കിനാപ്പക്ഷിയായി വിജി കയ്യൂർ പാടുന്നു..”കിനാപ്പക്ഷിയുടെ പാട്ട്”-കാവ്യസമാഹാരം പ്രകാശനത്തിനൊരുങ്ങുന്നു.
*കിനാപ്പക്ഷിയായി വിജി കയ്യൂർ പാടുന്നു..”കിനാപ്പക്ഷിയുടെ പാട്ട്”-കാവ്യസമാഹാരം പ്രകാശനത്തിനൊരുങ്ങുന്നു.*
കയ്യൂർ – അധ്യാപനത്തിന്റെയും കുടുംബ ജീവിതത്തിന്റെയും ഉത്തരം മുട്ടിക്കലുകളിൽ കുടുങ്ങാതെ കവിതകൾ കൊണ്ട് സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയാണ് വിജി കയ്യൂർ . ജന്മം കൊണ്ട് ചേർത്തലയെങ്കിലും പ്രൈമറി ക്ളാസ് തൊട്ട് പഠിച്ചതും വളർന്നതും കയ്യൂരിൽ .പോരാട്ടത്തിൻ്റെ വടക്കൻ കാറ്റേറ്റ് വളർന്ന മനസ്സാണ് വിജിയുടേത്. ചിത്രകലാധ്യാപകനായ പിതാവ് കുമാരൻ മാഷായിരുന്നു എഴുത്തിലും ജീവിതത്തിലും ഗുരുനാഥൻ . G LP S വെള്ളാട്ട് അധ്യാപികയായി ജോലി ചെയ്യുമ്പോഴും അക്ഷരത്തെ ധ്യാനിക്കു കയായിരുന്നു ഈ എഴുത്തുകാരി.
നാളിതു വരെയായി കുത്തിക്കുറിച്ചതിൽ കൊള്ളാവുന്നത് ഇ കെ നായനാർ ആർട്ട്സ് & സ്പോർട്ട്സ് ക്ളബ്ബ് കയ്യൂർ പുസ്തകമാക്കുമ്പോൾ വിജിക്കുള്ള ചാരിതാർത്ഥ്യം പറഞ്ഞറിയിക്കാൻ പറ്റുന്നതിലുമപ്പുറമാണ്.
പുസ്തക പ്രവർത്തക സംഘത്തിന്റെ 2021 ലെ ഫെലോഷിപ്പിന് അർഹയായ ഈ എഴുത്തുകാരിക്ക് സാഹിത്യ സംഗമവേദി എഫ് ബി കൂട്ടായ്മയുടെ 2021-ലെ ‘കാവ്യോദയം പുരസ്കാരം ‘ ലഭിച്ചിട്ടുണ്ട്. ഇതു വരെ എഴുതിയതിൽ നിന്നും തെരഞ്ഞെടുത്ത അമ്പത്തി ഒന്ന് കവിതകൾ ഉൾക്കൊള്ളുന്ന ഇപ്പോൾ പ്രസിദ്ധീകരിക്കുന്ന “കിനാപ്പക്ഷിയുടെ പാട്ടിന് ”അവതാരിക നിർവഹിച്ചത് പ്രശസ്ത കവി മാധവൻ പുറച്ചേരിയാണ്.
കാവ്യം കണ്ണാടി നോക്കുന്ന ഈ കാവ്യക്കൂട്ട് പ്രശസ്ത കവിയും ചിത്രകാരനുമായ ഡോ. സോമൻ കടലൂർ ജനുവരി 26-ന് കയ്യൂരിൽ വെച്ച്
പ്രകാശനം ചെയ്യും. ഭർത്താവ് രാജൻ, മക്കൾ ആദിത്യ, ആര്യ എന്നിവരടങ്ങുന്ന
കുടുംബം ഈ കിനാപ്പക്ഷിക്ക് എഴുത്തു വഴികളിൽ ഒരു ഭാരമാകുന്നില്ല എന്നു മാത്രമല്ല, പറക്കാനുള്ള ചിറകുകൾ മാത്രമേ സമ്മാനിക്കുന്നുള്ളൂ.