ആയിരത്തിലധികം കുട്ടികൾ പ്രാദേശിക ചരിത്രമെഴുതി നിളയും ആദിത്യനും സംസ്ഥാന തലത്തിലേക്ക്
ആയിരത്തിലധികം കുട്ടികൾ പ്രാദേശിക ചരിത്രമെഴുതി
നിളയും ആദിത്യനും സംസ്ഥാന തലത്തിലേക്ക്
കാസർകോട്:ആയിരത്തിലധികം പ്രാദേശിക ചരിത്രം രചിച്ച് ജില്ലയിലെ കുട്ടികൾ. ചരിത്രമെഴുതി മികവ് തെളിയിച്ച് സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് നിളയും ആദിത്യനും.സമഗ്ര ശിക്ഷാ കേരള 8, 9 ക്ലാസുകളിലെ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രാദേശിക ചരിത്രരചനയായ – പാദമുദ്രകൾ പരിപാടിയിലാണ് ഉദിനൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ എട്ടാം തരം വിദ്യാർഥിനി വി.നിളയും കമ്പല്ലൂർ ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ ഒമ്പതാം തരം വിദ്യാർഥി കെ ആദിത്യനുമാണ് സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് കുട്ടി ചരിത്രകാരൻമാരുടെ നിരയിൽ തിളങ്ങിയത്.
സമഗ്ര ശിക്ഷാ കേരള ഇത്തവണ നടപ്പിലാക്കിയ ശ്രദ്ധേയമായ പരിപാടിയാണ് അക്കാദമിക വൈദഗ്ധ്യത്തോടെ കുട്ടികളെ പ്രാദേശിക ചരിത്രരചനയിലേക്ക് നയിക്കുന്ന പാദമുദ്രകൾ. ജില്ലയിലെ 8, 9 ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും പ്രാദേശിക ചരിത്ര രചനയിൽ ബി ആർ സി തല പരിശീലനം ലഭിച്ച അധ്യാപകരുടെ ക്ലാസും നിർദേശങ്ങളുമാണ് ആദ്യഘട്ടത്തിൽ നൽകിയത്.തുടർന്ന് ഓരോ കുട്ടികളും ദേശത്തിൻ്റെ ചരിത്രം തേടിയിറങ്ങി.പരമ്പരാഗത ചരിത്രരചനയുടെ വഴിയിൽ നിന്ന് വിട്ടുമാറി, പ്രാദേശിക ചരിത്ര രചനയിൽ അക്കാദമിക നിർദേശങ്ങളോടെ കുട്ടികൾ പുതിയ ചരിത്രങ്ങളെഴുതി. പിന്നീട് ഓരോ വിദ്യാലയങ്ങളിൽ നിന്നും മികച്ച രചനകൾ നടത്തിയ കുട്ടികളെ ഉപജില്ലാ തലത്തിലേക്ക് തെരഞ്ഞെടുത്തു.ഇവർക്ക് പ്രഗൽഭരായ ചരിത്ര പണ്ഡിതരുടെയും അധ്യാപകരുടെയും സമഗ്ര ശിക്ഷയിലെ പരിശീലകരുടെയും നേതൃത്വത്തിൽ രണ്ടുനാൾ നീണ്ട പരിശീലനം നൽകി.കാരണവക്കൂട്ടം, ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം, അഭിമുഖം എന്നിവയാൽ സമ്പന്നമായ ശില്പശാലയ്ക്ക് ശേഷം 32 കുട്ടികളെ ജില്ലാതലത്തിലേക്ക് തെരഞ്ഞെടുത്തു. പിന്നീട് ജില്ലാതലത്തിൽ കൂടുതൽ മികവുള്ള പരിശീലനം, ചരിത്രഭൂമികളിലേക്കുള്ള സന്ദർശനം, തയാറാക്കിയ ചരിത്രത്തിൻ്റെ അവതരണം, രചന വിലയിരുത്തൽ എന്നിവയും നടത്തി.അവസാന ഘട്ടത്തിൽ ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിൽ വിദഗ്ധർ കുട്ടികളെ അഭിമുഖം നടത്തിയുമായിരുന്നു തെരഞ്ഞെടുപ്പ്.
ഇടയിലെക്കാടിൻ്റെ പാരിസ്ഥിതിക ചരിത്രരചനയായിരുന്നു നിളയെ മികവിലേക്കുയർത്തിയത്.മുനയൻകുന്നിൻ്റെ കാർഷിക സാമൂഹ്യ ജീവിത ചരിത്രരചനയായിരുന്നു ആദിത്യനെ മുൻനിരയിലേക്ക് എത്തിച്ചത്.ഇരുവരും ഫെബ്രുവരി 12, 13 തീയതികളിൽ കോഴിക്കോട് നടക്കുന്ന സംസ്ഥാന തല ഒന്നാം ഘട്ട ശില്പശാലയിൽ പ്രബന്ധാവതരണം നടത്തും.