
ലൈബ്രറി കൗൺസിൽ വായനാപക്ഷാചരണം: ഉദ്ഘാടനം പരപ്പയിൽ
ലൈബ്രറി കൗൺസിൽ
വായനാപക്ഷാചരണം:
ഉദ്ഘാടനം പരപ്പയിൽ
കാഞ്ഞങ്ങാട്: ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണം പി എൻ പണിക്കർ ചരമദിനമായ ജൂൺ 19 മുതൽ ഐ വി ദാസിൻ്റെ ജൻമദിനമായ ജൂലൈ 7 വരെ വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു.
വായനാ പക്ഷാചരണത്തിൻ്റെ ജില്ലാതല ഉദ്ഘാടനം 19 ന് പരപ്പ നേതാജി വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ സഹകരണത്തോടെ പരപ്പ ഗവ.ഹയർ സെക്കൻ്ററി സ്കൂളിൽ നടക്കും. അന്നേ ദിവസം മുഴുവൻ ഗ്രന്ഥശാലകളിലും പി എൻ പണിക്കർ അനുസ്മരണം നടക്കുന്നതാണ്.
ജൂൺ 20, 21 തീയതികളിൽ ഗ്രന്ഥശാലകൾ സമീപത്തെ സ്കൂളുമായി സഹകരിച്ച് ഈ വർഷത്തെ പുസ്തകോത്സവത്തിൽ നിന്നും വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദർശനം നടത്തും. ചടങ്ങിൽ വെച്ച് ഇത്തവണത്തെ വായനാ മത്സരങ്ങളുടെ അറിയിപ്പ് നൽകുന്നതാണ്.22 ന് ജി ശങ്കരപ്പിള്ള അനുസ്മരണമാണ്. 23 ന് ജൂൺ 29ന് നടക്കുന്ന വായനാക്കുറിപ്പ് മത്സരത്തിൻ്റെ അറിയിപ്പ് നവ മാധ്യമങ്ങളിലൂടെ കൈമാറും.15 വയസ്സു വരെ, 25 വയസ്സു വരെ, അതിനു മുകളിൽ എന്നീ മൂന്ന് വിഭാഗങ്ങളിലായി പക്ഷാചരണക്കാലത്ത് വായിച്ച പുസ്തകങ്ങളെ ആസ്പദമാക്കിയാണ് വായനാക്കുറിപ്പെഴുതേണ്ടത്. 26 ന് ഗ്രന്ഥശാലകളിൽ ലഹരി വിരുദ്ധ സദസ്സ്.27, 28 തീയതികളിൽ ലൈബ്രറി കൗൺസിൽ മുഖമാസികയായ ഗ്രന്ഥാലോകം വരിക്കാരെ കണ്ടെത്തുന്നതിനുള്ള ക്യാമ്പയിൻ.29 ന് വായനാക്കുറിപ്പ് തയാറാക്കൽ.30 ന് ഇടപ്പള്ളി രാഘവൻപിള്ള ദിനവും സോഷ്യൽ മീഡിയ ദിനവും. പ്രസ്തുത ദിവസം മികച്ച വായനാക്കുറിപ്പുകൾ തെരഞ്ഞെടുക്കും. ജൂലൈ 1ന് പി കേശവദേവ് ,പൊൻകുന്നം വർക്കി, എൻ പി മുഹമ്മദ് അനുസ്മരണങ്ങൾ സംഘടിപ്പിക്കും. രണ്ടിന് മുഴുവൻ ഗ്രന്ഥശാലാ ബാലവേദികളിലും മെൻ്റർ മാരുടെ നേതൃത്വത്തിൽ കുട്ടികളുടെ ഒത്തുചേരൽ .മൂന്നിന് മലബാർ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ ആദ്യകാല നേതാക്കളിലൊരാളായ കെ ദാമോദരനെ മുഴുവൻ ഗ്രന്ഥശാലകളിലും അനുസ്മരിക്കും. നാലിന് കഥാപ്രസംഗ കുലപതി വി സാംബശിവൻ അനുസ്മരണം. അഞ്ചിന് വൈക്കം മുഹമ്മദ് ബഷീർ ,തിരുനെല്ലൂർ കരുണാകരൻ എന്നിവരെ അനുസ്മരിക്കുന്നതാണ്. ആറിന് സമീപത്തെ വിദ്യാലയങ്ങളിലെ മദർ പി ടി എ കളുമായി സഹകരിച്ച് വായന പ്രോത്സാഹിപ്പിക്കുന്നതിനുള്ള അമ്മ വായന പദ്ധതിക്ക് തുടക്കം കുറിക്കും .ജൂലൈ ഏഴിന് പക്ഷാചരണത്തിന് സമാപനം കുറിച്ച് ജനകീയ ഗ്രന്ഥശാലാ പ്രസ്ഥാനത്തിൻ്റെ പ്രഥമ സെക്രട്ടറി ഐ വി ദാസിനെ മുഴുവൻ ഗ്രന്ഥശാലകളിലും അനുസ്മരിക്കും. വായനാ ക്കുറിപ്പ് മത്സര വിജയികൾക്ക് സമ്മാനദാനവും നടക്കുന്നതാണ്. പക്ഷാചരണത്തിൻ്റെ സമാപനം ജില്ല, താലൂക്ക് തലങ്ങളിൽ സംഘടിപ്പിക്കും. പക്ഷാചരണ പരിപാടികൾ വിജയിപ്പിക്കാൻ മുഴുവൻ ഗ്രന്ഥശാലാ പ്രവർത്തകരും രംഗത്തിറങ്ങണമെന്ന് ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ വി കുഞ്ഞിരാമനും സെക്രട്ടറി ഡോ.പി പ്രഭാകരനും അഭ്യർത്ഥിച്ചു.