വായനാ ദിനത്തിൽ കവിയുടെ കാൽപ്പാടുകൾ തേടി കുട്ടികൾ.
വായനാ ദിനത്തിൽ കവിയുടെ കാൽപ്പാടുകൾ തേടി കുട്ടികൾ.
വെള്ളിക്കോത്ത്: കവിയുടെ കാൽപ്പാടുകൾ തേടി മഹാകവി പി സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കവി ഭവനത്തിൽ എത്തി. ജൂൺ 19 വായനാ ദിനത്തിൽ മഹാകവി പി കുഞ്ഞിരാമൻ നായരെ കുറിച്ചും രചനകളെയും കുറിച്ചും കൂടുതൽ അടുത്തറിയാനായാണ് പരിപാടി സംഘടിപ്പിച്ചത്. കൂടെ നടക്കാൻ ആരുമില്ലാതെ ഉൾ വഴികളിലൂടെ ഭൂമിയുടെ അതിർത്തിക്കപ്പുറം സഞ്ചരിച്ചകവിയുടെ കാൽപ്പാടുകൾ തേടിയെത്തിയ കുട്ടികളെയും അധ്യാപകരെയും രക്ഷിതാക്കളെയും കവിയുടെ മകൻ പി.രവീന്ദ്രൻ മാസ്റ്റർ, ഭാര്യ സുഭാഷിണി എന്നിവരും മറ്റു കുടുംബാംഗങ്ങളും ചേർന്ന് സ്വീകരിച്ചു. അജാനൂരിൽ ജനിച്ച് കണ്ണൂരും കോഴിക്കോടും തൃശൂരും കഴിഞ്ഞ് തിരുവനന്തപുരം വരെയുള്ള കവിയുടെ ജീവിത അനുഭവങ്ങൾ രവീന്ദ്രൻ മാസ്റ്റർ കുട്ടികളുമായി പങ്കുവെച്ചു. തുടർന്ന് പരിപാടിയിൽ പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും മറ്റുള്ളവർക്കും അദ്ദേഹം കവി ചെയ്യാ റുള്ളതുപോലെ പുസ്തകങ്ങൾ നൽകി. അനുസ്മരണ പരിപാടി പി.ടി.എ പ്രസിഡണ്ട് കെ. ജയൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ലളിതാഞ്ജലി ടീച്ചർ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ വെച്ച് കവിയുടെ മകൻ പി. രവീന്ദ്രൻ മാസ്റ്ററെ സ്കൂൾ പി.ടി.എ പ്രസിഡണ്ട് കെ. ജയനും സീനിയർ അസിസ്റ്റന്റ് പി. ലളിതാഞ്ജലി ടീച്ചറും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. എൻ.സി. ബേബി സുധ, പി.വി. സുമതി,ദർശന പ്രമോദ് ദേവാനന്ദ എന്നിവർ സംസാരിച്ചു. പരിപാടിയിൽ കുട്ടികൾ പിയുടെ കവിതകളും അവതരിപ്പിച്ചു. മഹാകവി പി കുഞ്ഞിരാമൻ നായരുടെ ഭവന സന്ദർശനവും കവിയെക്കുറിച്ച് നേരിട്ട് മകനിൽ നിന്ന് കൂടുതൽ അറിയാൻ കഴിഞ്ഞതും വിദ്യാർഥികൾക്ക് 2022ലെ വായനാദിനം വേറിട്ട അനുഭവങ്ങൾ നൽകി.