
ലോകകേൾവി ദിനം ആചരിച്ചു.
ലോകകേൾവി ദിനം ആചരിച്ചു.
കാഞ്ഞങ്ങാട്: ജില്ലാ മെഡിക്കൽ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ ആഭിമുഖ്യത്തിൽ ലോക കേൾവി ദിനം ആചരിച്ചു. കാഞ്ഞങ്ങാട് ദേശീയ ആരോഗ്യ ദൗത്യം കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. എ വി രാംദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജീജ ടി.പി അധ്യക്ഷയായിരുന്നു.
കേൾവി ദിന ചരണത്തിന്റെ ഭാഗമായി നടന്ന പരിശീലന പരിപാടിക്ക് എൻ പി പി സി ഡി നോഡൽ ഓഫിസർ ഡോ. നിത്യാനന്ദ ബാബു നേതൃത്വം നൽകി. ജില്ലയിലെ പബ്ലിക് ഹെൽത്ത് നേഴ്സുമാർക്കും ആർ ബി എസ് കെ നേഴ്സുമാർക്കുമാണ് പരിശീലനം നൽകിയത്. “മനോഭാവം മാറ്റാം.. എല്ലാവർക്കും കേൾവിയുടെയും ചെവിയുടെയും പരിരക്ഷ ഉറപ്പുവരുത്താം.. എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ”
ദേശിയ ബധിരത നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ഈ മേഖലയിൽ വിവിധ തരത്തിലുള്ള ഇടപെടലുകളാണ് നടത്തി വരുന്നത്. കേൾവി സംബന്ധമായ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരെ കണ്ടെത്തുകയും അവരെ പുനരധിവസിപ്പിക്കുകയുമാണ് ഇതിൻ്റെ പ്രധാന ലക്ഷ്യം.കൂടാതെ കുട്ടികളിലും മുതിർന്നവരിലും ഉണ്ടാകുന്ന കേൾവിക്കുറവിനെയും ചെവിക്കുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചും ബോധവത്കരണം നടത്തി ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു.ജില്ലയിൽ ഇതിനായി ജനറൽ ആശുപത്രി കാസർഗോഡ്, ജില്ലാ ആശുപത്രി കാഞ്ഞങ്ങാട്, താലൂക്ക് ആശുപത്രി തൃക്കരിപ്പൂർ എന്നിവിടങ്ങളിൽ ഓഡിയോളജി സെൻററുകൾ പ്രവർത്തിക്കുന്നു. ഇവിടെ ഈ എൻ ടി സ്പെഷ്യലിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഓഡിയോ മെട്രിക് അസിസ്റ്റൻറ്, എന്നിവരുടെ സേവനവും ലഭ്യമാണ്.
കാഞ്ഞങ്ങാട് വെച്ച് നടന്ന ചടങ്ങിൽ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സച്ചിൻ സെൽവ്, ഡി പി എച്ച് എൻ ഗീത എം, എന്നിവർ സംസാരിച്ചു.ജില്ലാ എജുക്കേഷൻ &മീഡിയ ഓഫീസർ ശ്രീ. അബ്ദുൽ ലത്തീഫ് മഠത്തിൽ സ്വാഗതവും ജില്ലാ ഡെപ്യൂട്ടി എജുക്കേഷൻ& മീഡിയ ഓഫീസർ ശ്രീ. കൃഷ്ണദാസ് നന്ദിയും പറഞ്ഞു.
സംസ്ഥാനതലത്തിൽ ലോക കേൾവി ദിനാചരണത്തോടനുബന്ധിച്ച് മാർച്ച് 3 മുതൽ ബോധവൽക്കരണ ക്യാമ്പയിൻ ആരംഭിച്ചിരിക്കുകയാണ്. പ്രൈമറി തലം വരെയുള്ള കുട്ടികളിൽ ഉണ്ടാകുന്ന കേൾവി കുറവിനെയും ചെവിക്കുണ്ടാവുന്ന ആരോഗ്യപ്രശ്നങ്ങളെ കുറിച്ചുമുള്ള ബോധവൽക്കരണ ക്യാമ്പയിനാണ് തീരുമാനിച്ചിരിക്കുന്നത്. ജില്ലയിൽ അരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പ്, ഐ സി ഡി എസ് എന്നീ വകുപ്പുകളുമായി ചേർന്നുകൊണ്ട് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. എ വി രാംദാസ് അറിയിച്ചു