അനുഭവത്തിൻ്റെ കരുത്തും വാക്കിൻ്റെ മൂർച്ഛയും ഉൾച്ചേർത്ത് മലയാള നാടകവേദിക്ക് പുതിയൊരു മുഖം നൽകിയ നീലേശ്വരം രാജ് മോഹനന് പ്രിയശിഷ്യരുടെ സ്നേഹാദരം.
ഈ ഓർമ്മകൾക്ക്
എന്തൊരിഴയടുപ്പം
നീലേശ്വരം: അനുഭവത്തിൻ്റെ കരുത്തും വാക്കിൻ്റെ മൂർച്ഛയും ഉൾച്ചേർത്ത് മലയാള നാടകവേദിക്ക് പുതിയൊരു മുഖം നൽകിയ നീലേശ്വരം രാജ് മോഹനന് പ്രിയശിഷ്യരുടെ സ്നേഹാദരം.
തുടർച്ചയായ മൂന്നു ദിവസത്തിനുള്ളിൽ മൂന്ന് പുരസ്‌കാരങ്ങൾ തേടിയെത്തിയ പ്രശസ്‌ത നാടകരചയിതാവും സംവിധായകനും നടനുമായ നീലേശ്വരം രാജ്‌മോഹനൻ മാസ്‌റ്ററെ അദ്ദേഹവുമായി ഏറെ ആത്മബന്ധമുള്ള നീലേശ്വരം പ്രതിഭ കോളേജിലെ 84–- 87 ബാച്ചിലെ ഏതാനും ശഷ്യർ ചേർന്നാണ് ആദരിച്ചത്. ജീവിതം തുന്നുന്നവർ എന്ന നാടകത്തിന് അബുദാബി ശക്തി അവാർഡ്, ഇടശ്ശേരിക അവാർഡ്, നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്ക് സംഗീത നാടക അക്കാദമി പുരസ്കാരം എന്നിവയാണ് തുടർച്ചയായ മൂന്നു ദിവസങ്ങളിൽ രാജ് മോഹനന് ലഭിച്ചത്.
രാജ് മോഹനൻ്റെ ജന്മദേശമായ നീലേശ്വരം തെരുവിൻ്റെ പശ്ചാത്തലത്തിൽ ശ്യാമ ശശി വരച്ച മനോഹരമായ ചിത്രം സമ്മാനിച്ചാണ് പ്രതിഭയിലെ പ്രിയശിഷ്യർ തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ ആദരിച്ചത്. ഒപ്പം മാഷിൻ്റെ അനർഘ ളമായ വാക്ചാതുരിയിൽ മനസിൽ പതിഞ്ഞ കടമ്മനിട്ടയുടെ ശാന്തയും കർണഭൂഷണവും തോമസ്മാൻ്റെ മാറ്റി വച്ച തലകൾ എന്ന നോവലിലെ നന്ദനും ശ്രീദാമനുമൊക്കെ ഓർത്തെടുത്ത് അവർ വേദിയിൽ പങ്കുവച്ചു.
എല്ലാ പുരസ്കാരങ്ങൾക്കുമപ്പുറത്ത് നിധിയായി മനസ്സിൽ പതിഞ്ഞു നിൽക്കുന്നതാണ് എൻ്റെ പ്രിയശിഷ്യർ നൽകിയ സ്നേഹാദരമെന്ന് രാജ് മോഹനൻ പറഞ്ഞു.
ചടങ്ങിൽ അച്ചുതൻ അദ്ധ്യക്ഷനായി. പി വി നാരായണൻ ഉപഹാരം സമ്മാനിച്ചു. ശ്യാമ ശശി പൊന്നാട അണിയിച്ചു. ജനാർദ്ദനൻ സംസാരിച്ചു. പ്രഭാകരൻ ബങ്കളം സ്വാഗതവും ഗോപാലൻ നന്ദിയും പറഞ്ഞു.