മത്സ്യകൃഷിയിൽ രണ്ടാം തവണയും വിജയം കൈവരിച്ച് രാവണേശ്വരം പുതിയ കണ്ടത്തെ എൻ.അശോകൻ നമ്പ്യാർ
മത്സ്യകൃഷിയിൽ രണ്ടാം തവണയും വിജയം കൈവരിച്ച് രാവണേശ്വരം പുതിയ കണ്ടത്തെ എൻ.അശോകൻ നമ്പ്യാർ
രാവണേശ്വരം : 32 വർഷം പ്രവാസ ജീവിതം നയിച്ച രാവണേശ്വരം പുതിയ കണ്ടത്തെ എൻ.അശോകൻ നമ്പ്യാർ നാട്ടിൽ സ്ഥിരതാമസം ആക്കിയിട്ട് ഇപ്പോൾ അഞ്ച് വർഷമായി. ഇതിനിടയിൽ തെങ്ങ്, വാഴ, മറ്റു പച്ചക്കറികൾ, പശു പരിപാലനം,കോഴി വളർത്തൽ തുടങ്ങിനിരവധി കൃഷികൾ അശോകൻ നമ്പ്യാർ ചെയ്തു വരുന്നതിനിടയിലാണ് മത്സ്യ കൃഷിയിലേക്ക് തിരിഞ്ഞത്. കഴിഞ്ഞ വർഷം ചെയ്ത മത്സ്യ കൃഷിയിലും നല്ല വിളവ് ലഭിച്ചിരുന്നു.സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അജാനൂർ പഞ്ചായത്തിന്റെയും ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെയും സഹായത്തോടെയാണ് മത്സ്യ കൃഷി ചെയ്യുന്നത്. ഒരു പ്രോജക്ടിന് ഒരു ലക്ഷത്തി 23 ആയിരം രൂപയാണ് ഫിഷറീസ് ഡിപ്പാർട്ട്മെന്റ് കണക്കാക്കുന്നത്. ഇതിൽ 40 ശതമാനം സബ്സിഡിയായി കർഷകന് ലഭിക്കുന്നു. ഇരുപത്തി ഒൻപതിനാ യിരം രൂപ പഞ്ചായത്തിന്റെയും 16400രൂപ ഫിഷറീസ് ഡിപ്പാർട്ട്മെന്റ്ന്റെയും. ഇതിന് ആവശ്യമായ മത്സ്യകുഞ്ഞുങ്ങളെ ഫിഷറീസ് ഡിപ്പാർട്ട്മെന്റാണ് നൽകുന്നത്. 10 മീറ്റർ നീളവും എട്ടു മീറ്റർ വീതിയും രണ്ടര മീറ്റർ ആഴവുമുള്ള കൃത്രിമ കുളം നിർമിച്ചാണ് മത്സ്യ കൃഷിക്കായി പദ്ധതി തയ്യാറാക്കുന്നത്. ഇതിലേക്ക് 1000 ആസാം വാള കുഞ്ഞുങ്ങളെ നിക്ഷേപിച്ച് പിന്നീട് തീറ്റയും നൽകിയാണ് അശോകൻ നമ്പ്യാർ ഇപ്പോൾ മത്സ്യ കൃഷിയിൽ നൂറുമേനി കൊയ്തെടുത്തിരിക്കുന്നത്. ഏകദേശം ആറ് മാസമാണ് ഇവയുടെ വിളവെടുപ്പ് കാലം എങ്കിലും കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നത് മൂലം കഴിഞ്ഞ മാർച്ചിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച ശേഷം ഇപ്പോൾ ഡിസംബറിലാണ് അശോകൻ നമ്പ്യാർ വിളവെടുപ്പ് നടത്തിയിരിക്കുന്നത്. വിളവെടുപ്പ് നടത്തിയ ഒരു ആസാം വാള മത്സ്യത്തിന് ഏകദേശം 400 ഗ്രാം തൂക്കം വരും. തന്റെ കൃഷിക്കാവശ്യമായ പ്രോത്സാഹനവുമായി ഭാര്യ കെ.കാർത്ത്യായനിയും മകളായ ശ്രുതിയും കൂടെയുണ്ടെന്ന് അശോകൻ നമ്പ്യാർ പറയുന്നു. എന്നാൽ മത്സ്യവിപണനാം നടത്തുന്നതിന് ഏറെ പ്രയാസം നേരിടുന്നു എന്നും ഇതിന് അധികാരികളുടെ ഭാഗത്തുനിന്ന് ഇടപെടലുകൾ ഉണ്ടാവണമെന്നും അശോകൻ നമ്പ്യാർ സൂചിപ്പിച്ചു. മത്സ്യകൃഷിയുടെ വിളവെടുപ്പും ആദ്യ വില്പനയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.ജി.പുഷ്പ നിർവഹിച്ചു. അജാനൂർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ പി. മിനി, അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പിന്റെ പ്രൊമോട്ടർമാരായ
കെ. ശരണ്യ,
യു.നദാഷ എന്നിവർ സംസാരിച്ചു. അജാനൂർ പഞ്ചായത്തിലെ മത്സ്യ കർഷകർക്ക് ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ ഭാഗത്തുനിന്ന് എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കുന്നുണ്ടെന്ന് പ്രമോട്ടർ ശരണ്യ പറഞ്ഞു.