
പൈതൃക സ്മരണയിൽ പൊൻമാലം കോൽക്കളി സംഘം.
പൈതൃക സ്മരണയിൽ പൊൻമാലം കോൽക്കളി സംഘം.
കോൽക്കളി രംഗത്തെ പൂർവ്വ സൂരികളുടെ സ്മരണയിൽ കോൽക്കളിയെന്ന കമനീയ കലയെ വഴക്കം വിട്ടുമാറാതെ പൈതൃക സ്മരണയിലൂടെ തിരിച്ചെടുക്കാൻ പൊൻ മാലം കോൽക്കളി സംഘം കളരിയിൽ കളി വിളക്ക് തെളിഞ്ഞു. കുട്ടമത്ത് പൊൻ മാലത്തും പരിസര പ്രദേശങ്ങളിലുമുള്ള 18 ഓളം കലകാരൻമാരാണ് കൈയ്യും മെയ്യും ഒന്നാക്കി മാറ്റി കോൽക്കളിയെന്ന ആയോധന കലയെ നെഞ്ചേറ്റാൻ കോൽക്കളി കളരിയിൽ കളി അഭ്യസിക്കുന്നത്.
പഴയകാല നാട്ടു കൂട്ടായ്മയും നാട്ടു നൻമയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പുതിയ കാലഘട്ടത്തിൽ കോൽക്കളിയെ അതിന്റെ പാരമ്പര്യ തനിമ കൈവിടാതെ അഭ്യസിപ്പിക്കുന്നത് സംഗീത രംഗത്തും ചെറുകഥാ രംഗത്തും ശ്രദ്ധേയനായ രാജേഷ് പയ്യാടക്കത്താണ് . കോൽക്കളി രംഗത്ത് അറിയപ്പെടുന്ന കലാകരനായിരുന്ന തന്റെ പിതാവ് തളിയിൽ കരുണാകര പൊതുവാളിൽ നിന്ന് പകർന്ന് കിട്ടിയ കലയെ പാരമ്പര്യ തനിമ കൈവിടാതെയാണ് രാജേഷ് തന്റെ ശിഷ്യർക്ക് പകർന്ന് നൽകുന്നത്. കോൽക്കളിയിലെ 18 കളികളും പതിനെട്ട് പാട്ടുകളിലൂടെ താളം പകർന്നാണ് കളി.
കോൽക്കളിയിൽ ആദ്യം വന്ദനം കളിയാണ് അത് കഴിഞ്ഞാൽ മറ്റ് സമ്പ്രദായങ്ങളിലുള്ള കളികൾ കളിക്കും . ഇരുന്നുകളി, തടുത്തുകളി, തെറ്റിക്കോൽ , ചുറ്റിക്കോൽ . താളക്കളി , ചവിട്ടി ചുറ്റൽ, ചെറഞ്ഞ് ചുറ്റൽ, ചീന്ത് , ഒരു മണി മുത്ത് ഓളവും പുറവും തുടങ്ങി 60 ഓളം കളികൾ കോൽക്കളിയിൽ ഉണ്ട് . ഒരോ കളിക്കും പ്രത്യേക പാട്ടുകളാണ് ഉള്ളത്. ഭക്തിരസ പ്രാധാനമായ കഥകളോ , പ്രാദേശിക ദേവൻമാരെ സ്തുതിക്കുന്ന പാട്ടുകളുമാണ് പാടുന്നത്. നടുക്ക് നിലവിളക്ക് കത്തിച്ച് വെച്ച് എട്ടോ പത്തോ ജോഡി യുവാക്കൾ പ്രത്യേക വേഷവിധാനത്തോടെ ചിലങ്കയിട്ടതോ അല്ലാത്ത തോ ആയ കാരക്കോലുകൾ കൊണ്ട് വട്ടത്തിൽ ചുവട് വെച്ച് താളത്തിൽ കൊട്ടി കളിക്കുന്നു. കളി പുരോഗമിക്കുന്നതിനനുസരിച്ച് കളിക്കാരുടെ വൃത്തം വലുതാകുകയും ചെറുതാക്കുകയും ചെയ്യുന്നു.
കോൽക്കളിയിലെ പല വടിവുകളും ചുവടുകളും പദവിന്യാസവും കളരി പയറ്റിൽ നിന്നും കടം കൊണ്ടതാണ്. അഭ്യാസവും മെയ് വണക്കവും മനസ്സിണക്കവും ഒന്നിക്കുന്ന ഒരു മെന്റൽ തെറാപ്പിയാണ് കോൽക്കളി . മനസ്സ് എത്തുന്നേടത്ത് കണ്ണും കണ്ണ് എത്തുന്നേടത്ത് മനസ്സു മെത്തേണ്ട മാന്ത്രീകകളിയാണിത്.
പൊൻമാലം കോൽക്കളി കളരിയിൽ നടന്ന ചടങ്ങിൽ നാടക സിനിമാ രംഗത്ത് ശ്രദ്ധേയനായ കലാകാരനും അദ്യാപകനുമായ ഉദിനൂർ കണ്ണൻ മാഷാണ് നിലവിളക്ക് കൊളുത്തി കോൽക്കളി കളരിക്ക് ഊർജമേകിയത്.
ദൃശ്യ ശ്രാവ്യ സങ്കേതങ്ങളെ ചാരുതയോടെ സമുനയിപ്പിക്കുന്ന കലാ ശിൽപമായ കോൽക്കളിയെ അതിന്റെ പാരമ്പര്യ തനിമയോടെ സംരംക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ അതിഅനിവാര്യതയാണ്.