കുട്ടികളെ അഭിരുചിക്കനുസരിച്ച് വളർത്തിയെടുക്കണം നിയമസഭ സ്പീക്കർ
കുട്ടികളെ അഭിരുചിക്കനുസരിച്ച് വളർത്തിയെടുക്കണം നിയമസഭ സ്പീക്കർ
കുട്ടികളുടെ അഭിരുചി തിരിച്ചറിഞ്ഞ് അതിനുസരിച്ച് അവരെ വളർത്തിയെടുക്കുകയാണ് ചെയ്യേണ്ടതെന്നും ഈ ലക്ഷ്യമാണ് അധ്യാപകരും രക്ഷിതാക്കളും നിർവഹിക്കേണ്ടതെന്നും നിയമസഭാ സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യുപി സ്കൂൾ ശതാബ്ദി ആഘോഷം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്കാഡിനേവിയൻ രാജ്യങ്ങളിലെ പൊതുവിദ്യാഭ്യാസ മാതൃക കേരളത്തിലേക്ക് പകർത്തണമെന്നതാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.
നോർവേ, ഫിൻലാൻഡ് എന്നീ രാജ്യങ്ങളാണ് സ്കൂൾ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ ലോകത്ത് മുൻപിൽ നിൽക്കുന്നതെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. അവിടെ 7-ാം ക്ലാസ് വരെ ഹോംവർക്കുകൾ ഒന്നുമില്ല. കുട്ടികളുടെ അഭിരുചി കണ്ടെത്തി അതിനെ വളർത്തിയെടുക്കുന്ന രീതിയാണ് സ്കൂളുകൾ പിൻ തുടരുന്നത്. ഒരു കുട്ടിയും ഒരു കഴിവും ഇല്ലാത്തവനായി പിറക്കുന്നില്ല. കുട്ടികളിൽ ഐക്യു കൊണ്ടു മാത്രമല്ല ഇഐഎയും ഇമോഷനൽ ഇന്റലിജന്റ്) വളർത്താൻ അധ്യാപകർ തയാറാകണം. ഇമോഷനൽ ഇന്റലിജൻസ് കൂടി വിജയിച്ചാൽ മാത്രമേ ഒരു വ്യക്തി പൂർണതയിലേക്ക് എത്തുകയുള്ളൂ. അതിനെ പ്രാപ്തമാക്കാൻ കുട്ടികളെ സ്കൂളിൽ നിന്നു പരിശീലിപ്പിച്ചെടുക്കണം. സാങ്കേതിക വിദ്യയോട് പുറംതിരിഞ്ഞു നിൽക്കാൻ സാധ്യമല്ല . മൊബൈൽ, കംപ്യൂട്ടർ എന്നിവ കുട്ടികൾ ഉപയോഗിക്കുമ്പോൾ നിയന്ത്രണം ഏർപ്പെടുത്താൻ സാധിക്കണം .. സാങ്കേതികവിദ്യകളോട് സൗഹ്യദമുള്ള എന്നാൽ അതിനോട് അടിമപ്പെടാത്ത ഒരു തലമുറയെ ആണ് വാർത്തെടുക്കേണ്ടത്. ഇതിന് അധ്യാപകരും രക്ഷിതാക്കളും ഏറെ ശ്രദ്ധിക്കണം. ക്ലാസ് മുറികൾ മാത്രമല്ല നമ്മുക്ക് വേണ്ടത് കളി സ്ഥലങ്ങളും വേണം. ഈ രണ്ടുമാസം നിങ്ങൾ കുട്ടികളെ പൂർണമായി വിടണം. അവധിക്കാലത്ത് ഒരു കുട്ടിയും പഠിക്കേണ്ട. രണ്ട് മാസം പൂർണമായും കളിച്ചുല്ലസിച്ച് കുട്ടികൾ വളരണം. കുട്ടികൾക്ക് അതിന് ഏറ്റവും പ്രധാനം കളി സ്ഥലങ്ങളാണ്. മൈതാനങ്ങൾ പ്രാമുഖ്യം നൽകാൻ സ്കൂൾ മാനേജ്മെന്റ് തയാറാകണം. കുട്ടികളെ വിവിധ കായികരംഗങ്ങളിലേക്ക് വളർത്തിക്കൊണ്ടുവരാൻ സ്കൂളുകളെ സജ്ജമാക്കണം. ചെറുപ്പത്തിൽ തന്നെ കുട്ടികളെ വായനയുടെ ലോകത്തേക്ക് കൊണ്ടു പോകാനും കഴിയണം. ഉള്ളടക്കമുള്ളവരായി മാറാൻ വായന അനിവാര്യമാണ്. സ്കൂളുകളിൽ ലൈബ്രറി കെട്ടിപ്പടുക്കാനും സ്കൂൾ അധികൃതർ തയാറാകണം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ ഗൗരവമായി തന്നെയാണ് സംസ്ഥാന സർക്കാർ കാണുന്നത്.പൊതുവിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നത് സർക്കാർ വിദ്യാലയങ്ങളെ മാത്രമല്ല. സർക്കാർ, എയ്ഡഡ് മേഖലകൾ ചേർന്നതാണ് പൊതുവിദ്യാഭ്യാസം . എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സഹായിക്കാൻ സർക്കാർ തയാറാണ്. അതാണ് ചാലഞ്ച് ഫണ്ട്. 50 ലക്ഷം രൂപ സ്കൂൾ വഹിക്കാൻ തയാറായാൽ സർക്കാർ 50 ലക്ഷം രൂപ നൽകും. പൊതുവിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി പ്രതിബദ്ധതയോടെ സർക്കാർ പ്രവർത്തിക്കുന്നു. അതിന്റെ പ്രതിഫലനം പൊതുവിദ്യാഭ്യാസ മേഖലയിൽ കാണുന്നുണ്ട് . നേരത്തെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു വിദ്യാർഥികൾ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കുട്ടികൾ പഠിക്കാൻ പോയിരുന്നു. ഇന്ന് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള റീവേഴ്സ് ഫ്ലോ നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കാണാൻ സാധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇ.ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. നഗരസഭ വിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.വി.മായാകുമാരി, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.ലത, കൗൺസിലർമാരായ സുജിത്ത് കുമാർ, എൻ.അശോക് കുമാർ, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ.രഘുരാമഭട്ട്, എഇഒ ഇൻചാർജ് ജയശ്രീ, വർക്കിങ് ചെയർമാൻ പി.അപ്പുക്കുട്ടൻ, സാമ്പത്തിക കമ്മിറ്റി ചെയർമാൻ എം.രാഘവൻ, പൂർവ വിദ്യാർഥി സംഘടന സെക്രട്ടറി ബി.ബാബു, പിടിഎ പ്രസിഡന്റ് ജി.ജയൻ, പ്രധാനാധ്യാപിക പി.ശ്രീകല എന്നിവർ സംസാരിച്ചു. നഗരസഭാധ്യക്ഷ കെ.വി സുജാത സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ പപ്പൻ കുട്ടമത്ത് നന്ദിയും പറഞ്ഞു .