
ഇടയിലെക്കാട് കാവിലെ വാനര സംഘത്തിന് പതിനഞ്ചാം തവണയും ഓണസദ്യ
തൃക്കരിപ്പൂർ: ഇടയിലെക്കാട് കാവിലെ വാനര സംഘത്തിന് പതിനഞ്ചാം തവണയും ഓണസദ്യ
. രണ്ടു പതിറ്റാണ്ടുകാലം മക്കൾക്കെന്ന പോലെ നിത്യവും ചോറൂട്ടിയ ചാലിൽ മാണിക്കമ്മ അസുഖത്തിൻ്റെ അവശതകൾ വകവെക്കാതെ വീണ്ടുമെത്തിയപ്പോൾ വാനരസംഘത്തിന് ആഹ്ലാദം അടക്കാനായില്ല. ഇടയിലെക്കാട് നവോദയ ഗ്രന്ഥാലയം ബാല വേദിയുടെ ആഭിമുഖ്യത്തിലാണ് മാനുഷർക്കെന്നപോൽ വാനരർക്കും തൂശനിലയിൽ സദ്യ വിളമ്പിയത്.
കോവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ രണ്ടു വർഷങ്ങളായി പെരുമാറ്റച്ചട്ടം പാലിച്ച് സദ്യവട്ടങ്ങൾ ചുരുക്കിയിരുന്നു. ഇത്തവണ ചട്ടങ്ങൾ മാറി ,ചാറ്റൽ മഴ നീങ്ങി ചിങ്ങസൂര്യൻ പ്രകാശം ചൊരിഞ്ഞപ്പോൾ കാട്ടുമരത്തിൻ കൊമ്പിൽ വാലുചുറ്റി കുരങ്ങുപട കിടന്നു മറിഞ്ഞാടി വിക്രിയകൾ കാട്ടി. കാവിൻ്റെ പച്ചമേലാപ്പിൽ കുരുത്തോലയും ചെമ്പരത്തിയും വെള്ളിലയും ഹനുമാൻകിരീടത്തിൻ പൂക്കളും അലങ്കാരങ്ങളായി കാറ്റിലാടി. കാവിനടുത്ത റോഡുവക്കിൽ ഡസ്കുകളും കസേരകളും നിരത്തി. കുരുന്നുകൾ ഘോഷയാത്രയായി വന്നതോടെ മാണിക്കമ്മയും റെഡി.
ചക്ക, മാങ്ങ, വത്തക്ക, പേരയ്ക്ക, സീതാപ്പഴം, ഉറുമാമ്പഴം പപ്പായ, പൈനാപ്പിൾ ,വാഴപ്പഴം,തക്കാളി, ക്യാരറ്റ്, ബീറ്റ്റൂട്ട്, വെള്ളരി, കക്കിരി, മത്തൻ എന്നീ പതിനഞ്ച് വിഭവങ്ങളായിരുന്നു പതിനഞ്ചാമത്തെ സദ്യയിൽ നിരന്നത്.മാണിക്കമ്മ ഉപ്പു ചേർക്കാത്ത ചോറുവിളമ്പി “പപ്പീ ….” എന്ന് നീട്ടി വിളിച്ചതോടെ വാനരപ്പട അത്യാർത്തിയോടെ ശാപ്പാട് തുടങ്ങി. വിഭവങ്ങളിൽ ഏറ്റവും പ്രിയം ചക്കയ്ക്കും ബീറ്റ്റൂട്ടിനുമായിരുന്നു. വമ്പൻമാർ കൂടുതൽ വിഭവങ്ങൾ വാരിവലിച്ച് അണ്ണാക്കിനകത്താക്കി ദുർബലൻമാരെ ഓടിച്ചു വിട്ടു. കൗതുകക്കാഴ്ച ആസ്വദിക്കാൻ നാടിൻ്റെ നാനാഭാഗത്തു നിന്നും നിരവധിയാളുകളെത്തിയിരുന്നു.
ബാലവേദി പ്രവർത്തകരായ വി നിള, എം തേജശ്രീ, ടി പി അനുരാഗ് , അക്ഷദ് ഗണേശൻ, ഇതൾ
എന്നിവർ നേതൃത്വം നൽകി.