കൃഷിയാണ് എല്ലാം.* കാനാകൃഷ്ണൻ നായർ, റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ
*കൃഷിയാണ് എല്ലാം.*
കാനാകൃഷ്ണൻ നായർ, റിട്ട. റവന്യൂ ഉദ്യോഗസ്ഥൻ.
നീണ്ട മുപ്പത്തിയാറ് വർഷം സർക്കാരുദ്യോഗം. പിലിക്കോട് വറക്കോട്ടു വയലിൽ അമ്പു പൊതുവാളിൻ്റെയും, കാനാ ലക്ഷ്മിയമ്മയുടെയും മകൻ. എഴുപത്തിയഞ്ചാം വയസ്സിലും തൻ്റെ കൃഷിയോടുള്ള അടുപ്പം, രോഗത്തെപ്പോലും മാറ്റി നിർത്തിയിരിക്കുകയാണ്. പിലിക്കോട് മലപ്പ് പാടാളം നെൽ വയലിലും, വറക്കോട്ടുവയലിലും വർഷങ്ങളായി തൻ്റെ കൃഷിയിടങ്ങളിൽ നെൽകൃഷി നടത്തി വരുന്നു. ഇടവേളകൃഷിയായി വറക്കോട്ടു വയലിൽ ഇപ്പോൾ പച്ചക്കറി കൃഷിയെടുക്കുകയാണ്.
രോഗം വല്ലാതെ പിറകോട്ടു വലിക്കുമ്പോഴും തൻ്റെ ഇച്ഛാശക്തി, വിശ്രമരഹിതമായി തന്നെ കൃഷിയിടത്തിലെത്തിക്കുകയാണ്. ഭാര്യ കുന്നിയൂർ പ്രമീള,മക്കളായ ജിഗീഷ്കുമാർ, സന്തോഷ്കുമാർ എന്നിവരും ഒപ്പരമുണ്ട്.
കോളി ഫ്ലവർ, കാബേജ്, പച്ചമുളക്, വഴുതിന, വെണ്ട, ചീര, പാവയ്ക്ക, നരമ്പൻ, പടവളം, മത്തൻ, കുമ്പളങ്ങ, പയർ, തക്കാളി എന്നു വേണ്ട സകല പച്ചക്കറികളും വിളവെടുക്കാൻ ഒരുങ്ങുകയാണ്. ഒഴിവുള്ള സ്ഥലങ്ങളിൽ മധുരക്കിഴങ്ങും സുലഭമായി വളരുന്നു.
ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കൃഷ്ണൻ നായർ കർഷകർക്ക് മികച്ച മാതൃകയാണ്.മലപ്പ് – പാടാളം ഹരിതസംഘം പ്രസിഡൻ്റ് കൂടിയാണ്.
ആരോഗ്യ പ്രശ്നങ്ങളാൽ, ഈ വർഷം മലപ്പ് പാടാളത്തെ തൻ്റെ കൃഷിയിടത്തിൽ നെൽകൃഷി ചെയ്യാനും പറ്റിയില്ല. എങ്കിലും, ആ നഷ്ടബോധത്തെ പച്ചക്കറി കൃഷിയിൽ നൂറുമേനിയാക്കാനാണ് ശ്രമിക്കുന്നത്.
പിലിക്കോട് ഗ്രാമപഞ്ചായത്തിൻ്റെ വാർഡ് കൺവീനർ എന്ന നിലയിൽ പത്തു വർഷത്തോളം പ്രവർത്തിച്ചു.ഒപ്പം തൻ്റെ പന്ത്രണ്ടാം വാർഡിലെ ഗ്രാമവാസികളോടൊപ്പം കാർഷിക-ക്ഷേമകാര്യങ്ങളിലും, കുടുംബശ്രീ, കർഷക സംഘം, പിലിക്കോട് രയര മംഗലം ഭഗവതി ക്ഷേത്രം നവീകരണ സമിതി തുടങ്ങിയിടങ്ങളിലും സജീവമായി തന്നെയുണ്ട്.