ശാസ്ത്രപരീക്ഷണ കേരള യാത്രയ്ക്ക് സ്വീകരണം നൽകി
ശാസ്ത്ര പരീക്ഷണ കേരള യാത്രയ്ക്ക് സ്വീകരണം നൽകി.
കൊടക്കാട്: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന ബാലവേദി ഉപസമിതിയുടെ നേതൃത്വത്തിൽ പ്രശസ്ത ശാസ്ത്രാധ്യാപകനും റിട്ട. പ്രധാനാധ്യാപകനുമായ ദിനേഷ്കുമാർ തെക്കുമ്പാടിന്റെ ശാസ്ത്ര പരീക്ഷണകേരളയാത്രയ്ക്ക് പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ സ്വീകരണം നൽകി.. 2022 ആഗസ്ത് 15 ന് സ്വാതന്ത്ര്യദിനത്തിൽ കാസർഗോഡ് നിന്ന് പ്രയാണമാരംഭിച്ച ശാസ്ത്ര പരീക്ഷണയാത്ര നവമ്പർ 14ന് ശിശുദിനത്തിൽ തിരുവനന്തപുരത്ത് സമാപിക്കും. കുട്ടികളിൽ ശാസ്ത്രീയ മനോഭാവം, മനുഷ്യ സ്നേഹം, അന്വേഷണശീലം എന്നിവ വളർത്താനുതകുന്ന പരീക്ഷണങ്ങൾ വിദ്യാലയങ്ങൾ, ബാലവേദികൾ എന്നിവിടങ്ങളിലാണ് അവതരിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സമാപന വേദിയിൽ തുടർച്ചയായി 12 മണിക്കൂർ ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിക്കും. പൊള്ളപ്പൊയിൽ എ.എൽ.പി.സ്കൂളിൽ വിജ്ഞാനപ്രദങ്ങളായ പരീക്ഷണങ്ങൾ ദിനേഷ്കുമാർ തെക്കുമ്പാട് അവതരിപ്പിച്ചു. പ്രധാനാധ്യാപകൻ പ്രദീപ് കൊടക്കാട് അധ്യക്ഷത വഹിച്ചു. പി.സീമ സ്വാഗതവും ടി.വി.വിനീത നന്ദിയും പറഞ്ഞു.