തന്നെ പ്രവർത്തിച്ചു.
ഒരു കാലത്ത് കരിവെള്ളൂരിലെ ജനകീയ നേതാവായിരുന്ന സഖാവ് സദാനന്ദ പൈയുടെ ജ്വലിക്കുന്ന ഓർമ്മകൾക്കു മുന്നിൽ ഒരു പിടി രക്തപുഷ്പങ്ങൾ……..
(1994 സെപ്തമ്പർ 26നായിരുന്നു സദാനന്ദ പൈ നമ്മെ വിട്ടു പിരിഞ്ഞത്)
/