ഗ്രാമീണ തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം അലയടിച്ചു
ഗ്രാമീണ തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പ്രതിഷേധം അലയടിച്ചു
——————————
വലിയപറമ്പ : മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ ആഹ്വാനം ചെയ്ത പ്രക്ഷോഭങ്ങളുടെ ഭാഗമായി വലിയപറമ്പ ഗ്രാമ പഞ്ചായത്ത് സമര സമിതിയുടെ നേതൃത്വത്തിൽ വലിയപറമ്പിൽ ജനപ്രതിനിധികളും, യൂനിയൻ പ്രവർത്തകരുമുൾപ്പെടെ നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്ത പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
എല്ലാ വാർഡുകളിൽ നിന്നും തൊഴിലാളികൾ സംഘടിച്ചതോടെ പ്രതിഷേധത്തിൻ്റെ വലിയ മുന്നേറ്റമായി മാറി. 2005 – ൽ അംഗീകരിച്ച ദേശീയതൊഴിലുറപ്പ് നിയമം തകർക്കാനുള്ള നീക്കമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. നിലവിൽ ഒരു വാർഡിൽ സാധ്യമാകുന്നത്ര മേഖലകളിൽ മസ്റ്റർ റോൾ നൽകാവുന്നതാണ്.
എന്നാൽ ഒരു തവണ ഒരു പഞ്ചായത്തിൽ 20 മസ്റ്റ് റോൾ മാത്രമേ അംഗീകരിക്കുകയുള്ളു എന്നതുൾപ്പെടെ അധികൃതർ എടുക്കുന്ന നിലപാട് ഫലത്തിൽ ഈ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണ്. ഇതിനെതിരായി കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ നേതൃത്വത്തിൽ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചിരിക്കുന്നതിൻ്റെ ഭാഗമായി
പഞ്ചായത്തിലെ മുഴുവൻ തൊഴിലാളിൽ നിന്നും ഗുണഭോക്താക്കളിൽ നിന്നും വാർഡ് തലത്തിൽ ശേഖരിച്ച ഒപ്പുകൾ പ്രതിഷേധ കൂട്ടായ്മയിൽ വെച്ച് പഞ്ചായത്ത് പ്രസിഡന്റ് ഏറ്റ് വാങ്ങി. വലിയപറമ്പ ബീച്ചിൽ നടന്ന പ്രതിഷേധ കൂട്ടായ്മ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വി.വി.സജീവൻ ഉൽഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് പി.ശ്യാമള അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ. മനോഹരൻ, ആരോഗ്യ സ്റ്റാൻറിങ്ങ് കമ്മറ്റി ചെയർപേഴ്സൺ ഇ.കെ.മല്ലിക, എം.അബ്ദുൾ സലാം, വിവിധ യൂണിയൻ ഭാരവാഹികളായ കുളങ്ങര രാമൻ, കെ.സിന്ധു, കെ.പി അബ്ദുൾ മജീദ് ഹാജി എന്നിവർ സംസാരിച്ചു. വികസന സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ഖാദർ പാണ്ട്യാല സ്വാഗതവും ഗ്രാമ പഞ്ചായത്തംഗം വി.മധു നന്ദിയും പറഞ്ഞു.