ഉദിനൂർ സെൻട്രലിന് വീണ്ടും പ്രവര്‍ത്തന മികവിൽ അംഗീകാരം – – – – – – – – – – – –
ഉദിനൂർ സെൻട്രലിന് വീണ്ടും പ്രവര്‍ത്തന മികവിൽ അംഗീകാരം
– – – – – – – – – – – –
അക്കാദമിക മികവ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളില്‍ നടപ്പിലാക്കി വരുന്ന മികച്ച വിദ്യാഭ്യാസ മാതൃകകള്‍ കണ്ടെത്തി അംഗീകാരം നല്‍കുകയും അവ വ്യാപിപ്പിക്കുന്നതിൻറെയും ഭാഗമായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി അംഗങ്ങൾ ഉദിനൂർസെൻട്രൽ എ യു പി സ്കൂൾ സന്ദർശിച്ചു .
വിദ്യാഭ്യാസ ഗുണമേന്മ വര്‍ദ്ധിപ്പിക്കല്‍, അക്കാദമിക മികവ്, വിവിധ പഠന-പരിപോഷണപദ്ധതികള്‍, അക്കാദമിക വിലയിരുത്തല്‍ തുടങ്ങിയവയിലെ മികച്ച മാതൃകകളാണ് എസ്.സി.ഇ.ആര്‍.ടി അന്വേഷിക്കുന്നത്. ഇതിന്റെ ഒന്നാം ഘട്ട പ്രവർത്തനത്തിൽ വിദ്യാലയങ്ങളിൽ നിന്നും അയച്ചു കിട്ടിയ മികവുകൾ പരിശോധിക്കുകയും അവയുടെ ചുരുക്കപ്പെട്ടിക തയ്യാറാക്കുകയും ചെയ്ത ശേഷം രണ്ടാംഘട്ട പ്രവർത്തനമായ വിദ്യാലയസന്ദർശനത്തിന്റെ ഭാഗമായാണ് എസ് സി ഇ ആർ ടി , ഡയറ്റ് പ്രതിനിധികൾ വിദ്യാലയത്തിലെത്തിയത്. ഒന്നാം ഘട്ടത്തിൽ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാലയങ്ങളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടതിലെ സന്തോഷം അധ്യാപകരും കുട്ടികളും എസ് സി ആർ ടി – ഡയറ്റ് ടീം അംഗങ്ങളുമായി പങ്കുവച്ചു . എൽ എസ് എസ് , യു എസ് എസ് പരീക്ഷകളിൽ 80 വിജയികളെ സൃഷ്ടിച്ചു കൊണ്ട് സംസ്ഥാനത്തെ മികച്ച വിജയം കൈവരിച്ച വിദ്യാലയത്തിന് ഇത് ഇരട്ടി മധുരമായി. കുട്ടികളുമായി സംവദിച്ച ടീം വിദ്യാലയമികവായ , ‘മാതൃഭാഷ ലോകഭാഷ ‘ പരിപാടിയിലും വിദ്യാലയത്തിൻറെ മറ്റു പ്രവർത്തനങ്ങളിലും നിറഞ്ഞ സംതൃപ്തി രേഖപ്പെടുത്തി. വിദ്യാലയത്തിൽ നടക്കുന്ന വേറിട്ട പ്രവർത്തനമായ , അധ്യാപകരുടെ വായനക്കൂട്ടം ‘ വാക്കുര ‘ യെ കുറിച്ച് , ടീമംഗമായ എസ് സി ഇ ആർ ടി റിസർച്ച് ഓഫീസർ അഭിലാഷ് എടുത്തുപറഞ്ഞു . പ്രധാനാധ്യാപിക പി . കൈരളി എസ് ആർ ജി കൺവീനർ ടി ബിന്ദു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.