
കാഞ്ഞങ്ങാടിന്റെ മുഖം തിളങ്ങുന്നു; ടൗണ്‍ സ്ക്വയര്‍ നിര്‍മാണം തുടങ്ങി*
*കാഞ്ഞങ്ങാടിന്റെ മുഖം തിളങ്ങുന്നു; ടൗണ്‍ സ്ക്വയര്‍ നിര്‍മാണം തുടങ്ങി*
22.09.2021
വിനോദ രംഗത്ത് നഗരത്തിന്റെ മുഖഛായ മാറ്റുന്ന കാഞ്ഞങ്ങാട് ടൗണ്‍ സ്ക്വയര്‍ നിര്‍മാണം പുരോഗമിക്കുന്നു. കാസര്‍കോട് വികസന പാക്കേജില്‍ പെടുത്തി 59 ലക്ഷത്തിന്റെ പദ്ധതിയും ടൂറിസം വകുപ്പിന്റെ പദ്ധതിയില്‍ പെടുത്തി 4.98 കോടിയുടെ പദ്ധതിയുമാണ് നടപ്പിലാക്കുന്നത്. രണ്ടു പണികളും പുരോഗമിക്കുകയാണ്. കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളിന് മുന്‍പിലാണ് കാസര്‍കോട് വികസന പാക്കേജില്‍ അനുവദിച്ച നിര്‍മാണങ്ങള്‍ നടക്കുന്നത്. ഇവിടെ ആംഫി തിയറ്ററും നടപ്പാതയും ഭക്ഷണശാലയും പാര്‍ക്കിങ് ഏരിയയും വരും. ഇതിന് പുറമേ 7 ലക്ഷം രൂപ ചെലവിട്ട് ശുചിമുറി സമുച്ചയവും നിര്‍മിക്കും.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന് സമീപമുള്ള സ്ഥലത്താണ് ടൂറിസം വകുപ്പിന്റെ പദ്ധതി വരുന്നത്. ഇവിടെ ഒരേസമയം 15 കാറുകള്‍ക്കും 20 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സ്ഥലം, കച്ചവട സ്ഥാപനങ്ങള്‍ക്കുള്ള സൗകര്യം, റെയിന്‍ പവലിയന്, കച്ചവട സൗകര്യം, റാംപുകള്‍, ഇരിപ്പിടങ്ങള്‍, സ്ത്രീകളുടെയും പുരുഷന്മാരുടെയും ശുചിമുറി, മുലയൂട്ടുന്ന അമ്മമാര്‍ക്ക് പ്രത്യേക സൗകര്യം, സ്റ്റോര്‍ റൂം, ഇലക്ട്രിക്കല്‍ റൂം, ലഘുഭക്ഷണ ശാല, കളി സ്ഥലം, പ്രദര്‍ശന നഗരി, മഴവെള്ള സംഭരണി, തെരുവു വിളക്കുകള്‍, വയോജന വിശ്രമകേന്ദ്രം, കുട്ടികളുടെ കളി സ്ഥലം, സിസിടിവി സംവിധാനം, സെക്യൂരിറ്റി കാബിന്, ആംഫി തിയറ്റര്‍, ആര്‍ട് ഗാലറി, വായന കേന്ദ്രം തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും. പദ്ധതികള്‍ യാഥാര്‍ഥ്യമാകുന്നതോടെ കാഞ്ഞങ്ങാട് നഗരത്തില്‍ ഒഴിവു സമയങ്ങള്‍ ചെലവഴിക്കാന്‍ മികച്ച സൗകര്യമുള്ള സ്ഥലം ലഭ്യമാകും.