
ആലാമിപ്പള്ളിയില്‍ ഇനി ആരവങ്ങളുടെ ദിനങ്ങള്‍
ആലാമിപ്പള്ളിയില്‍ ഇനി ആരവങ്ങളുടെ ദിനങ്ങള്‍
എന്റെ കേരളം പ്രദര്‍ശന വിപണന മേള മെയ് 3 ചൊവ്വ തുടങ്ങും
ഉദ്ഘാടനം വൈകീട്ട് 5ന് (മെയ് 4)
മേളയുടെ പൂരത്തിന് തുടക്കം (മെയ് 3)
കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ ഇന്ന് മുതല്‍ ഏഴ് ദിവസം ഇനി മേളയുടെ പൂരം. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ ഇന്ന് തുടക്കമാകും . വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍ ഇന്ന് രാവിലെയോടെ ഒരുങ്ങും. ഇന്ന് (മെയ് 3ന്) വൈകീട്ട് 5.30ന് തൃക്കരിപ്പൂര്‍ തങ്കയം ഷണ്‍മുഖാ വനിതാ കോല്‍ക്കളി സംഘം അവതരിപ്പിക്കുന്ന ചരട് കുത്തി ആലാമിപ്പള്ളിയില്‍ കോല്‍ക്കളി അരങ്ങേറും. ശേഷം വൈകീട്ട് 6ന് സംഗീതാസ്വാദകര്‍ക്കായി പ്രശസ്ത സിനിമാ നാടക പിന്നണി ഗായകന്‍ വി ടി മുരളി നയിക്കുന്ന ഇശല്‍ നിലാ സ്മൃതി ഗീതങ്ങള്‍.
ഉദ്ഘാടനം നാളെ ( മെയ് 4ന് ) മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ നിര്‍വഹിക്കും
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് ആലാമിപ്പള്ളിയില്‍ മെയ് 3 മുതല്‍ 9 വരെ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനം തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. ഇ ചന്ദ്രശേഖരന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഞങ്ങളും കൃഷിയിലേക്ക് പരിപാടിയും മന്ത്രി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ എം പി, എം എല്‍ എ മാര്‍ , തദ്ദേശ ഭരണസ്ഥാപനജനപ്രതിനിധികള്‍ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, ജില്ലാ കളക്ടര്‍. ജില്ലാ തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും.
നാടിനെ തൊട്ടുണര്‍ത്താന്‍ വിപുലമായ സാംസ്‌കാരിക ഘോഷയാത്ര
എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടനത്തിന് മുന്നോടിയായി വിപുലമായ സാംസ്‌കാരിക ഘോഷയാത്ര സംഘടിപ്പിക്കും. മെയ് നാലിന് വൈകീട്ട് 4 മണിക്ക് കാഞ്ഞങ്ങാട് കോട്ടച്ചേരി ആകാശ് ഓഡിറ്റോറിയത്തിന്റെ സമീപത്ത് നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ അവസാനിക്കും. നിശ്ചല , ചലന ദൃശ്യങ്ങള്‍ , ശിങ്കാരിമേളം, കുടുംബശ്രീ, ഹരിതകര്‍മസേന , സ്റ്റുഡന്റ് പോലീസ് കേഡറ്റ് , എന്നിവയുടേയും യൂത്ത് ക്ലബുകളുടെയും വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഘോഷയാത്രക്ക് മിഴിവേകും. ജനപ്രതിനിധികള്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ആശാവര്‍ക്കര്‍മാര്‍, തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തകര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, എന്‍.എസ്.എസ്, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ ഘോഷയാത്രയുടെ ഭാഗമാകും.
സ്റ്റാളുകള്‍ പലവിധം
വിവര പൊതുജന സമ്പര്‍ക്ക വകുപ്പ് നേതൃത്വം നല്‍കി ജില്ലാ ഭരണകൂടം ഒരുക്കുന്ന ഒരാഴ്ച നീളുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ എന്റെ കേരളം തീം ഏരിയയ്ക്ക് പുറമെ ചെറുകിട വ്യവസായ സംരംഭങ്ങളുടെ 100 വിപണന സ്റ്റാളുകള്‍, വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ തത്സമയം ലഭ്യമാക്കുന്നതിനുള്ള സ്റ്റാളുകള്‍, വിവിധ വകുപ്പുകളുടെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങളുടെ 70 സ്റ്റാളുകള്‍, കാര്‍ഷിക പ്രദര്‍ശന വിപണന മേള , ടൂറിസം മേള, ശാസ്ത്രസാങ്കേതിക പ്രദര്‍ശനം , കുടുംബശ്രീ ഭക്ഷ്യമേള എന്നിവ മുഖ്യ ആകര്‍ഷണമാകും. എല്ലാ ദിവസവും രാവിലെ 11 മുതല്‍ രാത്രി 9 വരെ മേളയില്‍ സ്റ്റാളുകള്‍ പ്രവര്‍ത്തിക്കും. രാവിലെ 10 30 ന് സെമിനാറുകള്‍ക്ക് തുടക്കമാകും. പ്രദര്‍ശന വിപണനമേളയിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം തീര്‍ത്തും സൗജന്യമാണ്.
സായാഹാനങ്ങളില്‍ സകലകലാസംഗമം
മേയ് 3 വൈകീട്ട് 5.30ന് – ചരട് കുത്തി കോല്‍ക്കളി.
വൈകീട്ട് 6 – പ്രശസ്ത സിനിമാ നാടക പിന്നണി ഗായകന്‍ വി ടി മുരളി നയിക്കുന്ന ഇശല്‍ നിലാ സ്മൃതി ഗീതങ്ങള്‍ അരങ്ങേറും.
മെയ് 4 വൈകീട്ട് 6- ഇര്‍ഫാന്‍ മുഹമ്മദ് എരോത് നയിക്കുന്ന മെഹ്ഫില്‍-ഇസ-മ സൂഫി, ഗസല്‍, ഖവാലി സംഗീതരാവ്.
മെയ് 5 വൈകീട്ട് 6 – കുടുംബശ്രീ കലാസന്ധ്യ – അവതരണം രംഗശ്രീ
മെയ് 6 – വൈകീട്ട് 6 മോഹിനിയാട്ടം ദ്രൗപതി – സുകന്യ സുനില്‍
വൈകീട്ട് 7 – നൃത്താവിഷ്‌കാരം – സൂര്യപുത്രന്‍ –
മെയ് 7 – ഓട്ടിസം ഡയറി മ്യൂസിക് ബാന്‍ഡ്
മെയ് 8 വൈകീട്ട് 6 – നാട്ടരങ്ങ് നാടന്‍ കലാസന്ധ്യ
മേളയിലെ പ്രധാന ആകര്‍ഷണങ്ങള്‍
ദേശീയപാതാ വികസനം, ബേക്കല്‍കോട്ട പ്രവേശന കവാടം
കേരളത്തെ അറിയാന്‍ ടൂറിസം പവലിയന്‍
പി. ആര്‍. ഡി എന്റെ കേരളം പവലിയന്‍
കിഫ്ബി വികസന പ്രദര്‍ശനം
നൂറ് വിപണന സ്റ്റാളുകള്‍
വിവിധ വകുപ്പുകളുടെ എഴുപതോളം സ്റ്റാളുകള്‍
കുടുംബശ്രീ ഭക്ഷ്യമേള
കാര്‍ഷിക പ്രദര്‍ശന വിപണന മേള
മെഗാ മെഡിക്കല്‍ ക്യാമ്പ്
മേള കാണാനെത്തുന്നവര്‍ക്ക് വിവിധ മത്സരങ്ങള്‍, സമ്മാനങ്ങള്‍
വിവിധ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം