ഓർമ്മകളുടെ കിളിവാതിൽ തുറന്ന് സതീർഥ്യരുടെ പടിയിറക്കം.
ഓർമ്മകളുടെ കിളിവാതിൽ തുറന്ന് സതീർഥ്യരുടെ പടിയിറക്കം.
ചെറുവത്തൂർ: മികവിന്റെ പാതയിൽ ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയ കളിക്കൂട്ടുകാരായ രണ്ടു പ്രഥമാധ്യാപകരുടെ സർക്കാർ സർവ്വീസിൽ നിന്നുമുള്ള പടിയിറക്കം കൗതുകമുണർത്തുന്നതായി. ജനകീയ വിദ്യാഭ്യാസ പദ്ധതിയുടെ പ്രചാരകരായ മേലാങ്കോട്ട് എ.സി. കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ പ്രഥമാധ്യാപകൻ ഡോ. കൊടക്കാട് നാരായണൻ , പാടിക്കീൽ ഗവ.യു.പി.സ്കൂൾ പ്രഥമാധ്യാപകൻ വി.ദാമോദരൻ എന്നിവരുടെ റിട്ടയർമെന്റാണ് ഏറെ വ്യത്യസ്തമായ അധ്യായമായത്. ആർഭാടങ്ങളില്ലാതെ വിദ്യാലയം വിട്ടിറങ്ങിയ ഇരുവരും സംഗമിച്ചത് അക്ഷരങ്ങളോടൊപ്പം ആദ്യമായി കൂട്ടുകൂടിയ പഴയ വിദ്യാലയ തിരുമുറ്റത്ത്. അമ്പത്തി ഒന്ന് വർഷം മുമ്പ് 1971 ൽ കൊടക്കാട് ഓലാട്ട് ഏ യു.പി സ്കൂളിൽ പഠിച്ച ഒന്നാം തരത്തിലും വരാന്തയിലും മുറ്റത്തും ഇരുന്നും നടന്നും ഓർമ്മകളെ വരവിളിച്ചുണർത്തി ഇരുവരും . ഒന്നാം തരം തൊട്ട് അധ്യാപക പരിശീലനം വരെ ഒരുമിച്ചു നടത്തിയ സഹപാഠികളായിരുന്നു ഇരുവരും. പിന്നീട് അധ്യാപകരായി രണ്ടു വഴിക്ക് നീങ്ങിയെങ്കിലും തങ്ങളുടെ സൗഹൃദത്തിന് ഒരു പോറലുമേലക്കാതിരിക്കാൻ ശ്രദ്ധിച്ചു. ഒരേ മുറിയിൽ കിടന്ന് പഠിച്ചും വിദ്യാലയ വികസനം ആസൂത്രണം ചെയ്തും സ്നേഹത്തിന്റെ കരുതൽ കെടാതെ സൂക്ഷിച്ചു.ജോലി ചെയ്ത വിദ്യാലയങ്ങളെയെല്ലാം മികവിന്റെ ഇടങ്ങളാക്കി പൊതു വിദ്യാഭ്യാസത്തിന് പ്രചുര പ്രചാരം നൽകി. ഡോ.കൊടക്കാട് നാരായണൻ ചാത്തങ്കെ, കൂട്ടക്കനി, ബാര, മുഴക്കോം, കാഞ്ഞിരപ്പൊയിൽ, മൗക്കോട്, അരയി , മേലാങ്കോട്ട് എന്നി വിദ്യാലയങ്ങളിലും വി.ദാമോദരൻ കീഴൂർ, കാഞ്ഞിരപ്പൊയിൽ,കയ്യൂർ, പാടിക്കീൽ എന്നീ വിദ്യാലയങ്ങളിലും പൊതു സമൂഹത്തിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ പ്രവർത്തകർക്കും തദ്ദേശ ഭരണ വകുപ്പ് ജനപ്രതിനിധികൾക്കും ഇന്ന് ഒരു പാഠപുസ്തകമാണ്. ഇവരുടെ വിദ്യാലയങ്ങളിലേക്ക് സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുള്ള സന്ദർശകരുടെ പ്രവാഹം പതിവു കാഴ്ചയാണ്. ഔദ്യോഗിക ജീവിത്തിന് വിരാമമായ ഇന്നലെ ഇരുവരും പഴയ ഒന്നാം ക്ലാസിൽ തിരിച്ചെത്തി. തങ്ങൾക്ക് .അധ്യാപകരാകാൻ പ്രചോദനമേകിയ ഓലാട്ട് സ്കൂളിൽ ദീർഘകാലം പ്രഥമാധ്യാപകനായിരുന്ന ഡോ.എ.എൻ. കൊടക്കാടിന്റെ നേതൃത്വത്തിലുള്ള ഗുരുവര്യൻമാരെ ഓർത്തെടുത്തു. പഴയ കഥകൾ പറഞ്ഞും ചിരിച്ചും ചിന്തിച്ചും കാലത്തെ ക്ലാസ് മുറിയിലേക്കാനയിച്ചു. ഒപ്പം കൂടിയ ദേശീയ അധ്യാപക അവാർഡ് ജേതാവ് എം. മഹേഷ് കുമാർ , ഓലാട്ട് സ്കൂൾ പ്രഥമാധ്യാപിക പി.പത്മാക്ഷി, മേലാങ്കോട്ട് സ്കൂൾ പിടി എ പ്രസിഡന്റ് ജി. ജയൻ , അഡ്വ.പി.എൻ. വിനോദ് കുമാർ , എച്ച്.എൻ.പ്രകാശൻ , അധ്യാപകരായ പി.കുഞ്ഞിക്കണ്ണൻ, പി.പി.മോഹനൻ എന്നിവർക്ക് ഇത് നവ്യാനുഭവം കൂടിയായി.