
ആൽമരത്താളം പെയ്തിറങ്ങി.. ആനന്ദ നൃത്തമാടി ആസ്വാദകർ*
*ആൽമരത്താളം പെയ്തിറങ്ങി.. ആനന്ദ നൃത്തമാടി ആസ്വാദകർ*
ചീമേനി: ആൽമരത്താളത്തിനൊപ്പം ചുവടുവെച്ചും കയ്യടിച്ചും , ആടിയും പാടിയും , ആർത്തു വിളിച്ചും ആസ്വാദകർ ആവേശക്കൊടുമുടിയേറിയപ്പോൾ ചീമേനി ഫെസ്റ്റ്നഗരി അലകടൽ പോലെ ആർത്തിരമ്പി !
ചീമേനി പീപ്പിൾസ് തീയറ്റർ അസോസിയേഷൻ ആതിഥ്യമരുളുന്ന ചീമേനി ഫെസ്റ്റിന്റെ പത്താം ദിവസം രാത്രി പത്ത് മണിക്ക് അരങ്ങിലെത്തിയ ആൽമരം മ്യൂസിക് ബാന്റിനൊപ്പം പാടിത്തകർക്കാനും ആടിത്തിമിർക്കാനും
വൈകുന്നേരം മുതൽ ഫെസ്റ്റ് നഗരിയിലേക്ക് യുവതയുടെ നിലയ്ക്കാത്ത ഒഴുക്കായിരുന്നു!
മുഖ്യാതിഥിയായി വേദിയിലെത്തിയ സംഘാടകസമിതി ചെയർമാൻ എം.രാജഗോപാലൻ എം.എൽ എ ആൽമരം ടീമിനെ വേദിയിലേക്ക് ക്ഷണിച്ചപ്പോൾ ആരാധകരും ആസ്വാദകരും ഇളകി മറിഞ്ഞു. തുടർന്ന് രണ്ടു മണിക്കൂറോളം ഇടതടവില്ലാതെ പെയ്ത സംഗീതമഴ മേടച്ചൂടിന്റെ പാരമ്യതയിലും ഫെസ്റ്റ് നഗരിക്ക് കുളിരേകി !
പതിനൊന്നാം ദിവസമായ ഇന്ന് (മെയ് 13 ശനി ) സംഗീത-നൃത്ത പ്രേമികൾക്ക് ദൃശ്യ-ശ്രാവ്യ വിരുന്നേകാൻ പ്രശസ്ത ടി.വി.ചാനൽ താരങ്ങൾ അണിനിരക്കുന്ന കോഴിക്കോട് നന്ദനം ഓർക്കസ്ട്രയുടെ മ്യൂസിക്കൽ ഡാൻസ് നൈറ്റ് മെഗാഷോ അരങ്ങിലെത്തും. സൂപ്പർ ഗാനമേളയ്ക്കൊപ്പം അക്രാബാറ്റിക്ഡാൻസ് ഫയർഡാൻസ് തുടങ്ങിയ കിടിലൻ പ്രകടനവുമായെത്തുന്ന മെഗാഷോയിലേക്കും ആയിരങ്ങൾ എത്തുച്ചേരുമെന്ന കണക്കുകൂട്ടലിലാണ് സംഘാടകർ. അമ്യൂസ്മെന്റ് റൈഡുകളിലും, ഫുഡ് കോർട്ടിലും, വിപണന സ്റ്റാളുകളിലും, സെൽഫി പോയിന്റിലും തിരക്കൊഴിഞ്ഞ നേരമേയുണ്ടായിരുന്നില്ല കഴിഞ്ഞ ദിവസങ്ങളിൽ. അത്രമാത്രം ജനങ്ങൾ നെഞ്ചേറ്റിയിരിക്കുന്നു സിപ്റ്റ യുടെ ചീമേനി ഫെസ്റ്റ്