ചുള്ളിക്കര പ്രതിഭാ വായനശാലയുടെ നേതൃത്വത്തിൽ യുവകഥാകൃത്ത് ഗണേശൻ അയറോട്ടിൻ്റെ ” സ്നേഹപൂർവ്വം”, “ചിന്നൂട്ടിയുടെ ബെല്ലിച്ഛൻ”എന്നീ രണ്ട് കഥകളെ ആസ്പദമാക്കി സാഹിത്യ സംവാദം സംഘടിപ്പിച്ചു.
ചുള്ളിക്കര പ്രതിഭാ വായനശാലയുടെ നേതൃത്വത്തിൽ യുവകഥാകൃത്ത് ഗണേശൻ അയറോട്ടിൻ്റെ ” സ്നേഹപൂർവ്വം”, “ചിന്നൂട്ടിയുടെ ബെല്ലിച്ഛൻ”എന്നീ രണ്ട് കഥകളെ ആസ്പദമാക്കി സാഹിത്യ സംവാദം സംഘടിപ്പിച്ചു.
പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ Dr. വത്സൻ പിലിക്കോട് മാഷാണ് സാഹിത്യ സംവാദം ഉദ്ഘാടനം ചെയ്തത്. വാക്കുകളിലൂടെ കഥകളും കഥകളിലൂടെ വർത്തമാനകാല യാഥാർത്ഥ്യങ്ങളും കൂട്ടിയിണക്കി നല്ലൊരു സാഹിത്യ സദ്യ തന്നെ ആയിരുന്നു മാഷിന്റെ ഭാഷണം. വായന വിവേകത്തിൻ്റെ അടയാളമാണെന്നും പുറംകാഴ്ചകൾ ഒപ്പം അകം കാഴ്ചകൾ കൂടി കാണാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
തുടർന്ന് വിഷയാവതരണം നടത്തി സംസാരിച്ച അധ്യാപകനും നാടക കലാകാരനുമായ ശ്രീ വിനോദ് ആലന്തട്ട മാഷ് ഗണേശൻ അയറോട്ടിൻ്റെ എല്ലാ കഥകളെയും പരാമർശിക്കുകയുണ്ടായി. കഥകളുടെ പേരിലെ Suitability, വ്യത്യസ്തത, പ്രമേയങ്ങളിലെ സാമൂഹികവിമർശനം എന്നിവയെല്ലാം മാഷ് വിശദീകരിച്ചു.
അദ്ധ്യാപകനും മോട്ടിവേഷണൽ സ്പീക്കറുമായ ശ്രീ.മെയ്സൺ കളരിക്കൽ ചടങ്ങിൽ മോഡറേറ്ററായിരുന്നു. JC ഡാനിയൽ എക്സലൻസി അവാർഡ് ജേതാവ് ബാലചന്ദ്രൻ കൊട്ടോടി,താലൂക്ക് ലൈബ്രറി കൗൺസിൽ ജോ. സെക്രട്ടറി ശ്രീ ബി.കെ സുരേഷ്, അദ്ധ്യാപകനായ ബാലകൃഷ്ണൻ, വെള്ളരിക്കുണ്ട് താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീ ഗംഗാധരൻ.കെ, യുവ കവയിത്രി വിമല അരീക്കര, കുമാരി വി.ഐശ്വര്യ എന്നിവർ ചർച്ചകളിൽ പങ്കാളികളായി.
തുടർന്ന് കഥാകൃത്ത് ഗണേശൻ അയറോട്ട് മറുമൊഴി നൽകി.വായനശാലാ സെക്രട്ടറി ഷാബു കെ വി സ്വാഗതവും എക്സിക്യൂട്ടീവ് അംഗം ശ്രീ.കെ മോഹനൻ നന്ദിയും പറഞ്ഞു.