പ്രവർത്തന മികവിന് അംഗീകാരം കൃഷ്ണചന്ദ്രൻ സ്മാരക തുളുനാട് അവാർഡ് ഇസ്സത്തുലിന്
പ്രവർത്തന മികവിന് അംഗീകാരം
കൃഷ്ണചന്ദ്രൻ സ്മാരക തുളുനാട് അവാർഡ് ഇസ്സത്തുലിന്

ചെറുവത്തൂർ: അടച്ചുപൂട്ടലിൻ്റെ വക്കിൽ നിന്നും മികവിലേക്കുയർന്നു വന്ന ചന്തേര ഇസ്സത്തുൽ ഇസ്ലാം എ എൽ പി സ്കൂളിന് കൃഷ്ണചന്ദ്ര സ്മാരക വിദ്യാഭ്യാസ അവാർഡ്. വിദ്യാഭ്യാസ മേഖലയിലെ മികവാർന്ന പ്രവർത്തനങ്ങൾക്ക് തുളുനാട് മാസികയാണ് അംഗീകാരം നൽകുന്നത്. 1947 ൽ സ്ഥാപിതമായ വിദ്യാലയം കഴിഞ്ഞ പത്തു വർഷത്തിനിടയിൽ നേടിയെടുത്ത അംഗീകാരങ്ങൾ നിരവധിയാണ്. നൂറിൽ താഴെ കുട്ടികളുണ്ടായിരുന്ന വിദ്യാലയത്തിൽ ഇപ്പോൾ പ്രീ പ്രൈമറി ഉൾപ്പെടെ 350 കുട്ടികൾ പഠിക്കുന്നു. ഹരിത വിദ്യാലയം റിയാലിറ്റി ഷോയിലെ വിജയം, സംസ്ഥാന – ദേശീയ മികവുത്സവങ്ങളിലെ പങ്കാളിത്തം, ബെസ്റ്റ് പി ടി എ അവാർഡ്, മേളകളിലെ ഓവറോൾ കിരീട നേട്ടങ്ങൾ,
.മികച്ച സയൻസ് ക്ലബ്ബ്,
.മികച്ച സാമൂഹ്യ ശാസ്‌ത്ര ക്ലബ്ബ്, തിളക്കമാർന്ന
.എൽ എസ് എസ് വിജയങ്ങൾ, ശുചിത്വ പുരസ്ക്കാരം എന്നിവയെല്ലാം വിദ്യാലയ മികവിൻ്റെ അടയാളങ്ങളാണ്. ക്യു ആർ കോഡ് ഉൾപ്പെടുത്തിയ പ്രവർത്തന പുസ്തകങ്ങൾ, കുട്ടികളുടെ ഫോട്ടോ ഉൾപ്പെടുത്തിയ കലണ്ടർ എന്നിവയെല്ലാം കുട്ടികളുടെ വീടുകളിൽ എത്തിച്ചും ഓൺലൈൻ കലോത്സവം, ബാലസഭ എന്നിവയെല്ലാം സംഘടിപ്പിച്ചും കൊവിഡ് കാലത്ത് വിദ്യാലയം കുട്ടികൾക്കൊപ്പം നിന്നു. സ്കൂളുകളിൽ നടന്നിരുന്ന മികവുത്സവങ്ങളെ വീട്ടുമുറ്റങ്ങളിൽ എത്തിച്ച് വിദ്യാലയം സംസ്ഥാന തലത്തിൽ ശ്രദ്ധ നേടിയിരുന്നു. സ്കൂൾ ചുമരുകളിലും പൊതു ഇടങ്ങളിലും ഒരുക്കിയ തുറന്ന ലൈബ്രറികൾ വിദ്യാലയത്തിലെ വേറിട്ട കാഴ്ചയാണ്. സ്കൂൾ ജൈവവൈവിധ്യ ഉദ്യാന മാതൃക അധ്യാപക പരിശീലനങ്ങളിൽ പങ്കുവയ്ക്കപ്പെട്ടിരുന്നു.
തുളുനാട് എഡിറ്റോറിയൽ കമ്മറ്റി, പ്രകാശൻ കരിവെള്ളൂർ, എൻ ഗംഗാധരൻ, ശ്യാം ബാബു വെള്ളിക്കോത്ത്, കെ.വി സുരേഷ് കുമാർ എന്നിവരടങ്ങുന്ന ജൂറിയാണ് വിധി നിർണ്ണയിച്ചത്. മെയ് മാസം കാഞ്ഞങ്ങാട് നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

ഇസ്സത്തുൽ ഇസ്ലാം എ എൽ പി എസ് ചന്തേര





