മികച്ച ജില്ലാ പഞ്ചായത്തിനുള്ള* *പുരസ്ക്കാരം കാസർകോടിന്*
കേരള വനിതാ കമ്മിഷന്റെ പ്രഥമ ജാഗ്രതാ സമിതി പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു
*മികച്ച ജില്ലാ പഞ്ചായത്തിനുള്ള* *പുരസ്ക്കാരം കാസർകോടിന്*
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികളില്‍ 2021-22 വര്‍ഷത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ച ജാഗ്രതാസമിതികള്‍ക്ക് കേരള വനിതാ കമ്മിഷന് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച കോര്പ്പറേഷന് ജാഗ്രതാ സമിതിക്കുള്ള പുരസ്കാരം തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് ലഭിച്ചത്. മികച്ച ജില്ലാ പഞ്ചായത്ത് ജാഗ്രതാ സമിതിക്കുള്ള പുരസ്കാരം കാസര്‍കോട് ജില്ലാ പഞ്ചായത്തിനും മികച്ച മുനിസിപ്പല്‍ ജാഗ്രതാ സമിതിക്കുള്ള പുരസ്കാരം കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ മുനിസിപ്പാലിറ്റിക്കും മികച്ച ഗ്രാമ പഞ്ചായത്ത് ജാഗ്രതാ സമിതിക്കുള്ള പുരസ്കാരം വയനാട് ജില്ലയിലെ മീനങ്ങാടി ഗ്രാമ പഞ്ചായത്തിനും ലഭിച്ചു. കേരള വനിതാ കമ്മിഷന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് പുരസ്്കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെകൂടി സഹകരണത്തോടെയാണ് 2021-22 വര്‍ഷത്തെ മികച്ച ജാഗ്രതാ സമിതിയെ തെരഞ്ഞെടുത്തത്. ജാഗ്രതാസമിതി പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച നിശ്ചിത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പുരസ്കാരങ്ങള്‍ നിശ്ചയിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങിയ പുരസ്കാരം മാര്‍ച്ച് 3-ന് തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ നടക്കുന്ന അന്താരാഷ്ട്രവനിതാ ദിനാചരണത്തില്‍ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി.രാജേഷിന്റെ സാന്നിധ്യത്തില്‍ വനിതാ ശിശുവികസന മന്ത്രി വീണാ ജോര്‍ജ് സമ്മാനിക്കും.
കേരള വനിതാ കമ്മിഷന് ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍പേഴ്സണ്‍ അഡ്വ. പി.സതീദേവിയാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്. കമ്മിഷന് അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന് സന്നിഹിതയായിരുന്നു.
സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമമോ അവഗണനയോ ഏതു തലത്തില്‍, എവിടെ ഉണ്ടായാലും അതിനോടു പ്രതികരിക്കുകയും കുറ്റക്കാരെ വെളിച്ചത്തുകൊണ്ടുവന്ന് അവര്‍ക്കെതിരേ കര്‍ശനമായ നിയമനടപടികളെടുക്കുകയും ചെയ്യുക, സ്ത്രീകള്‍ക്ക് സധൈര്യം സ്വതന്ത്രമായി ജീവിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക, അവര്‍ക്കാവശ്യമായ നിയമപരിരക്ഷ ഉറപ്പുവരുത്തുക, തുടങ്ങിയവ നിര്‍വഹിക്കുന്നതിനുള്ള സംവിധാനമെന്ന നിലയില്‍ പ്രാദേശിക സര്‍ക്കാര്‍ തലത്തില്‍ ജാഗ്രതാസമിതികള്‍ പ്രവര്‍ത്തിച്ചുവരുന്നു
സംസ്ഥാനത്തിന് മാതൃകയായി
ജില്ലാ പഞ്ചായത്ത് ജാഗ്രതാ സമിതി
2021 നവംബർ 10നാണ് കാസർകോട് ജില്ലാ പഞ്ചായത്തിന്റെ കീഴിൽ വനിതാ ശിശു വകുപ്പ് ജില്ലാ ജാഗ്രത സമിതി ഓഫീസ് ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചത് . 75 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്. ഇതിൽ 28 ഗാർഹിക പീഡനക്കേസുകളാണ് .സ്ത്രീധനം 2, കുടുംബ പ്രശ്നം 7 , അവഹേളിക്കൽ രണ്ട് , എന്നിവയാണ് രജിസ്റ്റർ ചെയ്തതത്. കൗൺസിലിംഗ് 23, മറ്റുള്ളവ 13.
ഇതിൽ പരിഹരിക്കപ്പെട്ടത് 54 കേസുകളാണ് ഇതുവരെ 223 സൗജന്യ കൗൺസിലിംഗ് ആണ് നൽകിയത്.. 30നിയമസഹായവും 12 പോലീസ് സഹായവും.നൽകി ആറു പേർക്ക് വൈദ്യസഹായവും നൽകി. ഒരാൾക്ക് താമസ സൗകര്യവും ഏർപ്പെടുത്തി. ആവശ്യാനുസരണം കേസുകളുടെ ഫോളോ അപ്, ഗൃഹ സന്ദർശനം ഫീൽഡ് വിസിറ്റ് എന്നിവയും ജാഗ്രതാ സമിതി നടത്തുന്നു. കേസുകൾ ചർച്ച ചെയ്തു പരിഹരിക്കുന്നതിന് വേണ്ടി കുറഞ്ഞത് മാസത്തിൽ രണ്ട് പ്രാവശ്യം സിറ്റിംഗ് നടത്തുന്നു. ജില്ലാ ജാഗ്രത സമിതിയുടെ നേതൃത്വത്തിലും പങ്കാളിത്തത്തിലും ജാഗ്രത സമിതി പ്രവർത്തനം താഴെത്തട്ടിൽ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയും അതിക്രമങ്ങൾ തടയുന്നതിന് വേണ്ടിയും ഗ്രാമപഞ്ചായത്ത് തലത്തിലും പൊതുവായി 30 ക്ലാസുകൾ സംഘടിപ്പിച്ചു. .
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 3267 പേർ പങ്കെടുത്തു.ഇവരിൽ 948 പേർ പുരുഷന്മാരായിരുന്നു കേസുകളിൽ നിയമപരമായ നിർദ്ദേശങ്ങൾ നൽകുന്നതിന് മാസത്തിൽ നാലു തവണ ജാഗ്രതാ സമിതി ഓഫീസിൽ ലീഗൽ കൗൺസിലറുടെ സഹായവും ലഭ്യമാക്കുന്നുണ്ട് ജില്ലാ ജാഗ്രതാ സമിതിയുടെ ചെയർപേഴ്സൺ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ആണ് . ജില്ലാ വനിതാ ശിശു ഓഫീസർ വിഎസ് ഷിംനയാണ് കൺവീനർ. ജില്ലാ പോലീസ് മേധാവി , എ ഡി എം, കാസർഗോഡ് ആർഡിഒ, ക്രൈംബ്രാഞ്ച് ഡി വൈഎസ്പി , വനിത സെൽ സി ഐ, വനിതാ സംരക്ഷണഓഫീസർ സാമൂഹ്യപ്രവർത്തകരായ എം സുമതി, പിസി സുബൈദ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രതിനിധി അഡ്വ എ പി ഉഷ ,ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ പ്രതിനിധി എംലക്ഷ്മി, മുൻസിപ്പൽ ചെയർപേഴ്സൺ കെ വി സുജാത എന്നിവർ സമിതി അംഗങ്ങളായി പ്രവർത്തിക്കുന്നു.