പതിനാലാം പഞ്ചവത്സര പദ്ധതി കേരളത്തിന് നിര്‍ണായകം; സംസ്ഥാന ആസൂത്രണ സമിതി അംഗം ജിജൂ പി അലക്സ്
പതിനാലാം പഞ്ചവത്സര പദ്ധതി കേരളത്തിന് നിര്‍ണായകം; സംസ്ഥാന ആസൂത്രണ സമിതി അംഗം ജിജൂ പി അലക്സ്
പതിനാലാം പഞ്ചവത്സരപദ്ധയിലേക്ക് ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകള്‍ വികസനകാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു.
കൊവിഡ് വ്യാപനവും പ്രകൃതി ദുരന്തവും നേരിട്ട കേരളത്തില്‍ പതിനാലാം പഞ്ചവത്സര പദ്ധതി നടത്തിപ്പ് വളരെ നിര്‍ണായകമാണെന്ന് സംസ്ഥാന ആസൂത്രണ സമിതി അംഗം ജിജൂ പി അലക്സ് പറഞ്ഞു. പതിനാലാം പദ്ധതിയില്‍ എന്ത് നേടുന്നുവോ , അതിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തിന്റെ വികസന മാതൃക നിലനില്‍ക്കാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. പതിനാലാം പഞ്ചവത്സര പദ്ധതി നടത്തിപ്പിലേക്കായി വിവിധ വകുപ്പുകള്‍ക്ക് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടപ്പാക്കാനാകുന്ന വികസന കാഴ്ചപ്പാടും ആശയവും അവതരിപ്പിക്കാന്‍ ചേര്‍ന്ന പ്രത്യേക ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അസംഘടിതരായ നിരവധി പേര്‍ തൊഴില്‍രഹിതരായി . ചെറുകിട വ്യവസായികള്‍, കച്ചവടക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വരുമാന നഷ്ടമുണ്ടായി . അഞ്ചോ പത്തോ വര്‍ഷം കഴിഞ്ഞാലും തിരിച്ചുപിടിക്കാന്‍ കഴിയാത്തതത്ര വിധത്തിലുള്ള സാമ്പത്തിക നഷ്ടം ഓരോരുത്തര്‍ക്കുമുണ്ടായി എന്നതാണ് കോവിഡിന്റെ അനന്തരഫലം .പതിനാലാം പദ്ധതിയുടെ പ്രധാന ലക്ഷ്യം സാമ്പത്തിക പുനരുദ്ധാരണമാണ്. സമസ്ത മേഖലകളിലും നിര്‍ബന്ധിതമായി വളര്‍ച്ച കൈവരിക്കാന്‍ സാധിക്കണം. കാര്‍ഷിക മേഖലയില്‍ ഉല്പാദനവും ഉല്പാദന ക്ഷമതയും വര്‍ധിപ്പിക്കണം. അതുമായി ബന്ധപ്പെട്ട് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാവണം. കൂടുതല്‍ മൂലധന നിക്ഷേപമുണ്ടാകണം. ക്ഷീര, മൃഗസംരക്ഷണ , ഫിഷറീസ് , ചെറുകിട വ്യവസായ , കല സംസ്‌കാര മേഖലകള്‍ ഉള്‍പ്പെടെ സമസ്ത മേഖലകളിലും സാമ്പത്തിക വളര്‍ച്ച കൈവരിക്കാന്‍ കഴിയണം. ഈ സാമ്പത്തിക വളര്‍ച്ചയായിരിക്കും കേരളത്തെ മുന്നോട്ട് നയിക്കുന്നതെന്നും ജീജു പി അലക്സ് പറഞ്ഞു.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ , ഉല്പാദനരംഗത്തെ വളര്‍ച്ച, സുസ്ഥിര വികസനം, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്ക് പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍ഗണന നല്‍കണം.ഓരോ മേഖലയിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പദ്ധതിയുണ്ടാവണം. പദ്ധതി നടത്തിപ്പിന്റെ പ്രധാന ചുമതല തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ക്കാവണം. നിലവില്‍ ലഭ്യമായ വിഭവങ്ങള്‍ കാര്യക്ഷമമായി ഉപയോഗിക്കണം. കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. വരള്‍ച്ച്, വെള്ളപ്പൊക്കം നേരിടാന്‍ പദ്ധതികള്‍ തയ്യാറാക്കണം. അതിദാരിദ്ര്യം നീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് മറ്റൊരു പരിഗണന നല്‍കേണ്ടത്. കടുത്ത ദാരിദ്ര്യം നേരിടുന്ന കുടുംബങ്ങളെ കണ്ടെത്തി കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുന്നതിനുള്ള സൂക്ഷമ പദ്ധതികള്‍ ഉണ്ടാ്ക്കിയെടുക്കണം. ഓരോ വീട്ടിലേക്കും ആവശ്യമായ ഉപജീവന സുരക്ഷയും സാമൂഹ്യ സുരക്ഷയും ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കണം. അഞ്ച് വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ അതിദാരിദ്ര്യം ഉള്ളവര്‍ ഉണ്ടാവാത്ത തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ സജിത് കുമാര്‍, പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ആര്‍ വീണാറാണി, ശുചിത്വ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എ ലക്ഷമി, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ വി പുഷ്പ, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ് മീനാ റാണി തുടങ്ങിയവര്‍ വികസന ആശയങ്ങള്‍ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ആസൂത്രണ സമിതി അംഗങ്ങളായ ഷാനവാസ് പാദൂര്‍, എസ് എന്‍ സരിത എന്നിവര്‍ സംസാരിച്ചു.ജില്ല്ാ പ്ലാനിംഗ് ഓഫീസര്‍ എഎസ് മായ സ്വാഗതവും ഡെപ്യൂട്ടി പ്ലാനിംഗ് ഓഫീസര്‍ നിനോജ് മേപ്പടിയത്ത് നന്ദിയും പറഞ്ഞു.